22 December 2024, Sunday
KSFE Galaxy Chits Banner 2

വനിതാ ഹോക്കി ടീമിനെതിരെ ജാതീയ അധിക്ഷേപം

പ്രൊഫ. കെ അരവിന്ദാക്ഷൻ
August 25, 2021 4:46 am

ടോക്യോ ഒളിമ്പിക്സിന് തിരശീല വീണിരിക്കുന്നു. മെഡല്‍നിലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ അമേരിക്കയ്ക്കും ചെെനയ്ക്കും മൂന്നാം സ്ഥാനം ആതിഥേയരായ ജപ്പാനുമാണ്. ഇന്ത്യയുടെ സ്ഥാനം 48ഉം ആണ്. ഇതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. എന്നാല്‍, നമ്മെ ഒരു ജനാധിപത്യ, മതനിരപേക്ഷ, ജാതിചിന്ത മുക്ത രാഷ്ട്രമെന്ന നിലയില്‍ നിരീക്ഷിക്കുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ പ്രശ്നം മറ്റൊന്നാണ്. കളിക്കളത്തിലിറങ്ങുന്ന ഏത് ടീം ആയാലും അതു ദേശീയമോ, പ്രാദേശികമോ ആയ തലത്തിലായാലും അതില്‍ പങ്കെടുക്കുന്നവരിലൂടെ പ്രതിഫലിക്കപ്പെടുക, ബന്ധപ്പെട്ടവരുടെ ജാതി, സംസ്കാരം, രാഷ്ട്രീയവിശ്വാസം, മതവിശ്വാസം തുടങ്ങിയ വെെവിധ്യങ്ങളായിരിക്കുകയും ചെയ്യും. കാരണം ഇന്ത്യ എന്ന രാഷ്ട്രം അറിയപ്പെടുന്നതുതന്നെ ‘നാനാത്വത്തില്‍ ഏകത്വം’ പ്രതിഫലിപ്പിക്കുന്ന ഒരു ഇടമായിട്ടുമാണല്ലോ. അതുകൊണ്ടുതന്നെ സാര്‍വദേശീയതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന കായിക മാമാങ്കങ്ങളില്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്ന ഒളിമ്പിക്സ് മത്സരങ്ങളിലായാലും ഇതുതന്നെയായിരിക്കും സ്ഥിതി.

എന്നാല്‍, ഇക്കുറി ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പരാജയത്തെത്തുടര്‍ന്ന് ഏതാനും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുകേട്ട അഭിപ്രായപ്രകടനങ്ങള്‍ ഒരു പരിഷ്കൃത, ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒട്ടുംതന്നെ അഭിമാനകരമല്ലെന്നു മാത്രമല്ല, തീര്‍ത്തും അപലപനീയം കൂടിയാണെന്നു പറയേണ്ടിവരുന്നു. ദീര്‍ഘകാലത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യയുടെ അഭിമാനമെന്ന് പുകഴ്ത്തപ്പെട്ടിരുന്നതും ധ്യാന്‍ ചന്ദിനെ പോലുള്ളവരുടെ പാരമ്പര്യമുള്ള പ്രമുഖരുടെ പിന്‍മുറക്കാരെന്ന സ്ഥാനം തിരികെപ്പിടിക്കാന്‍ കഠിനാധ്വാനം ചെയ്തുവന്നിരുന്നവര്‍ അടങ്ങുന്ന പുരുഷ‑വനിതാ ഹോക്കി ടീമുകള്‍ വലിയൊരളവോളം നമുക്ക് അഭിമാനത്തിന് വക നല്കിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാകുന്നതും. അതേസമയം, അധമചിന്ത മാത്രം കെെമുതലാക്കി നടക്കുന്ന ഏതാനും ചിലര്‍ക്ക് ഇതൊന്നും ബാധകം തന്നെയല്ല.

ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിഫെെനല്‍ മത്സരത്തില്‍ അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ട ഉടന്‍തന്നെ, ടീം അംഗമെന്ന നിലയില്‍ നല്ല പ്രകടനം കാഴ്ചവച്ചിരുന്ന വന്ദന കടാറിയക്കെതിരെ അവരുടെ വീടിന് സമീപം ജാതി അധിക്ഷേപം നിറഞ്ഞ വാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് സംഘടിപ്പിക്കപ്പെട്ട ‘ആഘോഷം’ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഹരിദ്വാറിലെ റോഷാനാബാദ് പ്രദേശത്തുള്ള വന്ദനയുടെ വസതിക്കു സമീപമാണ് ഈ തരംതാണ പരിപാടി നടന്നത്. ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇതിനെതിരായി തന്റെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുക മാത്രമല്ല, ഒളിമ്പിക്സ് മത്സരത്തില്‍ വന്ദന നാലു ഗോളുകള്‍ സ്കോര്‍ ചെയ്ത നേട്ടവും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. വന്ദന സ്കോര്‍ ചെയ്ത നാലു ഗോളുകളില്‍, ഒളിമ്പിക്സ് വനിതാ ഹോക്കിയുടെ ചരിത്രത്തില്‍ ആദ്യത്തെ ഹാട്രിക്കും ഉള്‍പ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഈ നേട്ടമാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. ഇതൊന്നും ജാതിവെറിയന്മാര്‍ക്ക് പ്രശ്നമായിരുന്നില്ല.

1928ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സിലായിരുന്നു ഇന്ത്യന്‍ ഹോക്കിയുടെ സാന്നിധ്യം മാലോകര്‍ അറിയുന്നത്. ‘ഹോക്കിയിലെ മാന്ത്രികന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധ്യാന്‍ചന്ദിനായിരുന്നു അഭിനന്ദനങ്ങള്‍ ഏറെയും ചൊരിയപ്പെട്ടത്. ടീമിന്റെ ക്യാപ്റ്റന്റെ പേര് ഔദ്യോഗിക രേഖകളില്‍ ജയ്‌പാല്‍ സിങ് എന്നാണെങ്കിലും പൂര്‍ണമായ പേര് ജയ്‌പാല്‍ സിങ് മുണ്ട എന്നായിരുന്നു. ഈ ജയ്‌പാല്‍ സിങ് മുണ്ട എന്ന പേരുള്ള കളിക്കാരന്‍ ഝാര്‍ഖണ്ഡിലെ ഒരു പരമദരിദ്ര ആദിവാസി കുടുംബാംഗമായിരുന്നു. അതേ അവസരത്തില്‍ ഏറ്റവുമധികം ഗോളുകളടിച്ച് ടീമിന്റെ വിജയം ഉറപ്പിച്ച ധ്യാന്‍ചന്ദിന് ലഭിച്ചത് ഏറെ വെെകിയാണെങ്കിലും അര്‍ഹമായ അംഗീകാരമായിരുന്നു, രാജീവ് ഗാന്ധിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഗാന്ധി ഖേല്‍‍ രത്ന അവാര്‍ഡ് എന്നതിലും തര്‍ക്കമില്ല. എന്നാല്‍, ഇപ്പോള്‍ ഈ പേര് മാറ്റി ധ്യാന്‍ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്നാക്കിയതിന്റെ പിന്നിലുള്ള യുക്തിയും അജണ്ടയുമാണ് ഈ അവാര്‍ഡിന്റെ തിളക്കംതന്നെ കെടുത്തിക്കളഞ്ഞിരിക്കുന്നത് എന്ന് പറയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. സംഘപരിവാര്‍ വൃന്ദത്തിന് ഇതില്‍ ആഹ്ലാദത്തിന് വകയുണ്ടായിരിക്കാം എന്നത് വേറെ കാര്യം. നിലവിലുള്ള ഇന്ത്യന്‍ വനിതാ-പുരുഷ ഹോക്കി ടീമുകളില്‍ ഉന്നതകുല ജാതരല്ലാത്തവര്‍ അവരുടെ സാന്നിധ്യം തെളിയിച്ചിട്ടുള്ളതായും കാണാനാകും.

