നാളെ നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാന നിയമസഭകളിലെ വിധിയെഴുത്ത് നരേന്ദ്ര മോഡിയുടെ സെമിഫൈനലാണെന്ന് പറയുന്നത് അധികപ്പറ്റാകാമെങ്കിലും ഈ ജനവിധി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയഭാവി രൂപപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. നിഷേധാത്മകമായ ജനവിധി തീർച്ചയായും മോഡിയുടെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും നന്നായി ബാധിക്കും. എന്നാൽ ആർഎസ്‌എസിന്റെ സഹായത്തോടെ തന്റെ രാഷ്ട്രീയ പ്രതിച്ഛായ തിരിച്ചെടുക്കാനും മുഖംമിനുക്കാനും അദ്ദേഹത്തിന് അഞ്ച് മാസത്തോളം സമയമുണ്ട്. മോഡിയെ രക്ഷകനായി അവതരിപ്പിക്കാൻ അതിന്റെ മുഴുവൻ വിഭവങ്ങളും ഉപയോഗപ്പെടുത്തുകയല്ലാതെ സംഘ്പരിവാറിന് മറ്റൊരു മാർഗവുമില്ല. ഈ നിർണായക ഘട്ടത്തിൽ മോഡിയെ പുറന്തള്ളാൻ ആർഎസ്എസിന് കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയമെന്നാല്‍ മോഡിയുടെ മൂന്നാം വിജയമാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ പരാജയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെങ്കിലും ജനങ്ങൾക്ക് എന്തെങ്കിലും ഉറപ്പുനൽകാൻ ആർഎസ്എസും മോഡിയും അവരുടെ രാഷ്ട്രീയവും ഭരണപരവുമായ സുപ്രധാന നടപടികൾ സ്വീകരിക്കും. പൊതുജനത്തിന്റെ ഓര്‍മ്മ നീളംകുറഞ്ഞതാണ് എന്നാണല്ലോ പഴഞ്ചൊല്ല്. രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ ചിരഞ്ജീവി നയം എങ്ങനെയാണ് വിജയിച്ചതെന്ന് നാം കണ്ടതാണ്. മോഡി സർക്കാരിന്റെ ദുർഭരണവും തൊഴിലില്ലായ്മയും ഒരു വർഷം നീണ്ടുനിന്ന കർഷക മുന്നേറ്റവും കടുത്ത വിലക്കയറ്റവും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങൾ മറന്നുവെന്നതും രാജ്യം കണ്ടു.
ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ പുനരുജീവിപ്പിക്കുകയും രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ ഉയര്‍ത്തുകയും ചെയ്തുവെന്ന ധാരണ രാഷ്ട്രീയ വിദഗ്ധരും വിശകലന വിദഗ്ധരും പുലര്‍ത്തുന്നു. മോഡിയും കൂട്ടരും പ്രചരിപ്പിച്ച ‘പപ്പു‘വെന്ന വിശേഷണത്തില്‍ നിന്ന് പാർട്ടിയുടെ ഉന്നത നേതാവും പുതിയ സൈദ്ധാന്തികനുമായി അദ്ദേഹം വളരെ ദൂരം മുന്നോട്ട് സഞ്ചരിച്ചു. ദരിദ്രരുടെയും ദളിതരുടെയും ആദിവാസികളുടെയും അഭിലാഷങ്ങൾ തിരിച്ചറിയാനും പാർട്ടിയാേട് ആഭിമുഖ്യമുണ്ടാക്കാനും കഠിനമായി പരിശ്രമിച്ചു. മധ്യവർഗ സമൂഹത്തിൽ നിന്നും രാഹുല്‍ കുറച്ച് അകലം പാലിക്കുന്നുണ്ട്. അവരാകട്ടെ ആർഎസ്എസിന്റെ ഹിന്ദുത്വത്തെ അംഗീകരിക്കുകയും മോഡിഭക്തർ എന്ന് അറിയപ്പെടാൻ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ അടുത്തകാലത്തായി മധ്യവർഗങ്ങള്‍ പോലും സമ്പദ്‌വ്യവസ്ഥയുടെ ഞെരുക്കത്തിലാവുകയും മോഡിയുടെ നയം തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നില്ലെന്ന നിരാശപ്രകടിപ്പിക്കുകയും ചെയ്യുന്നു. തൊഴിലില്ലായ്‌മയുടെ കയ്പും അവര്‍ തിരിച്ചറിയുന്നുണ്ട്. ഏറ്റവും പുതിയ ജനസംഖ്യാപരമായ സൂചകങ്ങളനുസരിച്ച് മധ്യവർഗ കുടുംബങ്ങളിൽ വലിയൊരു വിഭാഗം ഇപ്പോൾ പ്രായമായവർ മാത്രമായിട്ടുണ്ട്. യുവതലമുറ മെച്ചപ്പെട്ട ഭാവിക്കായി വിദേശത്തേക്ക് കുടിയേറുന്നു. മോഡിയോടും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയോടും അമര്‍ഷമുണ്ടെങ്കിലും മോഡി ഇനിയും മികച്ച കാര്യങ്ങൾ സാധ്യമാക്കുമെന്ന പ്രതീക്ഷ ഇപ്പോഴും ഇവര്‍ പുലർത്തുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ മധ്യവർഗങ്ങൾ ആർ എസ്എസിനെയും ബിജെപിയെയും ഒഴിവാക്കിയെങ്കിലും ഉത്തരേന്ത്യൻ മധ്യവർഗത്തിന്റെ സംഘ്പരിവാറുമായുള്ള പൊക്കിൾക്കൊടിബന്ധം ഇപ്പോഴും ശക്തമാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ, ബംഗളൂരുവിലെ ഉത്തരേന്ത്യക്കാരും ഐടി മേഖലയിലെയും കോർപറേറ്റ് സ്ഥാപനങ്ങളിലെയും പ്രവർത്തകരുമാണ് ബിജെപിക്ക് വോട്ട് ചെയ്തത്. രാഹുലിന്റെയും പ്രിയങ്കയുടെയും പ്രചരണം അവരുടെ മനസിനെ എത്രത്തോളം മാറ്റിയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഹിന്ദി സംസാരിക്കുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളിൽ, മധ്യവർഗ യുവാക്കള്‍ ഏത് പാർട്ടിക്കാണ് വോട്ട് ചെയ്‌തതെന്ന് വ്യക്തമല്ല. ഈ സംസ്ഥാനങ്ങളില്‍ സ്ത്രീകൾ തുറന്ന പിന്തുണ നൽകിയതാണ് കോൺഗ്രസിന് ആകെയുള്ള ആശ്വാസം.
ഈ തെരഞ്ഞെടുപ്പ് മോഡിയെ സംബന്ധിച്ചിടത്തോളം സെമിഫൈനലായാലും ഇല്ലെങ്കിലും തീർച്ചയായും ഒരു മിനി പൊതു തെരഞ്ഞെടുപ്പിന്റെ സ്വഭാവമുണ്ട്. പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് വരെയും മധ്യേന്ത്യയില്‍ നിന്ന് തെക്ക് വരെയുമാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാൻ, മിസോറാം, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ഫലങ്ങൾക്ക് 2024ൽ കോണ്‍ഗ്രസ് രക്ഷപ്പെടുമോ തകരുമോ എന്ന് നിശ്ചയിക്കാനുള്ള കഴിവുണ്ട്. പാര്‍ട്ടിയുടെ വിജയം രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഉയർച്ചയ്ക്കും ശക്തനായ ദേശീയ നേതാവെന്ന അംഗീകാരത്തിനും വഴിയൊരുക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവിക അവകാശിയായി അംഗീകരിക്കാൻ മറ്റ് പ്രതിപക്ഷ പാർട്ടികളെ പ്രേരിപ്പിക്കും. ഈ നേട്ടങ്ങൾക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. കോൺഗ്രസിന്റെ പ്രവർത്തനത്തിലും സംഘടനാ സ്വഭാവത്തിലും പരിവർത്തനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ദൗത്യവുമായി രാഹുൽ നീങ്ങും. വലതുപക്ഷ നയാധിപത്യത്തിൽ നിന്ന്, പ്രത്യേകിച്ച് നവലിബറൽ സാമ്പത്തിക ക്യാമ്പിൽ നിന്നും, മൃദുവര്‍ഗീയ യാഥാസ്ഥിതികതയിൽ നിന്നും പാർട്ടിയെ മാറ്റേണ്ടതുണ്ട്.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, മിക്ക കോൺഗ്രസ് നേതാക്കളും സന്യാസിമാരുടെ അനുഗ്രഹം വാങ്ങാൻ തിടുക്കപ്പെടുകയും പലപ്പോഴും ഹെെന്ദവ വേഷത്തില്‍ വോട്ടർമാർക്കിടയിൽ എത്തുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം, പാവപ്പെട്ടവരുടെ സാമ്പത്തിക മുന്നേറ്റത്തിനായുള്ള പ്രഖ്യാപനങ്ങള്‍ വെറും അധരവ്യായാമം മാത്രമായിരുന്നു. എന്നാല്‍ ആദിവാസി, ദരിദ്ര, ദളിത് വിഭാഗങ്ങളുമായി ബന്ധപ്പെടാനും അവരെ ഉണര്‍ത്താനുമാണ് രാഹുൽ ശ്രമിച്ചത്. പൊതുറാലികളിൽ അദ്ദേഹം ദരിദ്രരെയും ദളിതരെയും തൊഴിലാളികളെയും കുറിച്ച് സംസാരിച്ചു. സമൂഹത്തിലെ ഏറ്റവും ദരിദ്രവിഭാഗങ്ങളെ തിരിച്ചറിയാൻ ശ്രമിച്ചു. 70 ശതമാനം ആളുകൾക്കും വാങ്ങൽശേഷി നിഷേധിക്കപ്പെട്ട ഇന്ത്യയില്‍ മധ്യവർഗങ്ങളുടെയും കൈനിറയെ സമ്പന്നരായ പ്രഭുക്കന്മാരുടെയും പിന്തുണയും ശക്തിയും മാത്രം ആശ്രയിക്കാനാവില്ലെന്ന് അദ്ദേഹത്തിനറിയാം. ഈ വിഭാഗം ജനങ്ങളോടുള്ള നിലപാട് പാർട്ടിയും നേതാക്കളും മാറ്റേണ്ടിവരും. സംസ്ഥാന തലങ്ങളിൽ ഇത്തരം നേതാക്കളുള്ളതിനാൽ, ദീർഘകാലം രാജ്യം ഭരിക്കാനുള്ള ശക്തിയായി ഉയർന്നുവരാൻ കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ല.
