29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 24, 2025
March 23, 2025
March 20, 2025
March 19, 2025
March 19, 2025
March 19, 2025
March 12, 2025
March 8, 2025
March 4, 2025

വേണുഗോപാലിനെ ഒഴിവാക്കി ഡല്‍ഹിയില്‍ രാഹുല്‍-തരൂര്‍ കൂടിക്കാഴ്ച

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2025 12:04 pm

മലയാളികൂടിയായ എഐസിസിയുടെ സംഘടനാ ജനറല്‍സെക്രട്ടറി കെ സിവേണുഗോപാലിനെ ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി- ശശി തരൂര്‍ കൂട്ടിക്കേഴ്ച നടന്നത്. ശശി തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായിട്ടാണ് നിന്നത്. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തെ തള്ളുകയായിരുന്നു. വേണുഗോപാലും സംസ്ഥാനനേതൃത്വത്തിനൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് സൂചന. ഇതിനു പിന്നാലെയാണ് പരസ്യപ്രസ്താവനകള്‍ വേണ്ടെന്ന് സംസ്ഥാന നേതാക്കളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.

ഡല്‍ഹി ജന്‍പഥിലെ സോണിയാഗാന്ധിയുടെ വസതിയില്‍ അരമണിക്കൂറോളമാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും ചര്‍ച്ച നടത്തിയത്. രാഹുല്‍-തരൂര്‍ കൂടിക്കാഴ്ച സമയത്ത് വേണുഗോപാല്‍ സോണിയഗാന്ധിയുടെ വസതിയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ താന്‍ പറയുമ്പോള്‍ മാത്രമാണ് വിവാദമാക്കുന്നതെന്ന് ശശി തരൂര്‍ രാഹുലിനോട് സൂചിപ്പിച്ചതായാണ് വിവരം. കേരള നേതൃത്വത്തിന്റെ നിസ്സഹകരണവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള കഴിവില്ലായ്മയും തരൂര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയമായ പോരാട്ടം കേരളത്തില്‍ നടത്തുമ്പോള്‍ അതിന് ബലം നല്‍കുന്ന പരാമര്‍ശങ്ങളാണ് തരൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.മൂന്നു വര്‍ഷത്തിനു ശേഷമാണ് ശശി തരൂരും രാഹുല്‍ഗാന്ധിയും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് ഞാന്‍ വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരും മാത്രം പങ്കെടുത്ത ഒരു മീറ്റിങ്ങ് ആയതിനാല്‍, കൂടുതലൊന്നും പറയുന്നത് ഉചിതമല്ല. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തരൂരും രാഹുലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വസതിയിലെത്തി കണ്ടിരുന്നു.കോണ്‍ഗ്രസിന്റെ നിലപാടിന് ഒപ്പമാണ് തരൂരെന്നും, പാര്‍ട്ടിയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല, പാര്‍ട്ടിയില്‍ എല്ലാം നല്ല നിലയിലാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. നേരത്തെ ലേഖന വിവാദത്തില്‍ കെ സി വേണുഗോപാല്‍ ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയവരും തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം രാജിവെച്ചിട്ടു വേണം ഇത്തരം പ്രസ്താവനകള്‍ നടത്താനെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ആവശ്യപ്പെട്ടിരുന്നു.കേരള നേതൃത്വത്തിന്റെ നിലപാട് തള്ളിയ ഹൈക്കമാന്‍ഡ്, വിവാദം ഡല്‍ഹിയില്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും അതിന്റെ പേരില്‍ കേരളത്തില്‍ പോരടിക്കേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടി തയ്യാറെടുക്കുന്ന സമയത്ത് ചെളിവാരിയെറിയല്‍ പാടില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശശി തരൂരിന്റെ ലേഖനത്തില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഇടതുസര്‍ക്കാരിന്റെ കാലത്ത് മുന്നേറ്റമുണ്ടായി എന്ന തരത്തിലുള്ള പരാമര്‍ശമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. സതീശന്‍ അനുകൂല യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തരൂരിന്റെ ഭവനത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.