ഇന്ത്യയുടെ ആദ്യത്തെ ഹോക്കി ടീമില്‍ എട്ട് ആംഗ്ലോ ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ ഗോള്‍കീപ്പറായ റിച്ചാര്‍ഡ് അല്ലന്‍ ജനിച്ചത് നാഗ്പൂരിലാണെങ്കിലും പഠനം നടത്തിയത് മുസോറിയിലെ ഓക്ക്ഗ്രോവിലും നെെനിറ്റാളിലെ സെന്റ് ജോസഫ്‌സിലുമായിരുന്നു. അമേരിക്കയുമായുള്ള മത്സരത്തില്‍ ഇന്ത്യ 24നെതിരെ ഒരു ഗോളിനാണ് അന്നത്തെ ഉജ്ജ്വല വിജയം നേടിയത്. മറ്റു രണ്ട് കളിക്കാരില്‍ രണ്ടുപേര്‍ മുസ്‌ലിങ്ങളും മറ്റൊരാള്‍ യുവ സിഖുകാരനായ ചരിത്രപുരുഷന്‍ ധ്യാന്‍ചന്ദും ആയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുസ്‌ലിം സമുദായത്തില്‍പ്പെട്ട കളിക്കാരുടെ എണ്ണം വര്‍ധിച്ചുതന്നെ വരികയായിരുന്നു. ഇക്കാരണത്താലാണ് 1947ലെ ഇന്ത്യ‑പാക്ക് വിഭജനത്തിനു ശേഷം ഇന്ത്യന്‍ ഹോക്കിക്ക് കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടിവന്നത്. 1960ലെ റോം ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ നഷ്ടമായതിന്റെ പശ്ചാത്തലം ഇതാണ്. മാത്രമല്ല, 1970കള്‍ വരെ ഇന്ത്യന്‍ ഹോക്കി ടീമില്‍ അധികമായി മുസ്‌ലിം പങ്കാളിത്തവുമുണ്ടായില്ല. 1968ലെ മെക്സിക്കൊ ഒളിമ്പിക്സില്‍ അംഗമായിരുന്ന മിടുക്കനായ ഭോപ്പാല്‍കാരന്‍ ഇനാമുര്‍ റഹ്മാനെ പാകിസ്ഥാനെതിരായ മത്സരത്തില്‍ വിശ്വാസത്തിലെടുക്കാന്‍ പലരും വിസമ്മതിച്ച കുപ്രസിദ്ധമായൊരു അനുഭവം കൂടി ഉണ്ടായതായി ഹോക്കിയുടെ ചരിത്രമറിയാമായിരുന്നവര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. നരേന്ദ്രമോഡി-അമിത്ഷാ സഖ്യത്തിന്റെയും സംഘപരിവാറിന്റെയും മുന്‍ഗാമികളും വഴികാട്ടികളായി അന്നും ഉണ്ടായിരുന്നു വിഭാഗീയതയുടെ പ്രചാരകരായി എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യന്‍ ഹോക്കി ടീമില്‍ വിളങ്ങുന്ന താരങ്ങളായി നിരവധി മുസ്‌ലിങ്ങള്‍ ഉണ്ടായിരുന്നു. ഇവരില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നവര്‍ മൊഹമ്മദ് ഷഹീദ്, സഫര്‍ ഇക്ബാല്‍ ക്യാപ്റ്റന്മാരായിരുന്ന സുവര്‍ണ കാലഘട്ടവുമായി ബന്ധപ്പെട്ടാണ്. ഇവരേക്കാളേറെ ഒരു ‘ട്രെന്‍ഡ്-സെറ്റര്‍’ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി അസ്‌ലം ഷേര്‍ഖാന്‍ തന്നെയാണ്. 1975ലെ ക്വാലാലംപൂര്‍ ലോകകപ്പില്‍ ഇന്ത്യയുടെ വിജയം മാത്രം പരിശോധിച്ചാല്‍ ഈ നിഗമനം ശരിയാണെന്നു ബോധ്യമാകും. മലേഷ്യക്കെതിരായ സെമിഫെെനല്‍ കളിയായിരുന്നു ഷേര്‍ഖാന്റെ കഴിവ് തെളിയിക്കാന്‍ കളമൊരുക്കിയത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. നിരവധി പെനാല്‍റ്റി കോര്‍ണറുകള്‍ കിട്ടിയെങ്കിലും ഇതൊന്നും ഗോളാക്കി മാറ്റാന്‍ സുര്‍ജിത് സിങിനും മെെക്കിള്‍ കിന്‍ഡോയ്ക്കും കഴിഞ്ഞില്ല. അങ്ങനെ 65-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറെടുക്കാന്‍ ഇന്ത്യന്‍ കോച്ചും 1948ലും 1952ലും 1956ലും ഹോക്കിക്ക് സ്വര്‍ണം നേടിക്കൊടുത്ത കളിക്കാരനുമായ ബല്‍ബീര്‍സിങ്, ഗ്യാലറിയിലിരുന്ന അസ്ലാമിനെ പെനാല്‍റ്റി കിക്കിനായി വിളിച്ചുവരുത്തുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഉന്നം പിഴച്ചില്ല. കളി ഡ്രോ ആയി. തുടര്‍ന്ന് എക്സ്ട്രാ ടെെമില്‍ ഹര്‍ചരണ്‍ ‍സിങ്ങിന്റെ ഗോള്‍ ഇന്ത്യക്ക് സ്വര്‍ണക്കപ്പ് നേടിക്കൊടുക്കുകയും ചെയ്തത് ചരിത്രമാണിന്ന്.

