19 January 2026, Monday

Related news

January 16, 2026
January 16, 2026
January 15, 2026
January 10, 2026
January 5, 2026
December 30, 2025
December 25, 2025
December 23, 2025
December 21, 2025
December 20, 2025

ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

Janayugom Webdesk
കൊല്ലം
December 23, 2025 10:16 pm

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ആദ്യ ടേമിൽ സിപിഐ പ്രതിനിധിയായി ഡോ. ആർ ലതാദേവി സ്ഥാനമേല്‍ക്കും. കൊല്ലം എംഎൻ സ്മാരകത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവർ പങ്കെടുത്ത യോഗ തീരുമാനം ജില്ലാ സെക്രട്ടറി പി എസ് സുപാലാണ് അറിയിച്ചത്.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ലതാദേവി, സ്ത്രീപക്ഷ നിലപാടുകളിലൂടെയും സജീവമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയും ശ്രദ്ധേയയായ നേതാവാണ്. മുൻ നിയമസഭാംഗം കൂടിയായ ലതാദേവി ചടയമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 5,133 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. 

കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ സി എൻ രാഘവൻ പിള്ളയുടേയും സി ദേവകിയമ്മയുടേയും മകളായി ജനിച്ച ലതാദേവി വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വിദ്യാർത്ഥിനി വേദി സംസ്ഥാന കൺവീനർ (എഐഎസ്എഫ്), എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി, യുവതി വിഭാഗം സംസ്ഥാന കൺവീനർ എന്നീ നിലയിൽ പ്രവർത്തിച്ചു. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ എഐവൈഎഫ് യുവതി വിഭാഗം നേതാവായ ലതാദേവിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനും, യുവജനങ്ങളുടെ തൊഴിലിനു വേണ്ടിയും നടത്തിയ കാൽനട ജാഥ കേരളമാകെ ജനശ്രദ്ധ നേടിയതായിരുന്നു. കോളജ് അധ്യാപക സംഘടന പ്രസിഡന്റ്, കേരളസർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലാണ് ഭര്‍ത്താവ്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചടയമംഗലത്ത് നിന്ന് വിജയിച്ചു. സ്ത്രീ സുരക്ഷ, തുല്യനീതി തുടങ്ങിയ വിഷയങ്ങളിൽ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ നിലപാടുകൾ സ്വീകരിച്ച നേതാവാണ്. നിലവിൽ കേരള മഹിളാ സംഘത്തിന്റെ (എന്‍എഫ്ഐഡബ്ല്യു) സംസ്ഥാന, ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.