16 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 6, 2024
September 28, 2024
September 24, 2024
September 24, 2024
September 23, 2024
September 11, 2024
September 9, 2024
September 7, 2024
September 3, 2024

റെയില്‍വേ മരണക്കിടക്കയില്‍; നവീകരണ പദ്ധതികള്‍ ഇഴയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2024 11:02 pm

രാജ്യത്ത് വര്‍ധിച്ചുവരുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ റെയില്‍വേ അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തതകളെന്ന് വിലയിരുത്തല്‍. സിഗ്നല്‍ തകരാര്‍ കാരണം മൈസൂരു-ദര്‍ബംഗ എക‍്സ‍്പ്രസ് ചെന്നൈയ‍്ക്കടുത്തുള്ള കവരപ്പെട്ടി സ്റ്റേഷനില്‍ വച്ച് ചരക്ക് ട്രെയിനുമായി ഏതാനും ദിവസം മുമ്പ് കൂട്ടിയിടിച്ചതാണ് ട്രെയിന്‍ അപകട പരമ്പരയില്‍ അവസാനത്തേത്ത്. ഇതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ റെയില്‍വേയുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന 200 ട്രെയിന്‍ അപകടങ്ങളില്‍ 351 യാത്രക്കാരാണ് മരിച്ചത്. 970 പേര്‍ക്ക് പരിക്ക് പറ്റി. റെയില്‍വേയുടെ 17 മേഖലകളില്‍ നിന്നുള്ള കണക്കാണിത്. രാജ്യത്തെ ട്രെയിന്‍ അപകടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു 2023ലെ ബാലസോറില്‍ നടന്നത്. 296 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ‍്തു. അന്ന് കോറോമാണ്ടല്‍ എക‍്സ‍്പ്രസ് ലൂപ്പ് ലൈനില്‍ കയറി ചരക്ക് ട്രെയിനില്‍ ഇടിക്കുകയും പാളം തെറ്റി ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. സമാനമായ അപകടമാണ് കഴിഞ്ഞ ദിവസം ചെന്നൈയിലും നടന്നത്. ഭാഗ്യവശാല്‍ 12 പേര്‍ക്കേ പരിക്ക് പറ്റിയുള്ളൂ.

ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയിലേത്. ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരും ടണ്‍കണക്കിന് ചരക്കുകളും കൊണ്ടുപോകുന്നു. പാളങ്ങളുടെ അറ്റകുറ്റപ്പണിയിലെ വീഴ‍്ച, തിരക്ക്, പ്രവര്‍ത്തനങ്ങളിലെ പാളിച്ച, കാലഹരണപ്പെട്ട സിഗ്നല്‍ സംവിധാനങ്ങള്‍, കാലാവസ്ഥ എന്നിവ കാരണമാണ് അടുത്തിടെ ട്രെയിനുകള്‍ പാളം തെറ്റിയത്. ലോക്കോ പൈലറ്റുമാരുടെ അശ്രദ്ധ, ക്ഷീണം, ആശയവിനിമയ സംവിധാനത്തിലെ തകരാറുകള്‍, മതിയായ പരിശീലനക്കുറവ് എന്നിവയും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പാസഞ്ചര്‍ ട്രെയിനുകളില്‍ ഉള്‍പ്പെടെ അമിതമായി യാത്രക്കാരെ കൊണ്ടുപോകുന്നതും പരമാവധിയില്‍ കൂടുതല്‍ ചരക്കുകള്‍ കയറ്റിവിടുന്നതും ഗുരുതരമായ പ്രശ‍്നമാണ്. ഇത് പാളംതെറ്റിയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു. ആളുകളുടെ ബാഹുല്യം പാളത്തിനും എന്‍ജിന്‍ വഹിക്കുന്ന കോച്ചുകള്‍ക്കും മേല്‍ സമ്മര്‍ദമുണ്ടാവുകയും അത് അപകടത്തിന് കാരണമാവുകയും ചെയ്യും. എന്‍ജിന്‍ വഹിക്കുന്ന കോച്ചുകള്‍, വാഗണുകള്‍, കോച്ചുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളുടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വലിയ പരാജയമാണെന്ന് റെയില്‍വേ സുരക്ഷാ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

2022–23ല്‍ റെയില്‍വേയുടെ വരുമാനം 1.2 ലക്ഷം കോടിയായിരുന്നു. ആ വര്‍ഷം പാളം നവീകരിക്കാന്‍ 13.5 ശതമാനമാണ് ചെലവഴിച്ചത്. ഇക്കൊല്ലത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം റെയില്‍വേയുടെ മൊത്തം വരുമാനം 1.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ട്രാക്ക് നവീകരണ ചെലവ് 11 ശതമാനമായി കുറഞ്ഞു. ജൂലൈയിലെ സമ്പൂര്‍ണ ബജറ്റില്‍ 2025 സാമ്പത്തിക വര്‍ഷം റെയില്‍വേ വരുമാനം 1.8 ലക്ഷം കോടിയായി ആസൂത്രണം ചെയ‍്തിരുന്നു. ഇതിന്റെ 9.7 ശതമാനം ആണ് പാളം നവീകരിക്കാന്‍ ചെലവഴിക്കുന്നത്. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സിഗ്നലിങ് സംവിധാനമായ കവചിന് എല്ലാ കൂട്ടിയിടികളും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഗതാഗതം തടസപ്പെടുത്താതെ നിലവിലുള്ള റെയില്‍ ശൃംഖലകളില്‍ കവച് നടപ്പാക്കുക വെല്ലുവിളിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.