1975നു ശേഷമുള്ള ലോക ഹോക്കി മത്സരങ്ങളിലെല്ലാം തന്നെ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ പുരുഷ‑വനിതാ ടീമുകളൊക്കെ ഇന്ത്യയുടെ വെെവിധ്യം നന്നായി പ്രതിഫലിപ്പിക്കുന്ന വിധത്തിലായിരുന്നു എന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്നതേയുള്ളു. മണിപ്പൂരിലെ ഒരു മില്യണ്‍ മാത്രം ജനസംഖ്യയുള്ള നന്നേ ചെറിയൊരു സമുദായമായ മെയ്റ്റിയിസിനെ പ്രതിനിധീകരിച്ച് ടോക്യോ ഒളിമ്പിക്സില്‍ ഹോക്കി പുരുഷ ടീമില്‍ നീലകണ്ഠ ശര്‍മ്മയുണ്ടായിരുന്നപ്പോള്‍, വനിതാ ടീമില്‍ ഉണ്ടായിരുന്നത് സുശീല ചനുവായിരുന്നു. സമീപകാലത്തുതന്നെ എന്നുപറയാം ഈ സമുദായാംഗങ്ങളായി ഹോക്കി ടീമില്‍ തോയ്ബാനിങ്, കൊനാജിത്, ചിങ്ങ്‌ലെന്‍സാന, നീല്‍ കമല്‍ സിങ് എന്നിവരുമുണ്ടായിരുന്നു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖല സംസ്ഥാനങ്ങളില്‍ മറ്റെവിടെ നിന്നും ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ ഇതുവരെയായി ആരെങ്കിലും പങ്കെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല.

ഹോക്കി എക്കാലവും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണ് പങ്കെടുത്തിരുന്നത് എന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്നു തോന്നുന്നു. അതേസമയം ക്രിക്കറ്റിന്റെ ഉദയവും വളര്‍ച്ചയും ഒരിക്കല്‍പോലും സാധാരണക്കാരെ ഉള്‍ക്കൊള്ളുന്ന സ്വഭാവം പ്രകടമാക്കിയിട്ടില്ല. മാത്രമല്ല, ക്രിക്കറ്റ് മിക്കവാറും സമൂഹത്തിലെ സമ്പന്നവര്‍ഗക്കാരുടെയും ഉന്നതജാതി വിഭാഗത്തില്‍പ്പെടുന്നവരുടെയും ഇഷ്ടവിനോദവുമായിരുന്നു. സമൂഹത്തിലെ സാമ്പത്തികമായി ഉന്നതശ്രേണിയില്‍പ്പെടുന്നവര്‍ക്കു മാത്രമെ, ക്രിക്കറ്റുമായി ബന്ധപ്പെട്ട വന്‍തോതിലുള്ള ചെലവുകള്‍ താങ്ങാനും പ്രോത്സാഹനം നല്കാനും കഴിയുമായിരുന്നുള്ളു. ഇടത്തരം വരുമാന വിഭാഗക്കാര്‍ക്കുപോലും ഈ കളി ഏറെക്കുറെ അപ്രാപ്യവുമാണിന്ന്. ഇന്ത്യയെപോലൊരു വികസ്വര രാജ്യത്തിന് വിവിധ ജാതി-വരുമാന വിഭാഗക്കാരെ ഒരുപോലെ ആകര്‍ഷിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന കളി, ഫുട്ബോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹോക്കി തന്നെയാണ്.

കേരളം ഈ യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞേ തീരൂ. മെട്രോ റയില്‍ വികസനത്തിന്റെ പേരില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കോടികള്‍ മുടക്കി സജ്ജമാക്കിയിരുന്ന ആസ്ട്രോടര്‍ഫ് ഇന്ന് എത്ര ദയനീയാവസ്ഥയിലാണെന്ന് പറഞ്ഞറിയിക്കുക പ്രയാസമാണ്. അര്‍ധ അതിവേഗ റയില്‍പാതക്കു വേണ്ടി നെട്ടോട്ടം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയുമെന്നു കരുതുന്നത് മൗഢ്യമായിരിക്കുമെന്നേ പറയാന്‍ കഴിയൂ. ഏതായാലും ഒളിമ്പിക്സിന് മെഡല്‍ നേടി കേരളത്തിന്റെ അഭിമാനമായ പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികത്തിനു പുറമെ, വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പ്രൊമോഷന്‍ നല്കി ആദരിക്കാനും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായി എന്നതിനു പുറമെ, ടീമിലെ മറ്റ് എട്ട് കളിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം നല്കാനും തീരുമാനമെടുത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.