പ്രതിരോധ വാക്സിൻ എടുക്കുന്നതിനിടെ വെറ്ററിനറി ഡോക്ടറെ ഉൾപ്പെടെ മൂന്നു പേരെ കടിച്ച വളർത്തു നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ജെയ്സൻ ജോർജ്, നായുടെ ഉടമ തൊടുപുഴ സ്വദേശി യൂജിനും ഭാര്യയ്ക്കുമാണ് നായുടെ കടിയേറ്റത്. തുടർന്ന് മൂന്നു പേരും രണ്ടു ഡോസ് പ്രതിരോധ വാക്സിൻ എടുത്തു. യൂജിനും ഭാര്യയും ഇമ്യൂണോഗ്ലോബിൻ സിറം കുത്തിവയ്പും എടുത്തിരുന്നു. കഴിഞ്ഞ 15ന് തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിലായിരുന്നു സംഭവം. ലാബ്രഡോർ ഇനത്തിൽപ്പെട്ട മൂന്നര വയസു പ്രായമുള്ള വളർത്തുനായാണ് വാക്സിനെടുക്കാനെത്തിച്ചപ്പോൾ അക്രമാസക്തമായത്.
കൂട്ടിൽ നിരീക്ഷണത്തിലായിരുന്ന നായ ഞായറാഴ്ചയോടെ ചത്തിരുന്നു. തുടർന്ന് നായയുടെ ജഡം മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ എഡിഡിഎൽ ലാബിൽ എത്തിച്ച നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരിക്കുകയും ശരീരം തളർന്നു പോകുകയും ചെയ്യുന്നുവെന്നു പറഞ്ഞാണ് ഉടമ യൂജിൻ നായയെ ആശുപത്രിയിലെത്തിച്ചത്. നായ കടിക്കാറില്ലാത്തതിനാൽ വായ കെട്ടാതെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറിനു കടിയേറ്റത്. ഉടൻ തന്നെ യൂജിൻ നായയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയും പിന്നീട് കൂട്ടിലടച്ചു വായ കെട്ടാൻ ശ്രമിക്കുന്നതിനിടെയും നായ ഇദ്ദേഹത്തെയും മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു. നായയ്ക്ക് ഇതുവരെ പേ വിഷ പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. വീട്ടിലെ കൂട്ടിൽ പത്തു ദിവസം നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് നായ ചത്തത്.
English Summary: Rabies confirmed in a pet dog bitten doctor
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.