23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

റയില്‍വേ റിക്രൂട്ട്മെന്റ് സമരം ബിഹാറില്‍ അതിശക്തം; ബന്ദിന് ആഹ്വാനം ചെയ്തു

Janayugom Webdesk
പട്ന
January 28, 2022 8:46 am

റയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധം മൂന്നാം ദിവസവും അതിശക്തം. റിപ്പബ്ലിക് ദിനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ബിഹാറിലെ ഗയ സ്റ്റേഷനില്‍ ട്രെയിന്‍ കത്തിച്ചു. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. ഗയയ്ക്ക് പുറമെ ആര, നവാദ, സിതാമഡി എന്നീ റയില്‍വേ സ്റ്റേഷനുകളില്‍ പ്രക്ഷോഭകാരികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. സമരക്കാര്‍ ട്രെയിനുകളുടെ കംപാര്‍ട്ടുമെന്റുകള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. 12 സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. 55 ഉദ്യോഗാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിതാമഡിയില്‍ ആര്‍പിഎഫിനുനേരെ ഉദ്യോഗാര്‍ത്ഥികള്‍ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനയായ ഐസ ഇന്ന് ബിഹാര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഉദ്യോഗാര്‍ത്ഥികളെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രയാഗ്‌രാജിലെ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. 

ആര്‍ആര്‍ബിയുടെ നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലേക്കുള്ള മത്സര പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടാംഘട്ട പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. വിജ്ഞാപന സമയത്ത് ഒറ്റ പരീക്ഷ മാത്രമാണ് പ്രഖ്യാപിച്ചതെന്നും ഇപ്പോഴത്തെ തീരുമാനം സംശയാസ്പദമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പ്രക്ഷോഭത്തിന് ഇടതുപാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു.

ലെവല്‍ രണ്ടു മുതല്‍ ആറു വരെയുള്ള തസ്തികകളില്‍ 35,000 ഒഴിവുകളിലേക്ക് 60 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 1.25 കോടി അപേക്ഷകളാണ് ഈ തസ്തികയിലേക്ക് ലഭിച്ചത്. ഇതില്‍ ഏഴ് ലക്ഷം പേരാണ് ആദ്യ ഘട്ടം പാസായത്. ഇവരില്‍ ഭൂരിഭാഗം പേരും ഒരു റീജിയണില്‍ തന്നെയുള്ളവരാണെന്നും ഒരേ ഉദ്യോഗാര്‍ത്ഥികള്‍ ഒന്നിലധികം റീജിയണില്‍ ഉള്‍പ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നുമാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പരീക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റയില്‍വേ തീരുമാനിച്ചു. പരാതികള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 

കോടികളുടെ നഷ്ടമാണ് റയില്‍വേയ്ക്ക് ഉണ്ടായിട്ടുള്ളത്. നവാദയില്‍ മാത്രം മൂന്നുകോടിയുടെ നഷ്ടമുണ്ടായതായി റയില്‍വേ അറിയിച്ചു. നിയമം കൈയിലെടുക്കരുതെന്ന് ഉദ്യോഗാര്‍ത്ഥികളോട് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭ്യര്‍ഥിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികള്‍ ഗൗരവത്തോടെ കാണുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിഷേധത്തിനിടെ നശീകരണ പ്രവര്‍ത്തനങ്ങളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടാല്‍ അവരെ റയില്‍വേയില്‍ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ENGLISH SUMMARY:Railway recruit­ment dri­ve inten­si­fies in Bihar; Called for a bandh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.