1 April 2025, Tuesday
KSFE Galaxy Chits Banner 2

റാഗിങ് ലഹരി

വർഗീസ് ടി നൈനാൻ
February 23, 2025 7:45 am

കിനാവുകളായിരം ഹൃത്തിലൊതുക്കി
അമ്മ പഠിക്കണം വളരണം
എന്നെയൊരുന്നതനാക്കണം
പട്ടിണി മാറണം പുരയൊന്നു-
പണിയണം അച്ഛനു താങ്ങാകണം
പഠനത്തിനായി പടിയിറങ്ങവെ
അച്ഛന്റെ കണ്ണിലെ പ്രത്യാശയും
അമ്മയുടെ വാത്സല്യകണ്ണീരും
കണ്ടുഞാനുറച്ചു നേടണം വിദ്യയും
കുടുംബം പോറ്റാനൊരു ജോലിയും
കലാലയത്തിലെത്തി തൊഴുതു-
വണങ്ങി ദൈവങ്ങളെ
അച്ഛനമ്മമാരെ പഠനമതു തുടങ്ങി
സന്ധ്യാനേരം വാതിലിൽ
തട്ടിവിളിച്ചെന്നെ ചേട്ടന്മാർ
റാഗിങ്ങിനായി കൊണ്ടുപോയി
ലഹരി നുണഞ്ഞുന്മത്തരായവർ
പുകയൊന്നു വലിക്കാനെന്നോടു
ചൊല്ലി തിരസ്കരിച്ചു ഞാനാ ലഹരി
ബലത്താൽ വച്ചെന്നുടെ
ചുണ്ടിലാലഹരിച്ചുരുളുകൾ
കണ്ണു നിറഞ്ഞു കലങ്ങി
ഞാനലറികരഞ്ഞു
അട്ടഹസിച്ചു ചിരിച്ചു നരാധമന്മാർ
സഹിച്ചു ഞാൻ അമ്മയറിഞ്ഞാലോ
കണ്ണു കടലാകും വളർത്തിയൊരച്ഛന്റെ മിഴികളടയും
എന്റെ ദുഃഖഭാരങ്ങൾ ആരോടൊന്നു ചൊല്ലാൻ
ആഗതരായി ചേട്ടന്മാർ പിന്നെയും
സ്നേഹത്തോടെ ആദരിച്ചിരുത്തി
ഇരുമ്പാണിമേലേ
അലറിവിളിച്ചയെൻ പൃഷ്ഠത്തിൽ
മുളകുപൊടി വിതറിയവരട്ടഹസിച്ചു
കോമ്പസിനാൽ കുത്തിക്കീറിയെൻമേനി
നീറുന്ന ലായനിയതിലൊഴിച്ചാർത്തു
ചിരിച്ചു കലികാലവിത്തുകൾ
ഡമ്പിളുകളെൻ സ്വകാര്യഭാഗത്തു
തൂക്കിയവരലറിച്ചിരിക്കുന്നു.
സാക്ഷരകേരളമോ
അതോ ലഹരിതൻ നിരക്ഷരതയൊ
പറയൂ രാക്ഷസക്കൂട്ടങ്ങളെ
നൊമ്പരത്താൽ പുളഞ്ഞു ചൊല്ലി
ചേട്ടന്മാരെ ഞാനും നിങ്ങൾതൻ
അനുജനല്ലേ…
നിങ്ങൾ മറന്നോ എല്ലാ ഭാരതീയരും
സഹോദരന്മാരെന്ന പ്രതിജ്ഞകൾ
ലഹരിതൻ നിറവിൽ തകർത്തു
നിങ്ങളെന്നമ്മയുടെ മോഹങ്ങളും
വളർത്തിയൊരച്ഛന്റെ ആശകളും
മനുഷ്യത്വമില്ലാത്ത കഠിനഹൃദയങ്ങളെ
മാപ്പില്ല നിങ്ങൾക്കൊരിക്കലും
പേ പിടിച്ച പേപ്പട്ടിക്കൂട്ടങ്ങളേ
ദൈവത്തിൻ നാടിനെ സാത്താന്റെ
വീടാക്കിയ പിതൃശൂന്യൻമാരെ
ഒന്നുമറിയാത്തതുപോലെ
നടിക്കുന്നധികാരകേന്ദ്രങ്ങൾ
നിരത്തുന്നവ്യക്തമാം ന്യായങ്ങൾ
“കേരളമൊരുഭ്രാന്താലയ“മെന്നോതിയ
സ്വാമി വിവേകാനന്ദന്റെ മൊഴികളിന്നു
സത്യമായി തിളങ്ങീടുന്നു

TOP NEWS

April 1, 2025
March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.