2 February 2026, Monday

Related news

February 2, 2026
February 2, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
January 31, 2026
January 28, 2026
January 27, 2026
January 27, 2026

ഗാസയിലെ റാഫ അതിർത്തി തുറന്നു; പ്രതിദിനം 50 പലസ്തീനികളെ അനുവദിക്കും

Janayugom Webdesk
റാഫ
February 2, 2026 9:45 pm

സംഘര്‍ഷം അവസാനിപ്പിക്കാനുളഅള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ, ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇസ്രയേല്‍ തുറന്നു. അതിർത്തിയിലൂടെയുള്ള എല്ലാ നീക്കങ്ങളും ഇസ്രയേൽ‑ഈജിപ്ത് സംയുക്ത സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വളരെ കുറച്ച് ആളുകളെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇരു ദിശകളിലേക്കും 50 പലസ്തീനികളെ മാത്രമേ അനുവദിക്കൂവെന്ന് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന് മുമ്പ്, ഗാസയിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗമായിരുന്നു റാഫ അതിര്‍ത്തി. 2024 മേയ് മാസത്തിൽ, അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുത്തു. ഹമാസിന്റെ ആയുധകടത്ത് തടയുകയാണ് ലക്ഷ്യമെന്നായിരുന്നു ഇസ്രയേലിന്റെ വിശദീകരണം. 

എന്നാല്‍ ഇസ്രയേല്‍ നടപടി ഗാസയെ പുറലോകവുമായുള്ള ബന്ധത്തില്‍ നിന്ന് ഒറ്റപ്പെടുത്തി. വൈദ്യസഹായം, യാത്ര, വ്യാപാരം എന്നിവയുള്‍പ്പെടെ പലസ്തീനികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അതിര്‍ത്തി അടച്ചതോടെ നിലച്ചു. പരിമിതമായ അളവില്ലെങ്കിലും അതിര്‍ത്തിയിലൂടെയുള്ള സഞ്ചാരം അനുവദിക്കുന്നത് രോഗികളുള്‍പ്പെടെയുള്ള പലസ്തീനികള്‍ക്ക് ആശ്വാസകരമാകും. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നതിനായി ആയിരക്കണക്കിന് പലസ്തീനികള്‍ ലോകാരോഗ്യ സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 20,000 രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സിന്റെ അഭിപ്രായത്തിൽ അവരില്‍ അഞ്ചില്‍ ഒന്നും കുട്ടികളാണ്. 11,000ത്തിലധികം കാൻസർ രോഗികളും ഉൾപ്പെടുന്നു. 

ആശുപത്രികൾക്ക് നേരെയുള്ള ഇസ്രായേലി വ്യോമാക്രമണങ്ങൾ പലസ്തീനിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ തകർത്തോടെ ഗുരുതര പ്രതിസന്ധിയാണ് പലസ്തീനികള്‍ നേരിടുന്നത്. ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, മൂന്നാം രാജ്യങ്ങളിലേക്ക് ചികിത്സയ്ക്കായി ഔദ്യോഗിക ശുപാര്‍ശ ലഭിച്ച, അതിർത്തി കടക്കാൻ കഴിയാത്ത ഏകദേശം 4,000 പലസ്തീനികളുണ്ട്. കുട്ടികളും കാൻസർ രോഗികളും ഉൾപ്പെടെ 900 പേർ ഇതിനകം തന്നെ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. റാഫ അതിര്‍ത്തി തുറക്കുന്നത് രണ്ടുവർഷത്തിലേറെ നീണ്ട യുദ്ധത്തിൽ വേർപിരിഞ്ഞ കുടുംബങ്ങൾക്ക് വീണ്ടും ഒന്നിക്കാനുള്ള അപൂർവ അവസരം കൂടിയാണ് നൽകുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ നിരവധി കൂടുംബങ്ങള്‍ ഈജിപ്തിലേക്ക് പലയാനം ചെയ്തിരുന്നു. 

വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, റാഫ അതിര്‍ത്തിയിലൂടെ പ്രവേശനം അനുവദിച്ചത് നിര്‍ണായകമായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും ഇസ്രയേൽ തടവിലാക്കിയിരിക്കുന്ന നൂറുകണക്കിന് പലസ്തീനികളെയും കെെമാറുക, മാനുഷിക സഹായങ്ങൾ വർദ്ധിപ്പിക്കുക, ഇസ്രായേൽ സൈന്യത്തെ ഭാഗികമായി പിൻവലിക്കുക എന്നിവയായിരുന്നു ആദ്യഘട്ടത്തിലെ വ്യവസ്ഥകള്‍. വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം കൂടുതൽ സങ്കീർണമാണ്. ഗാസ ഭരിക്കാൻ പുതിയ പലസ്തീൻ കമ്മിറ്റി സ്ഥാപിക്കുക, അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, മാസിന്റെ നിരായുധീകരണം, പുനർനിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് കരാറിന്റെ രണ്ടാം ഘട്ടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.