22 January 2026, Thursday

പ്രാണരക്ഷായാചനയ്ക്കും പ്രേമ പ്രലോഭനത്തിനും മധ്യേ രാമൻ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം — ഒമ്പത്
July 26, 2025 4:32 am

രാക്ഷസരുടെ പീഡനങ്ങളിൽ നിന്നും പ്രാണരക്ഷയുണ്ടാക്കി തരണം എന്നു യാചിക്കുന്ന താപസർ ഒരു വശത്തു നിൽക്കേ തന്നെയാണ് രാക്ഷസ സഹോദരിയായ ശൂർപ്പണഖ രാമ സമക്ഷം പ്രേമ പ്രലോഭന പ്രകടനം നടത്തി വശീകരിക്കാൻ എത്തുന്നത്. സ്വന്തം ഭാര്യയുടെ മുമ്പിൽ വെച്ചു ‘നമ്മൾക്ക് കാമകൂത്താടാം’ എന്നു മറ്റൊരു സ്ത്രീ പറഞ്ഞാൽ സാമാന്യ മര്യാദയും സമാന്യബോധവും ഉള്ള ഏതൊരു പുരുഷനും എങ്ങിനെ പ്രതികരിക്കും? ശൂർപ്പണഖയ്ക്ക് വട്ടാണോ എന്നു രാമൻ ചോദിക്കുന്നില്ല. ‘ഭാര്യയോടു കൂടി കഴിയുന്ന ഞാൻ നിനക്ക് യുക്തനല്ല, ഭാര്യ കൂടെ ഇല്ലാത്ത ലക്ഷ്മണനോടു നീ നിന്റെ ആഗ്രഹം പറഞ്ഞു നോക്കൂ’ എന്നേ കാമപരവശയായ ശൂർപ്പണഖയോടു രാമൻ പറയുന്നുള്ളൂ. വ്രതനിഷ്ഠനായ ലക്ഷ്മണനും ശൂർപ്പണഖയുടെ കാമാഭ്യർത്ഥന നിരസിക്കുന്നു. സീതകാരണമാണ് കാമരൂപിണിയായ തന്നെ രാമലക്ഷ്മണന്മാർ ഒഴിവാക്കുന്നതെന്നു കരുതിയ ശൂർപ്പണഖ ഭീകരഭാവം പൂണ്ടു സീതയെ ഉപദ്രവിക്കാൻ പാഞ്ഞുചെല്ലുന്നു. ഈ സമയത്താണ് ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കിൽ സാരമായ മുറിവേല്പിക്കുന്നത്. ഇതിൽ സീതയുടെ രക്ഷ പരിഗണിക്കാതെ മുറിവേറ്റ ശൂ­ർപ്പണഖയ്ക്കൊപ്പം നി­ൽക്കലാണു സ്ത്രീപക്ഷവാദം എന്നു ആ­രെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരോടു യോ­­ജിക്കാൻ നീതിന്യായബോധമുള്ളവർക്ക് എളുപ്പം കഴിയില്ല. ‘അദ്യേമാം ഭക്ഷയിഷ്യാമി പശ്യതസ്തവ മാനുഷീം = മനുഷ്യസ്ത്രീയായ ഇവളെ ഭവാൻ കാണവേ തന്നെ തിന്നാം’ (ആരണ്യകാണ്ഡംഃ സർഗ്ഗം 18, ശ്ലോകം 16) എന്നു പറഞ്ഞു സീതയ്ക്ക് നേരെ പാഞ്ഞു ചെന്ന ശൂർപ്പണഖയെയാണ് രാമനിർദ്ദേശം അനുസരിച്ചു ലക്ഷ്മണൻ കാതും മൂക്കും ഛേദിച്ച് വിരട്ടിയോടിക്കുന്നത്. രാവണ കുംഭകർണ, വിഭീഷണ, ഖര ദൂഷണാദി രാക്ഷസ നായകരുടെ സഹോദരിയാണെന്നറിഞ്ഞു തന്നെയാണ് ശൂർപ്പണഖയെ രാമലക്ഷ്മണന്മാർ മുറിവേല്പിക്കുന്നത്. താപസരുടെ അഭ്യർത്ഥനമാനിച്ച് രാക്ഷസവീരരോട് ഏറ്റുമുട്ടി അവരെ മുച്ചൂടം മുടിച്ചു ദണ്ഡകാരണ്യം സ്വസ്ഥാരണ്യമാക്കാനൊരു സന്ദർഭം രാമൻ ശൂർപ്പണഖയെ മുറിപ്പെടുത്തി വിട്ടയ്ക്കുക വഴി ഒരുക്കിയെടുത്തു എന്നും പറയാം. പിന്നീടുണ്ടായതും അതു തന്നെയാണല്ലോ. ഖരദൂഷന്മാരും അവരുടെ വലിയ പടയും രാമനുമായുള്ള പോരിൽ ഇല്ലാതായി. ദണ്ഡകാരണ്യം സ്വസ്ഥമായി. മാരീചന്റെ ഹിതോപദേശം മനസിലാക്കി സീതയെ രാവണൻ തട്ടികൊണ്ടു പോകാതിരുന്നെങ്കിൽ, ലങ്കയുടെ നാശവും രാവണ കുംഭകർണ്ണാദി രാക്ഷസവീര പ്രവരരുടെ നാശവും ഒഴിവായേനെ! പക്ഷേ വിനാശകാലത്ത് വിപരീത ബുദ്ധിയല്ലേ ഉണ്ടാവൂ. 

