23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 12, 2026
January 11, 2026
January 11, 2026

സിപിഐ മുഖപത്രമായ ന്യൂഎജിലെ ജീവനക്കാരൻ ആര്‍ ജനാർദ്ദനൻ അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2025 11:26 am

സിപിഐ മുഖപത്രമായ ന്യൂഎജ് ജീവനക്കാരനും അജോയ്ഭവനിലെ മുതിര്‍ന്ന സഖാവുമായിരുന്ന ആര്‍ ജനാർദ്ദനൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കൊല്ലം കുന്നത്തൂര്‍ വെസ്റ്റ് സ്വദേശിയായ ജനാര്‍ദനന്‍ ദീര്‍ഘവര്‍ഷങ്ങളായി അജോയ് ഭവനില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ന്യൂഏജിന്റെ രൂപകല്പനയും സാങ്കേതിക കാര്യങ്ങളും നിര്‍വഹിച്ചുവന്നിരുന്നത് അദ്ദേഹമായിരുന്നു. ജി ബി പന്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാര്‍ട്ടി ആസ്ഥാനായ അജോയ്ഭവനില്‍ എത്തിച്ച് സഖാക്കളും നേതാക്കളും അന്ത്യാദരം അര്‍പ്പിച്ചു.

സിപിഐ കേന്ദ്ര നേതാക്കളായ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു. കൊല്ലം കുന്നത്തൂര്‍ വെസ്റ്റ് സ്വദേശിയായ ജനാര്‍ദനന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ നിന്നും നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്.
പീപ്പിള്‍ പബ്ലിഷിംങ്ങ് ഹൗസ് ജീവനക്കാരിയായ ഇന്ദിരയാണ് ഭാര്യ. രണ്ട് പെണ്‍മക്കളാണുള്ളത്.

 

ബിനോയ് വിശ്വം അനുശോചിച്ചു

ജനാര്‍ദനന്റെ വേര്‍പാട് പറഞ്ഞറിയിക്കാനാകാത്ത ദുഃഖമുളവാക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദശാബ്ദങ്ങളായി ന്യൂഏജുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. ന്യൂഏജിന്റെ രൂപകല്പനയിലും സാങ്കേതിക പ്രവര്‍ത്തനങ്ങളിലുമെല്ലാം അദ്ദേഹം ചെയ്ത സേവനങ്ങള്‍ അത്ര വലുതായിരുന്നു. തുച്ചമായ വേതനം കൈപ്പറ്റി പരാതികളോ പരിഭവങ്ങളോ പറയാതെ ഉത്തമനായൊരു കമ്മ്യൂണിസ്റ്റിന്റെ ഉയര്‍ന്ന ബോധം കാണിച്ചുകൊണ്ട് പാര്‍ട്ടി മുഖപത്രത്തിന്റെ ഭാഗമായി ജീവിച്ച സഖാവിന്റെ വേര്‍പാട് ന്യൂ ഏജിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നികത്താകാത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര, പീപ്പിള്‍സ് പബ്ലിഷിങ് ഹൗസിലെ ജീവനക്കാരിയാണ്. ഇരുവരും അജോയ്ഭവനിലെ ഒറ്റമുറിയില്‍, പാര്‍ട്ടി സഖാക്കളുടെ ഉന്നത ബോധം കാണിച്ചുകൊണ്ട് എല്ലാ സഖാക്കളോടും നിറഞ്ഞ സൗഹാര്‍ദവും സ്നേഹവും പങ്കിട്ടുകൊണ്ടും ജീവിച്ചകാലം ആരും മറക്കില്ല. ആ സഖാവാണ് ഓര്‍ക്കാപുറത്ത് വിടപറഞ്ഞിരിക്കുന്നത്. ഈ വേര്‍പാടില്‍ ദുഃഖിക്കുന്ന ന്യൂഏജിലെ സഹപ്രവര്‍ത്തകരുണ്ട്. അജോയ്ഭവനിലെ സഖാക്കളുണ്ട്. ഡല്‍ഹിയിലും പരിസരത്തുമുള്ള പാര്‍ട്ടി സഖാക്കളും അനുഭാവികളുമുണ്ട്.

ദീര്‍ഘമായ ജീവിതകാലത്ത് ഡല്‍ഹിയില്‍ അദ്ദേഹം ഉണ്ടാക്കിയെടുത്ത സൗഹാർദ്ദ ബന്ധങ്ങളുണ്ട്. അതുകൊണ്ട് മലയാളി സമൂഹത്തിന് ഡല്‍ഹിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ, അജോയ്ഭവനിലെ അറ്റവുമടുത്ത സുഹൃത്തായി കണ്ണിയായി നിലക്കൊണ്ട നേതാവാണ് അദ്ദേഹം. പാര്‍ട്ടിയും പ്രസ്ഥാനവും ഒരിക്കലും ജനാര്‍ദനനെ മറക്കില്ല. ഇന്ദിരയുടെ കൂടെ ഞങ്ങള്‍ എല്ലാവരും സഖാക്കളായി, സഹോദരങ്ങളായി ഉണ്ടായിരിക്കുമെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.