
എത്ര സ്വാധീനമുള്ള വ്യക്തിയായാലും കുറ്റം ചെയ്താൽ രക്ഷപ്പെടില്ല എന്നതിന്റെ തെളിവാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുറ്റം ചെയ്യുന്നവർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഈ നടപടിയിലൂടെ സർക്കാർ തെളിയിച്ചിരിക്കുകയാണ്. വികസന പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് മാതൃകയാകുന്നത് പോലെ തന്നെ, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നതിലും കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി ഈ നയം തന്നെയാണ് സർക്കാർ പിന്തുടരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവരുന്ന പുതിയ വിവരങ്ങൾ അത്യന്തം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യുവതിയുടെ ആഡംബര വാച്ച് ഊരിവാങ്ങിയതും, ഫ്ലാറ്റ് വാങ്ങാൻ നിർബന്ധിച്ചതും അടക്കമുള്ള സാമ്പത്തിക ചൂഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത്രയേറെ ഗൗരവതരമായ പരാതികൾ ഉയർന്നിട്ടും കോൺഗ്രസ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത് മെല്ലെപ്പോക്ക് നയമാണ്. രാഹുലിനെതിരെ നടപടിയെടുത്തു എന്ന് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും അത് കേവലം ഇരട്ടത്താപ്പാണെന്നും വ്യക്തമായ എന്ത് നടപടിയാണ് അദ്ദേഹത്തിനെതിരെ സ്വീകരിച്ചതെന്ന് പാർട്ടി വ്യക്തമാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
നിയമത്തെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോകാൻ രാഹുലിനെ സഹായിച്ചത് കോൺഗ്രസ് നേതൃത്വമാണെന്ന് മന്ത്രി വിമർശിച്ചു. രാഹുലിനെ ഭയപ്പെടുന്നത് കൊണ്ടാണ് കോൺഗ്രസ് കർശന നടപടിക്ക് മുതിരാത്തത്. സർക്കാർ ഈ കേസിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിച്ചത്. എന്നാൽ കോൺഗ്രസ് ഇപ്പോഴും രാഹുലുമായി പരസ്പര ധാരണയിലാണ് പ്രവർത്തിക്കുന്നത്. ഇത്രയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് തിരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.