
സോനം വാങ്ചുക് എന്ന മനുഷ്യാവകാശ പ്രവർത്തകനെ ജോധ്പൂരിലെ ജയിലറയിൽ അടച്ചുകൊണ്ട് ബിജെപി തങ്ങളുടെ തനിനിറം പിന്നെയും ലോകത്തിന് കാട്ടിക്കൊടുത്തു. ലഡാക്കിനുമേൽ അശാന്തിയുടെ തീമഴ പെയ്യിച്ച സംഘ്പരിവാർ നിലപാടുകൾ മറ്റൊരു രക്തചൊരിച്ചിലിന് കളമൊരുക്കുന്ന കാഴ്ചയാണ് മഞ്ഞുപുതച്ച ലഡാക്കിൽ കാണുന്നത്. ജമ്മു കശ്മീർ സംസ്ഥാനത്തെ മൂന്നായി വെട്ടിമുറിച്ച് മോഡി — അമിത് ഷാ കൂട്ടുകെട്ട് തങ്ങളുടെ ഭ്രാന്തമായ വിചാരധാരകൾക്ക് നിറം പകർന്നപ്പോൾ സൃഷ്ടിക്കപ്പെട്ടത് ലക്ഷക്കണക്കിന് വ്രണിത മനസുകളാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ സ്ഥലമാണ് ലഡാക്ക്. അവിടെയുണ്ടാകുന്ന ഏത് ആഭ്യന്തരപ്രശ്നവും സഹായിക്കുക അയൽരാജ്യങ്ങളെ മാത്രമായിരിക്കും. ഈ തിരിച്ചറിവ് സംഘപരിവാരത്തിനുണ്ടാകാൻ സാധ്യത തുലോം വിരളമാണ്. ഹിന്ദി ഹൃദയഭൂമിയിൽ മാത്രം വിൽക്കാൻ കഴിയുന്ന മതഭ്രാന്തിന് പറ്റിയ മണ്ണല്ല ലഡാക്കിലുള്ളത്. ഹിമാലയന്‍ താഴ്‌വരയിൽ തങ്ങൾ സമാധാനം കൊണ്ടുവന്നു എന്ന പൊള്ളയായ അവകാശവാദം പൊളിയുന്ന കാഴ്ചയാണ് പഹൽഗാമിൽ ആദ്യമുണ്ടായത്. അതൊരു ഭീകരാക്രമണമായിരുന്നെങ്കിൽ ലഡാക്കിലേത് ഒരു ജനതയുടെ നിലനില്പിനായുള്ള പോരാട്ടമാണ്. സോനം വാങ്ചുക് ആ പോരാട്ടസരണിയിലെ ഒരാൾ മാത്രമാണ്.
ഭരണഘടനയിലെ ആറാം ഷെഡ്യൂൾ ഉറപ്പുനൽകുന്ന സംസ്ഥാന പദവിയും പ്രത്യേക സ്റ്റാറ്റസും ലഡാക്കിന് വേണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിമാർഗത്തിൽ നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു ഈ മനുഷ്യൻ. ഗോഡ്സേയുടെ പിൻമുറക്കാർക്ക് ഈ സമരരീതി സ്വീകാര്യമാവുകയില്ലല്ലോ? വിവിധ വിഷയങ്ങളിൽ ലഡാക്കിന്റെ ശബ്ദമാണ് വാങ്ചുക്. അക്രമാസക്തമായ ഒരു സമരത്തെയും പ്രോത്സാഹിപ്പിക്കാത്ത മനുഷ്യസ്നേഹി. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിലുണ്ടായ അക്രമാസക്തമായ സമരത്തെ അപലപിച്ചയാൾ. അദ്ദേഹത്തെയാണ് മോഡി ഭരണകൂടം വേട്ടയാടുന്നത്. ലോകരാഷ്ട്രങ്ങൾ തന്നെ ഈ തോന്ന്യാസത്തെ അപലപിച്ചു കഴിഞ്ഞു. ഉലെയ്ടോക്പോ എന്ന അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് വാർത്താസമ്മേളനം നടത്താൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. സ്വതന്ത്രമായി അഭിപ്രായം പറയണ്ടെന്ന് ന്യൂഡൽഹി തീരുമാനിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അറസ്റ്റിന്റെ സമയം. മാഗ്സസെ അവാർഡ് ഇന്ത്യൻ മണ്ണിലേക്ക് കൊണ്ടുവന്ന ഈ ആക്റ്റിവിസ്റ്റിന്റെ അറസ്റ്റ് ഞെട്ടിക്കുന്നതാണെന്ന് ആദ്യം പറഞ്ഞത് ബിജെപിയുടെ മുൻ ലഡാക്ക് അധ്യക്ഷനും ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ചെറിങ് ഡോർജെയാണ്. ജാമ്യം ലഭിക്കരുതെന്ന ദുരുദ്ദേശ്യത്തോടെ ചുമത്തിയിരിക്കുന്നത് ദേശ സുരക്ഷാ നിയമമാണ്. വാങ്ചുകിന്റെ പ്രസംഗങ്ങളാണ് അക്രമങ്ങൾക്ക് കാരണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംഘടനയുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദവും കേന്ദ്രം എടുത്തുകളഞ്ഞു. തന്റെ അറസ്റ്റിനെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും ജയിലിലടയ്ക്കപ്പെട്ട വാങ്ചുകിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ലോകം കേൾക്കും എന്നുമാണ് അറസ്റ്റിന് തൊട്ടുമുമ്പ് വാങ്ചുക് ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്. അഴിമതിക്കാരായ രാഷ്ട്രീയക്കാർ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുമ്പോൾ തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത് എന്തിനെന്ന ചോദ്യവും വാങ്ചുക് ഉയർത്തി. തങ്ങൾക്കിഷ്ടപ്പെടാത്ത രാഷ്ട്രീയ സമരങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താമെന്ന ബിജെപിയുടെ മോഹം ലഡാക്കിൽ നടക്കാതെ പോകുന്നതിന്റെ പ്രധാന കാരണം അവിടെ ജീവിക്കുന്ന മനുഷ്യരെ മനസിലാകാത്തതാണ്. പൂര്‍ണമായും ഇന്ത്യയെന്ന വികാരം പങ്കിടുന്നവരാണ് ലഡാക്കിലെ ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാർ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അവർ തള്ളിക്കളയുന്നതും ഈയൊരു വികാരം കൊണ്ടുതന്നെയാണ്. തൊട്ടടുത്ത കശ്മീരിൽ വിഘടനവാദം പൂത്തുലഞ്ഞപ്പോഴും അതിനെ നിരാകരിച്ചവരാണ് ലഡാക്ക് ജനത. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് അവർ സമരത്തിലേക്ക് കടന്നത്. സംഘപരിവാരം നാടൊട്ടുക്ക് നടത്തുന്ന പോലുള്ള വർഗീയ കലാപമല്ല അവിടെ നടന്നത്. മണിപ്പൂരിലെ കലാപങ്ങളെ നിസാരവൽക്കരിച്ചതിന്റെ ഫലമാണ് ഇപ്പോഴും അവിടെ കാണുന്നത്. ഹിമാലയൻ താഴ്‌വര അശാന്തമാകുമ്പോൾ അതിൽ നിന്നും രാഷ്ട്രീയനേട്ടം കൊയ്യാമെന്ന് സംഘബുദ്ധി കേന്ദ്രങ്ങൾ തെറ്റിധരിച്ചതിന്റെ ഫലം.
