22 January 2026, Thursday

രാജീവ് ഗാന്ധി വധം; ടിഎന്‍ ശേഷന്‍ ആഭ്യന്തര മന്ത്രിയാകാന്‍ സന്നദ്ധനായെന്ന് വെളിപ്പെടുത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2025 10:18 pm

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടിഎന്‍ ശേഷന്‍ ആഭ്യന്തര മന്ത്രിയാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി വെളിപ്പെടുത്തല്‍. പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും അന്നത്തെ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്റെ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പുസ്തകത്തിലാണ് ഇതു സംബന്ധിച്ച് പ്രതിപാദിക്കുന്നത്.
കഴിഞ്ഞ ദിവസം നടി ഷര്‍മിള ടാഗോര്‍ പ്രകാശനം ചെയ്ത ദി അണ്‍ഡയിങ് ലൈറ്റ്: എ പേഴ്സണല്‍ ഹിസ്റ്ററി ഓഫ് ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യ എന്ന പുസ്തകത്തിലാണ് ശേഷന്റെ നാടകീയ നീക്കങ്ങള്‍ അനാവരണം ചെയ്യുന്നത്. 1991 മേയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ഉടനെ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയ ഉടനടി നിര്‍ത്തിവയ്ക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി എന്‍ ശേഷന്‍ നിര്‍ദേശിച്ചു. രാജീവിന്റെ കൊലപാതകം രാഷ്ട്രപതി വെങ്കിട്ടരാമനെ ആദ്യം അറിയിച്ചത് ശേഷനായിരുന്നു. കൊലപാതക വിവരം പുറത്ത് വന്ന ഉടനെ ശേഷന്‍ അതിവേഗതയില്‍ രാഷ്ട്രപതി ഭവനില്ലെത്തി. തുടര്‍ന്ന് പ്രസിഡന്റിന്റെ സെക്രട്ടറി പി മുരാരിയും താനും അടങ്ങുന്ന വേദിയിലാണ് ശേഷന്‍ രാഷ്ട്രപതിയെ വിവരം ധരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ഉടനടി നിര്‍ത്തി വയ്ക്കണം. രാജ്യത്തിന്റെ സുരക്ഷ വേഗത്തിലും കര്‍ശനമായും നിയന്ത്രണത്തിലാക്കണം. രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിക്കപ്പുറമുള്ള ചുമതല നിര്‍വഹിക്കാന്‍ സന്നദ്ധനാണെന്നും ശേഷന്‍ ആര്‍ വെങ്കിട്ടരാമനെ അറിയിച്ചു. അനുയോജ്യമെന്ന് തോന്നുന്ന പക്ഷം രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി പദവി സന്നദ്ധനാണെന്നും ശേഷന്‍ നിര്‍ണായക കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയെന്നും ഗോപാല്‍ കൃഷ്ണ ഗാന്ധി പുസ്തകത്തില്‍ പറയുന്നു.

1991 തുടക്കത്തില്‍ രാജീവ് ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ചന്ദ്രശേഖര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. ചന്ദ്രശേഖര്‍ മന്ത്രിസഭ രാജി വച്ചു. മറ്റൊരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ചന്ദ്രശേഖര്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുന്ന ഈ അവസരത്തിലാണ് ശേഷന്‍ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഏതാനും മണിക്കൂറുകള്‍ക്ക്ശേഷം രാഷ്ട്രപതിയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി ചന്ദ്രശേഖറും ക്യാബിനറ്റ് സെക്രട്ടറി നരേഷ് ചന്ദ്രയും പ്രതിസന്ധി നിയന്ത്രിക്കാന്‍ എല്ലാ നടപ‍ടികളും സ്വീകരിച്ചതായി അറിയിച്ചു. പരിഭ്രാന്തരാകേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തേണ്ടതില്ലെന്നും ഇരുവരും രാഷ്ട്രപതിയെ ധരിപ്പിച്ചു. ഇതോടെയാണ് ശേഷന്റെ ആഗ്രഹം പൊലിഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ രണ്ടാംഘട്ട പോളിങ് മാറ്റിവയ്ക്കാന്‍ ശേഷന്‍ ഉത്തരവിട്ടു. മേയ് 20 നായിരുന്നു ആദ്യഘട്ട പോളിങ്. രണ്ടാംഘട്ടം ജൂണ്‍ 12, 15 തീയതികളിലേക്ക് ക്രമീകരിച്ചതായും ഗോപാല്‍ കൃഷ്ണ ഗാന്ധി പുസ്തകത്തിലുടെ വെളിപ്പെടുത്തുന്നു. 1990 മുതല്‍ 1996 വരെയാണ് ടിഎന്‍ ശേഷന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.