
മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ഇന്ത്യന്‍ റെയിൽവേയ്ക്ക് നിരാശ. 2025–26 സാമ്പത്തിക വർഷത്തേക്ക് റെയില്‍വേ മേഖലയില്‍ കാര്യമായ പദ്ധതികളൊന്നും തന്നെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടില്ല. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി ധനമന്ത്രി റെയിൽവേയുടെ ആകെ വിഹിതം പരാമർശിച്ചില്ല. എന്നാൽ പ്രസംഗത്തിനുശേഷം പുറത്തിറക്കിയ ബജറ്റ് രേഖകളിൽ മൂലധന വിഹിതം പരാമർശിച്ചു. മൂലധന ചെലവ് തുടർച്ചയായ രണ്ടാം വർഷവും 2.52 ലക്ഷം കോടിയില്‍ നിലനിർത്തുകയാണ് ചെയ്‌തിരിക്കുന്നത്. സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ പാതകള്‍, വാഗണുകൾ, ട്രെയിനുകൾ എന്നിവയുടെ നിർമ്മാണം, വൈദ്യുതീകരണം, സിഗ്നലിങ്, സ്റ്റേഷൻ വികസനം എന്നിവയ്ക്കാണ് പണം ചെലവഴിക്കുക.
ബജറ്റിൽ
സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചതിന് പിന്നാലെ റെയില്‍വേ ഓഹരികളുടെ വില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളോ, പരിഷ‍്കാരങ്ങളോ ഇല്ലാത്തതിനെ തുടര്‍ന്ന് അവ കൂപ്പുകുത്തി. നികുതി ഇളവിന് പുറമേ റോഡുകള്‍, റെയില്‍വേ, മറ്റ് നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍ തുടര്‍ച്ചയായ നിക്ഷേപം എന്നിവ ബജറ്റ് കേന്ദ്രീകരിക്കുമെന്ന് വ്യവസായ പ്രമുഖരും വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു.
ജീവനക്കാരുടെ എണ്ണത്തിലെ കുറവ്, സിഗ്നല്‍ നവീകരണം, പാത ഇരട്ടിപ്പിക്കല്‍, പാളം നവീകരണം, പുതിയ ട്രെയിനുകള്‍, യാത്രക്കാരുടെ ബാഹുല്യം നിയന്ത്രിക്കാന്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍, കൂടുതല്‍ കോച്ചുകള്‍, അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന പ്രധാന പ്രശ‍്നങ്ങള്‍. അത് പരിഹരിക്കുന്നതിനുള്ള യാതൊന്നും ബജറ്റിലില്ല. കേരളം മൂന്നുവരി പാത ആക്കുന്നത് അടക്കമുള്ള ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. അതൊന്നും പരിഗണിച്ചിട്ടില്ല.
പുതിയ പാതയുണ്ടാക്കുന്നതിനായി 32235.24 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പാത ഇരട്ടിപ്പിക്കലിന് 32000 കോടി, പാത ദീര്‍ഘിപ്പിക്കല്‍ 22800 കോടി, ഇലക്‌ട്രിക്കല്‍ പ്രൊജക്‌ട് 6150 കോടി എന്നിങ്ങനെയാണ് വകയിരുത്തല്‍. എന്നാല്‍ ഗേജ് പരിവർത്തനം (4550), റോളിങ് സ്റ്റോക്ക് (58894.93) മെച്ചപ്പെടുത്തലുകൾ തുടങ്ങിയ പ്രധാന പദ്ധതികൾക്കുള്ള ഫണ്ടിൽ വലിയ പരിഷ്‌കാരങ്ങളോ വർധനവോ ഇല്ലാത്തതിനാൽ, റെയിൽവേ മേഖല വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.