ഒടുവില്‍ ഐപിഎല്‍ 18-ാം സീസണിലെ ആദ്യ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. വിജയത്തിനായി മൂന്നാം മത്സരം വരെ രാജസ്ഥാന്‍ റോയല്‍സിന് കാത്തിരിക്കേണ്ടി വന്നു. തോല്പിച്ചത് ചെന്നൈ സൂപ്പര്‍ കിങ്സിനെയും. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റ് വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനോട് 44 റണ്‍സിന്റെ തോല്‍വിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റ് തോല്‍വിയുമാണ് രാജസ്ഥാന്‍ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ആറ് ഓവറില്‍ 61 റണ്‍സ് വേണ്ടിയിരിക്കെ, ഹസരംഗയ്ക്കെതിരെ സിക്‌സ് നേടിയ ഋതുരാജിനെ അടുത്ത പന്തില്‍ ബൗണ്ടറി ലൈനില്‍ യശസ്വി ജയ്സ്വാള്‍ ക്യാച്ചെടുത്തത് വഴിത്തിരിവായി. ഒമ്പതാം നമ്പറില്‍ ഇറക്കിയതിന് വിമര്‍ശനംനേരിട്ട ടീം ഇക്കുറി ധോണിയെ ഏഴാമനായിയിറക്കി. അവസാന രണ്ട് ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 39 റണ്‍സ് വേണ്ടിയിരുന്നു. 19-ാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കെതിരെ ധോണിയും ജഡേജയും ചേര്‍ന്ന് 19 റണ്‍സടിച്ചതോടെ കളി ആവേശകരമായി. അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരിക്കെ, സന്ദീപ് ശര്‍മ്മ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ സിക്‌സിനു ശ്രമിച്ച ധോണിയെ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ ഉജ്വല ക്യാച്ചിലൂടെ മടക്കി. പകരമെത്തിയ ജാമി ഒവെര്‍ട്ടണ്‍ നാലാംപന്ത് സിക്‌സടിച്ചെങ്കിലും പിന്നീട് രണ്ട് ഡബിളുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.
36 പന്തില്‍ 81 റണ്‍സടിച്ച നിധീഷ് റാണയാണ് രാജസ്ഥാന്‍ ഇന്നിങ്സിന് കരുത്തായത്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (28 പന്തില്‍ 37), സഞ്ജു സാംസണ്‍ (16 പന്തില്‍ 20) എന്നിവരും കൂടെനിന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണിന് പകരം റിയാന്‍ പരാഗാണ് ടീമിനെ നയിക്കുകയെന്ന് രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു. വലിയ വെല്ലുവിളി ഏറ്റെടുത്താണ് പരാഗ് ഇത്തവണ ഇറങ്ങിയത്. ആദ്യത്തെ രണ്ട് മത്സരത്തിലും പരാഗിന് കീഴില്‍ രാജസ്ഥാന്‍ തോറ്റു. നായകനെന്ന നിലയിലെ പരാഗിന്റെ പിഴവുകള്‍ തോല്‍വികള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. എന്നാല്‍ രാജസ്ഥാന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പരാഗില്‍ വിശ്വസിച്ചു. മത്സരത്തില്‍ സിഎസ്‌കെയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ജോഫ്രാ ആര്‍ച്ചര്‍ കാഴ്ചവച്ചത്. പവര്‍പ്ലേയില്‍ ആര്‍ച്ചര്‍ തീയായി എന്ന് തന്നെ പറയാം. മൂന്ന് ഓവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ആര്‍ച്ചര്‍ വഴങ്ങിയത്. മത്സരത്തില്‍ പരാഗ് വരുത്തിയ ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവുമെല്ലാം അതിഗംഭീരമായിരുന്നു. വനിന്‍ഡു ഹസരങ്കയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ പരാഗിന് സാധിച്ചു. ചെന്നൈക്കെതിരായ ജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്തേക്ക് കയറി. മൂന്ന് കളികളില്‍ ഒരു ജയവുമായി രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് ഇപ്പോഴും-1.112 തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.