2024ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും അധികാരത്തിൽ തുടരുന്നതിന്, സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധമായ ഒരു പുതിയ നേതൃത്വത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. 2012ലെ എഐസിസി യോഗത്തിൽ രാഹുൽ ഗാന്ധി തന്റെ ഉദ്ദേശ്യം പരസ്യമാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ നടപടിയെ മിക്ക മുതിര്‍ന്ന നേതാക്കളും രൂക്ഷമായി വിമർശിച്ചു. അന്ന് സോണിയ ഗാന്ധിയായിരുന്നു പാർട്ടി അധ്യക്ഷയും ദേശീയ ഉപദേശക സമിതി അധ്യക്ഷയും. എന്നിട്ടും തന്റേതായ രീതിയിൽ രാഹുൽ പാർട്ടി നിലപാടിനെതിരെ മത്സരിച്ചു. അന്നുമുതൽ ഔദ്യോഗിക നിലപാടുമായി പൊരുത്തപ്പെടാത്ത തന്റെ സ്വന്തം നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
ഛത്തീസ്ഗഢിൽ 32 ശതമാനം ആദിവാസികളാണുള്ളത്, എന്നാൽ ബിജെപിക്കോ കോൺഗ്രസിനോ ഇതുവരെ ഝാർഖണ്ഡിലേതുപോലെ ഒരു ആദിവാസി നേതൃത്വം ഉണ്ടായിട്ടില്ല. മാറിമാറി വരുന്ന സർക്കാരുകൾ നക്സലൈറ്റ് ആദിവാസികൾ എന്ന് വിളിക്കപ്പെടുന്നവർക്കെതിരെ സൈനിക നീക്കങ്ങൾ നടത്തി. സംസ്ഥാനത്ത് കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടുമില്ല. ബിജെപിയും സംഘവുമാകട്ടെ അവരോട് കൂടുതൽ പിന്തിരിപ്പൻ സമീപനമാണ് സ്വീകരിച്ചത്. മധ്യപ്രദേശിൽ, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കമൽനാഥ് മൃദുഹിന്ദുത്വം പുലര്‍ത്തുന്നു. അവിടെയും വിവേചനവും ഫ്യൂഡൽ അടിച്ചമർത്തലും ഇപ്പോഴും അഭിമുഖീകരിക്കുന്ന ആദിവാസി, ദളിത് വിഭാഗങ്ങൾക്കു വേണ്ടി ഇരു പാർട്ടികളും കാര്യമായൊന്നും ചെയ്തിട്ടില്ല. ദളിതരും ആദിവാസികളും സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 21 ശതമാനമാണ്. രാജ്യത്താകമാനമുള്ള എസ്‌ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളിൽ 30 ശതമാനം സംസ്ഥാനത്താണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രം പോര, സംസ്ഥാന നേതാക്കളുടെ പ്രവർത്തന ശൈലിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരികയെന്ന ദൗത്യവും രാഹുലിനുണ്ട്. കർണാടകയിലെ കോൺഗ്രസ് നേതാക്കളും സർക്കാരും കെെക്കൊള്ളുന്ന രീതി 2024ൽ കോൺഗ്രസിന് അനുകൂലമാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് രാഹുൽ ഗാന്ധിയുടെ മുന്നിലുള്ള അടിയന്തര വെല്ലുവിളി. എന്നാൽ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ വലതുപക്ഷ ശക്തികളെ ഇല്ലാതാക്കാൻ അദ്ദേഹം തയ്യാറാകണം. ഇത് തീർച്ചയായും കടുപ്പമേറിയ ദൗത്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണെങ്കിലും പ്രതിപക്ഷത്തെ നിസാരമായി എടുക്കുന്നത് അപകടമായിരിക്കും. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ വിജയിക്കാൻ കഴിഞ്ഞാൽ അത് ആർഎസ്എസ്, ബിജെപി നേതാക്കളുടെ മനോവീര്യം വർധിപ്പിക്കും.
(അവലംബം: ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.