11 January 2026, Sunday

Related news

February 13, 2025
December 10, 2024
July 3, 2024
July 2, 2024
July 1, 2024
June 18, 2024
June 10, 2024
May 27, 2024
March 11, 2024
February 15, 2024

പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചൊതുക്കി കേന്ദ്രം

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 10, 2023 11:19 pm

പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചൊതുക്കാന്‍ വഴിവിട്ട നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങളും പ്രതിഷേധവും സഭാ രേഖകളില്‍ നിന്നും സഭാ ടിവി സംപ്രേക്ഷണത്തില്‍ നിന്നും ഒഴിവാക്കി മുഖം സംരക്ഷിക്കാനാണ് ഭരണപക്ഷ ശ്രമം. ഇതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തിയ കോണ്‍ഗ്രസ് അംഗം രജനി എ പാട്ടീലിനെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം അവസാനിക്കാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെയാണ് രാജ്യസഭാ ചെയര്‍മാന്‍ ജഗ്‍ദീപ് ധന്‍ഖര്‍ സസ്‌പെന്‍ഷന്‍ കാര്‍ഡിറക്കി പ്രതിപക്ഷത്തിനെതിരെ വാളോങ്ങിയത്.

തുടര്‍ച്ചയായ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ തടസപ്പെടുന്നതില്‍ രാജ്യസഭാ ചെയര്‍മാന്‍ തന്റെ വിയോജന നിലപാട് പലയാവര്‍ത്തി വ്യക്തമാക്കുകയും അംഗങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നല്‍കുന്ന നോട്ടീസുകളില്‍ വിവേചന ബുദ്ധിയോടെ ഇടപെടാന്‍ വിസമ്മതിച്ച ധന്‍ഖറിന്റെ നിലപാടുകളോടും തീരുമാനങ്ങളോടും ശക്തമായ വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഒരു ടീമിന്റെ പക്ഷം ചേരുന്ന റഫറിയെ പോലെയാകരുത് സഭാധ്യക്ഷനെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ചെയറിന്റെ മേശവരെയും പ്രതിഷേധം എത്തിയതോടെ സഭാനടപടികള്‍ തടസപ്പെട്ടു.

സര്‍ക്കാര്‍ അധീനതയിലുള്ള സംപ്രേക്ഷണ സംവിധാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിപക്ഷ പ്രതിഷേധം ജനങ്ങള്‍ക്ക് കാണാനായില്ല. ഇതിനിടെ രാഷ്ട്രപതിയുടെ സംയുക്തസഭയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയവും ബജറ്റ് ചര്‍ച്ചയും പൂര്‍ത്തിയാക്കിയതായി സഭാ അധ്യക്ഷന്‍ അറിയിച്ചു. അതിനിടെ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവു നടപ്പാക്കണമെന്നും കുറഞ്ഞ പെന്‍ഷന്‍ 9,000 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ ഇന്നലെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. കേരളത്തിലെ ഇടതുപക്ഷ എംപിമാരുടെ സമ്മര്‍ദത്തിനു വഴങ്ങി റബ്ബര്‍ ഇറക്കുമതി വിഷയത്തില്‍ കേന്ദ്രം ഇന്നലെ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

കേരളത്തിന്റെ ആശങ്കകള്‍ എംപിമാര്‍ യോഗത്തില്‍ ഉന്നയിച്ചു. രാജ്യസഭയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് രേഖാമൂലം തെളിവു വേണമെന്ന രാജ്യസഭാ ചെയര്‍മാന്റെ റൂളിങ്ങിനെതിരെ സിപിഐ അംഗം പി സന്തോഷ് കുമാര്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിന് കത്തയച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നും തിരികെ ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കും കത്ത് നല്‍കി.

Eng­lish Sum­ma­ry: con­gress mp rajani patil sus­pend­ed from rajya sab­ha for record­ing house proceedings
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.