ഫീസടയ്ക്കാത്തതിന്റെ പേരില്‍ ജാതീയ അധിക്ഷേപം നേരിട്ട ദളിത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള 19 കാരി സുഭാഷിണിയാണ് കോളജ് അധികൃതരുടെ അധിക്ഷേപത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.
അന്തനപേട്ടയിലെ സർ ഐസക് ന്യൂട്ടൺ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച സുഭാഷിണി. കോളേജ് മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 31‑ന് നാഗൂർ‑നാഗപട്ടണം റോഡിൽ യുവതിയുടെ കുടുംബവും സുഹൃത്തുക്കളും ഉപരോധം നടത്തി. ഫീസ് അടക്കാത്തതിന്റെ പേരിൽ കോളജ് മാനേജ്‌മെന്റ് ജാതി പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
പ്ലംബറായ സുബ്രമണിയുടെയും മുനിസിപ്പാലിറ്റിയിലെ കരാർ ശുചീകരണ തൊഴിലാളിയായ ചിത്രയുടെയും മകളാണ് സുഭാഷിണി.
കോളജിന്റെ വാർഷിക ഫീസ് 65,000 രൂപയാണെന്നും കുടുംബം 15,000 രൂപ മാത്രമാണ് നൽകിയതെന്നും മരിച്ച വിദ്യാർത്ഥിയുടെ ബന്ധുവായ അറിവഴകൻ പറഞ്ഞു. ബാക്കി തുക ഉടൻ നൽകാമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും മരണത്തിന് മുമ്പ് ആഴ്ചയിൽ മൂന്ന് ദിവസം വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റിയിരുന്നില്ലെന്നും ബന്ധു കൂട്ടിച്ചേർത്തു. മാനേജ്‌മെന്റ് പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും മുഴുവൻ ഫീസും അടയ്ക്കുന്നതിന് മുമ്പ് ക്ലാസിൽ തിരിച്ചെത്തിയാൽ കൂടുതൽ അപമാനിക്കപ്പെടുമെന്ന് പറഞ്ഞതായും ബന്ധു കൂട്ടിച്ചേർത്തു.
നാഗൂർ പോലീസ് സ്റ്റേഷനിൽ സിആര്‍പിസി സെക്ഷൻ 174 (അസ്വാഭാവിക മരണം), പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മൃതദേഹം നാഗപട്ടണത്തെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി ശരവണൻ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണത്തിലാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുബാഷിണിക്ക് നീതി ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികളും പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ കോളജ് കാമ്പസിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ബസ് കേടുവരുത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിനെ വിന്യസിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: Racial harassment over non-payment of fees: Medical student commits suicide
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.