‘ഞങ്ങളുടെ ജീവിതത്തെ രാക്ഷസരുടെ പീഡനങ്ങളിൽ നിന്നു രക്ഷിക്കണം’ എന്ന താപസരുടെ അഭ്യർത്ഥനയാണോ അതോ ‘നമ്മൾക്ക് കാമകൂത്താടാം’ എന്ന ശൂർപ്പണഖയുടെ അഭ്യർത്ഥനയാണോ രാമലക്ഷ്മണന്മാർ സ്വീകരിക്കേണ്ടത്. ഏതുകാലത്തും ഭരണാധികാരികൾ കാമകൂത്തിനുള്ള ക്ഷണമല്ല സ്വീകരിക്കേണ്ടത്. പ്രാണരക്ഷ തേടുന്നവരുടെ വാക്കും നോക്കും നോവുമാണ് ഏറ്റുവാങ്ങി പരിഹാരം കാണേണ്ടത്. രാമ ലക്ഷ്മണന്മാർ ദണ്ഡകാരണ്യത്തിലും ഭരണാധികാരികൾ ചെയ്യേണ്ട ഉത്തമകർമ്മമാണു ചെയ്തത്. ഇക്കാലത്തും സരിത എസ് നായരുടേയും സ്വപ്ന സുരേഷിന്റേയും വാക്കും നോക്കും താല്പര്യവും അനുസരിക്കുന്ന ഭരണാധികാരികളെയല്ലല്ലോ നല്ല ഭരണാധികാരികൾ എന്നു നാം പറയുന്നത്. ഭരണം ഭരണാധികാരികൾക്കു സുഖഭോഗത്തിനുള്ളതല്ല; മറിച്ചത്, പ്രജാക്ഷേമത്തിനുള്ളതാണ്. ജീവനും സ്വത്തിനും സുരക്ഷ ഇല്ലാത്തിടത്ത് പ്രജാക്ഷേമം ഇല്ല. ദണ്ഡകാരണ്യത്തിലെ ജനങ്ങൾക്ക് ക്ഷേമജീവിതം ഉണ്ടായിരുന്നില്ല. രാവണ സഹോദരങ്ങളുടെ തേർവാഴ്ചയിൽ ദണ്ഡകാരണ്യത്തിലെ താപസരായ ജനങ്ങൾ മുഴുവനും പ്രാണസങ്കടത്തിലായിരുന്നു. ഇവരുടെ ജീവിതം പ്രാണസങ്കടത്തിൽ ആയിത്തീർന്നതിന്റെ മൂലകാരണം തേടി കണ്ടെത്തി പരിഹരിക്കലാണ് രാജധർമ്മം അതുതന്നെയാണ് രാമധർമ്മം. അതാണ് രാമൻ നിറവേറ്റിയതും. 

രാവണനും ഭരണാധികാരിയാണ്. പക്ഷേ അദ്ദേഹത്തിന് പ്രജാക്ഷേമ താല്പര്യം അസുരചക്രവർത്തിയായ മഹാബലിയുടേതുപോലെയൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം കായബലവും തപോബലവും ഉപയോഗിച്ച് അന്യരുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കയ്യടക്കാനും അതുവഴി തന്റേയും സിൽബന്ധികളുടേയും കാമഭോഗങ്ങൾ യഥേഷ്ടം സാധ്യമാക്കാനും മാത്രം ഊന്നൽ കൊടുക്കുന്ന ഭരണനയമായിരുന്നു രാവണന്റെ ഭരണനയം. അത് രാജകാമം പൂർത്തീകരിക്കാനുള്ള ഭരണമായിരുന്നു, പ്രജാക്ഷേമം ഉറപ്പു വരുത്താനുള്ള ഭരണം ആയിരുന്നില്ല. അതുകൊണ്ട് രാവണന്റേത് കാമരാജ്യവും രാമന്റേത് ധർമ്മരാജ്യവും ആയിരുന്നു എന്നു പറയാം. കാമമാണോ ധർമ്മമാണോ കൂടുതൽ നല്ലത് എന്നതാണു രാമായണത്തിന്റെ മൂലപ്രമേയം. കാമം അതിരുകവിഞ്ഞാൽ അത് ദോഷവും അപകടവുമാണ്. അമിതമായ തീറ്റയും അമിതമായ കുടിയും അമിതമായ രതിയും അമിതമായ വേഗതയും ഒക്കെ സുജീവിതത്തിന് എക്കാലത്തും അപകടമാണല്ലോ. അപകടം വരാത്തവിധം കാമവും ധനവും ജീവിതത്തിൽ പ്രവർത്തനക്ഷമമാക്കി കൊണ്ടുപോകാൻ അത്യാവശ്യമായ നിയന്ത്രണത്തിന്റെ ശക്തിബോധവുമാണ് സദാചാരശാസ്ത്ര ദൃഷ്ടിയിൽ ധർമ്മം. നിയന്ത്രിത ജീവിതമാണ് ധർമ്മം. രാവണജീവിതത്തിലെന്നതിനേകാളും രാമജീവിതത്തിൽ നിയന്ത്രണത്തിന്റെ ഗുണോത്ക്കർഷം ഉണ്ടായിരുന്നു. അതിനാലാണ് രാമൻ ധർമ്മ വിഗ്രഹമായത്. രാവണൻ കാമ വിഗ്രഹമാണ്. രാമനാണോ രാവണനാണോ സൗന്ദര്യം കൂടുതൽ എന്നു ചോദിച്ചാൽ മറുപടി പറയാനുള്ള വിഷമം രാമ ജീവിതമാണോ രാവണ ജീവിതമാണോ സുനിയന്ത്രിതം എന്നു ചോദിച്ചാൽ ഉണ്ടാവില്ല. ബ്രേക്ക് നല്ലനിലയിലുള്ള വണ്ടി തന്നെയാണ് നല്ല വണ്ടി.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.