ഐപിഎല്ലില്‍ വിജയത്തുടര്‍ച്ചയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 25 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈയ്ക്ക് 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ചെന്നൈ തോല്‍വി നേരിടുന്നത്. പവര്‍പ്ലേ അവസാനിക്കും മുമ്പ് തന്നെ ചെന്നൈയുടെ മുന്‍നിരയിലുള്ള മൂന്ന് ബാറ്റര്‍മാരെയും ഡല്‍ഹി ബൗളര്‍മാര്‍ കൂടാരം കയറ്റി. സ്കോര്‍ 14ല്‍ നില്‍ക്കെ ഓപ്പണറായ രചിന്‍ രവീന്ദ്രയാണ് ആദ്യം മടങ്ങിയത്. ആറ് പന്തില്‍ മൂന്ന് റണ്‍സെടുത്ത രചിനെ മുകേഷ് കുമാറാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനും ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. പവര്‍പ്ലേ അവസാനിക്കുന്നതിന് തൊട്ടുമുമ്പായി മറ്റൊരു ഓപ്പണറായ ഡെവോണ്‍ കോണ്‍വെയെ വിപ്രജ് നിഗം അക്സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചു.
വിജയ് ശങ്കറും ഇംപാക്ട് പ്ലെയറായെത്തിയ ശിവം ദുബെയും പതിയെ സ്കോര്‍ ചലിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. 15 പന്തില്‍ 18 റണ്‍സുമായി ദുബെ മടങ്ങി. രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് പന്തുകളെ ആയുസുണ്ടായിരുന്നുള്ളു. ധോണി ക്രീസിലെത്തിയെങ്കിലും സ്കോര്‍ വേഗത്തില്‍ ചലിക്കാതിരുന്നതോടെ ചെന്നൈ തോല്‍വി വഴങ്ങുകയായിരുന്നു. 54 പന്തില്‍ 69 റണ്‍സുമായി വിജയ് ശങ്കറും 26 പന്തില്‍ 30 റണ്‍സുമായി ധോണിയും പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി വിപ്രജ് നിഗം രണ്ട് വിക്കറ്റ് നേടി.
തുടക്കത്തില്‍ ഡല്‍ഹി തകര്‍ച്ച നേരിട്ടുവെങ്കിലും ടി20യില്‍ തന്റെ സ്ഥാനം ഒന്നുകൂടിയുറപ്പിച്ച പ്രകടനവുമായി കെ എല്‍ രാഹുല്‍ കളം നിറഞ്ഞത് ടീമിന് രക്ഷയായി. 51 പന്തില്‍ 77 റണ്‍സെടുത്ത രാഹുലാണ് ടോപ് സ്കോറര്‍. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പ് മറ്റൊരു ഓപ്പണറായ ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക്ക് പുറത്തായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ആര്‍ അശ്വിന്‍ ക്യാച്ചെടുക്കുകയായിരുന്നു. മൂന്നാമനായെത്തിയ അഭിഷേക് പോറൽ താളം കണ്ടെത്തിയതോടെ സ്കോര്‍ 50 കടന്നു. 20 പന്തില്‍ 33 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ക്യാപ്റ്റനായ അക്സര്‍ പട്ടേല്‍ കളത്തിലിറങ്ങി. ഒരു വശത്ത് രാഹുലിനെ നിര്‍ത്തി അക്സര്‍ വെടിക്കെട്ടിന് തിരികൊളുത്തി. സ്കോര്‍ 90ല്‍ നില്‍ക്കെയാണ് അക്സര്‍ കളംവിടുന്നത്. 14 പന്തില്‍ 21 റണ്‍സെടുത്ത അക്സറിനെ നൂര്‍ അഹമ്മദ് ബൗള്‍ഡാക്കി. 17–ാം ഓവറിലായിരുന്നു സമീർ റിസ്വിയുടെ വിക്കറ്റുപോയത്. 15 പന്തില്‍ 20 റണ്‍സാണ് റിസ്‌വിയുടെ സംഭാവന. ഇതിനിടെ 33 പന്തുകളിൽ രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. റിസ്‌വി മടങ്ങിയ ശേഷം അവസാന ഓവറിലാണ് രാഹുല്‍ കളം വിടുന്നത്. ഈ സമയം സ്കോര്‍ 179. 12 പന്തില്‍ 24 റണ്‍സുമായി ട്രിസ്റ്റണ‍് സ്റ്റബ്സ് പുറത്താകാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ് നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. മതീഷ പതിരണ, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.