ബിജെപി ഓഫിസുകൾ അഗ്നിക്കിരയാകുന്നത് ആ രാഷ്ട്രീയത്തിന് ജനാധിപത്യപരമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് സാധാരണ ജനങ്ങൾക്ക് ഉറപ്പായപ്പോഴാണ്. ലഡാക്കിന് പ്രത്യേക പദവി നൽകുമെന്ന് 2019ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം എന്തുകൊണ്ട് പാലിക്കപ്പെടുന്നില്ലെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ആ ചോദ്യത്തിന്റെ മുനയൊടിക്കാനും ജനങ്ങളെ ഭയപ്പെടുത്താനും വാങ്ചുകിന്റെ അറസ്റ്റുകൊണ്ട് സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ മൗഢ്യവിചാരം. തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ അവിടെ നിയോഗിച്ചിരിക്കുന്ന പഴയ ആർഎസ്എസുകാരനായ കവീന്ദർ ഗുപ്ത ലഡാക്കിലാകെ കർഫ്യൂവും നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. നിത്യജീവിതത്തെ ദുരിതത്തിലാക്കുന്ന ഈ തീരുമാനം വളരെ മനഃപൂർവമായി കൈക്കൊണ്ടതാണ്. ഞങ്ങളെ അനുസരിച്ചില്ലെങ്കിൽ ഇതായിരിക്കും ഫലമെന്ന് സഹനത്തിന്റെ തത്വശാസ്ത്രമായ ബുദ്ധമതം ജീവിതമാക്കിയ ഒരു ജനതയോട് പറയുന്നതിലെ അർത്ഥമില്ലായ്മ ഹിന്ദുത്വകോമരങ്ങൾക്കില്ലാതെ പോയി. തന്റെ പ്രസംഗങ്ങളിൽ അറബ് വസന്തത്തെ കുറിച്ചും നേപ്പാളിൽ നടന്ന ജെൻ സി പ്രക്ഷോഭത്തെ കുറിച്ചുമെല്ലാം വാങ്ചുക് പറഞ്ഞത് രാജ്യത്ത് അസ്ഥിരതയും കലാപവും സൃഷ്ടിക്കാനാണെന്നാണ് കവീന്ദർ ഗുപ്ത പുറത്തിറക്കിയ പത്രക്കുറിപ്പിലും കേന്ദ്രത്തിനയച്ച റിപ്പോർട്ടിലും പറയുന്നത്. അറബ് വസന്തത്തിലും നേപ്പാളിൽ നടന്ന കലാപങ്ങളിലും കണ്ട യുവജനപ്രതിഷേധത്തെ സംഘപരിവാരം ഭയക്കുന്നുവെന്നതിന്റെ നഗ്നമായ ഉദാഹരണമാണിത്. ജനങ്ങളെ പുറത്തിരുത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള തങ്ങളുടെ ഏത് ശ്രമവും തകർക്കപ്പെടുമെന്ന് സംഘലബോറട്ടറിയിലെ അപ്പോസ്തലന്മാർക്ക് അറിയാം.
വാങ്ചുക്കിന്റെ സംഘടനയുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദം നിരാകരിച്ചതിന് പറയുന്ന കാരണം ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നതാണ്. ‘ഭക്ഷ്യസുരക്ഷയെയും പരമാധികാരത്തെയും കുറിച്ചുള്ള അവബോധം’ എന്ന വിഷയത്തിൽ പഠനം നടത്താൻ ബൽജിയം ആസ്ഥാനമായ ഒരു കർഷക കൂട്ടായ്മ നൽകി വരുന്ന സാമ്പത്തിക സഹായത്തെ കേന്ദ്രം എതിർത്തത് പരമാധികാരം എന്ന വാക്കിൽ പിടിച്ചാണ്. ആഹാരം കഴിക്കാനുള്ള പരമാധികാരത്തെ, രാജ്യത്തിന്റെ പരമാധികാരം എന്ന് വികൃതമായി വിവക്ഷിച്ചാണ് വിദേശ സംഭാവനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഭക്ഷ്യ പരമാധികാരം (Food Sovereignty) എന്ന പദം ഐക്യരാഷ്ട്രസഭ 1996ൽ അംഗീകരിച്ചതാണ്. ലോകബാങ്കും ഇതേ കാര്യത്തിനായി ഫണ്ടുകൾ നൽകി വരുന്നുണ്ട്. ഈ വിവരങ്ങൾ അറിയാത്തവരല്ല കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിലുള്ളത്. ഏതു കുതന്ത്രം ഉപയോഗിച്ചിട്ടായാലും വേണ്ടില്ല ലഡാക്കിനെ തകർക്കുന്നതിനാവണം പ്രാധാന്യം നൽകേണ്ടതെന്ന സംഘനേതൃത്വത്തിന്റെ നിർദേശമാണിവിടെ നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണിവർ. വംശരാഷ്ട്രീയത്തിന്റെ സങ്കുചിത ബോധത്തിൽ നിന്നുള്ള തലചൊറിയൽ മണിപ്പൂരിൽ സൃഷ്ടിച്ചിരിക്കുന്ന അവസ്ഥ നമുക്കറിയാം. ഇത്തരത്തിൽ ഓരോ പ്രദേശത്തും അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഡൽഹി ഭരിക്കാമെന്ന് സംഘ്പരിവാര്‍ കരുതുന്നുണ്ടെങ്കിൽ ഇവർക്ക് ഈ രാജ്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് കരുതേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.