
രാജ്യവ്യാപക സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനനുള്ളിൽത്തന്നെ രൂക്ഷമായ ഭിന്നത. ജോലിഭാരം താങ്ങാനാവാതെ ബൂത്ത് ലെവൽ ഓഫിസര്‍മാർ (ബിഎൽഒ) ആത്മഹത്യ ചെയ്യുന്ന സാഹചര്യം നിലനിൽക്കെയാണ്, ഉന്നതതലത്തിലും വിയോജിപ്പുണ്ടായെന്ന വിവരം പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണർ സുഖ്ബീർ സിങ് സന്ധു നടപടിക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജൂൺ 24‑ന് നടന്ന കമ്മിഷൻ യോഗത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർ വിവേക് ജോഷിയും എസ്ഐആർ നടപ്പാക്കുന്നതിനെ അനുകൂലിച്ചപ്പോൾ, മൂന്നംഗ സമിതിയിലെ സുഖ്ബീർ സിങ് സന്ധു ഇതിനെ ശക്തമായി എതിർത്തു.
പരിശോധനയുടെ പേരിൽ യഥാർത്ഥ പൗരന്മാർ, പ്രത്യേകിച്ച് വയോജനങ്ങൾ, രോഗികൾ, ഭിന്നശേഷിക്കാർ, ദരിദ്രർ എന്നിവർ ബുദ്ധിമുട്ടിലാകരുത്. ഇവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. 1955‑ലെ പൗരത്വ നിയമവും, പൗരന്മാരെ തിരിച്ചറിയൽ നിർബന്ധമാക്കുന്ന 2003‑ലെ ഭേദഗതിയും പാലിക്കണമെന്നും അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടു. 2003‑ന് ശേഷം ഇത്തരമൊരു തീവ്രമായ പരിഷ്കരണം നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ധുവിന്റെ വിയോജനക്കുറിപ്പിലെ സുപ്രധാന ഭാഗങ്ങൾ അന്തിമ ഉത്തരവിൽ തിരുത്തിയതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. സന്ധു നിര്‍ദേശിച്ച ‘പൗരന്മാർ’ എന്ന വാക്ക് മാറ്റി ‘യഥാർത്ഥ വോട്ടർമാർ’ എന്നാക്കി മാറ്റി. ഇത് സന്ധുവിനെ അറിയിക്കാതെയായിരുന്നു. പൗരത്വ നിയമത്തെയും 2003‑ലെ ഭേദഗതിയെയും കുറിച്ചുള്ള സന്ധുവിന്റെ പരാമർശങ്ങൾ അന്തിമ പതിപ്പിൽ (ഖണ്ഡിക എട്ട്) പൂർണ്ണമായും ഒഴിവാക്കി. പകരം, വോട്ടർ ആകാൻ ഇന്ത്യൻ പൗരനായിരിക്കണമെന്ന് സാമാന്യമായി പറയുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 326 മാത്രമാണ് കമ്മിഷൻ അടിസ്ഥാനമാക്കിയത്.
സന്ധുവിന്റെ മുന്നറിയിപ്പ് ശരിവെക്കുന്നതായിരുന്നു ബിഹാറിൽ കണ്ടത്. സെപ്റ്റംബർ 30‑ന് അവസാനിച്ച ക്യാമ്പയിനിനിടെ വോട്ടർ പട്ടികയിൽ പേര് നിലനിർത്താൻ ജനന സർട്ടിഫിക്കറ്റിനും പഴയ ഭൂമി രേഖകൾക്കുമായി ജനം നെട്ടോട്ടമോടി. പരിഷ്കരണത്തിന് ശേഷം ബിഹാറിലെ വോട്ടർമാരുടെ എണ്ണത്തിൽ 6 ശതമാനത്തോളം കുറവുണ്ടായതായാണ് കണക്കുകൾ. എസ്ഐആർ നടപ്പാക്കാൻ കമ്മിഷൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വാദം തെറ്റാണെന്നും പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.