
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ചുള്ള പരാതികള്‍ അന്ന് മുതല്‍ സമര്‍പ്പിക്കാം. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം, ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറല്‍ ഓഫിസർമാരുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമായിരിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും പട്ടിക കൈമാറും. ബിഎൽഒമാരുടെ കൈയ്യിലും പട്ടിക ലഭ്യമായിരിക്കും. ഇത് പൊതുജനങ്ങൾക്ക് പരിശോധിക്കാനും പേര് ഉൾപ്പെടാത്തതിന്റെ കാരണങ്ങൾ മനസിലാക്കാനും കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.
സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ എന്നിവരുടെ പട്ടിക പരിശോധനയ്ക്കായി ബിഎൽഒമാർ ഇതിനോടകം ബിഎൽഎമാർക്ക് നൽകിയിട്ടുണ്ട്. ഈ കാര്യങ്ങൾ യോഗങ്ങളിൽ ചർച്ച ചെയ്തിട്ടുമുണ്ട്. ഈ പട്ടികകളിലെ തിരുത്തലുകൾ ഇന്ന് പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ എസ്ഐആറിന്റെ ഭാഗമായി കാണാനില്ലാത്തവര്‍ എന്ന വിഭാഗത്തിലുള്‍പ്പെട്ടിരിക്കുന്നത് 25 ലക്ഷത്തിലധികം പേരാണ്.
ഈ മാസം 23 മുതൽ 2026 ജനുവരി 22 വരെയാണ് പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയം. നിശ്ചിത സമയത്തിനുള്ളിൽ എന്യൂമറേഷന്‍ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്ക്, ഈ കാലയളവിൽ ഫോം-6നൊപ്പം സത്യവാങ്മൂലവും സമർപ്പിച്ച് പേര് ചേർക്കാം.
ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവരെ ഇആര്‍ഒമാർ ഹിയറിങ്ങിന് വിളിക്കും. കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിന് ശേഷം ഒഴിവാക്കുകയാണെങ്കിൽ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡോ. രത്തൻ യു കേൽക്കർ അഭ്യർത്ഥിച്ചു.
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് അപേക്ഷകൾ ഒരുമിച്ച് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 50 അപേക്ഷകളും, പട്ടിക വന്നതിനുശേഷം ദിവസം 10 അപേക്ഷകളും മാത്രമാണ് ഒരു ദിവസം പരമാവധി സമര്‍പ്പിക്കാന്‍ സാധിക്കുക. എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതികൾ തീർപ്പാക്കലും ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ പൂർത്തിയാക്കുമെന്നും അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.