22 December 2024, Sunday
KSFE Galaxy Chits Banner 2

രാമനും അയോധ്യയും കോൺഗ്രസിന്റെ പതനവും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
December 31, 2023 4:15 am

“മാനിഷാദ! മന്ത്രം പാടി

മനസ് കരയുന്നു; എന്റെ

മനസ് കരയുന്നു.

ആദികവിയുടെ ദുഃഖഗീതം

അരുതെന്നു വിലക്കുന്നു,

കറുത്ത മനസിലായോരമ്പും വില്ലുമായി

കാട്ടാളൻ പിന്നെയും വരുന്നു-”

എന്ന് കണിയാപുരം രാമചന്ദ്രൻ എഴുതി. ആദികവിയുടെ ദുഃഖഗീതമായ മാനിഷാദ! പാടി കരയേണ്ട കാലമാണിത്. കറുത്ത മനസുകളും അമ്പും വില്ലുമായി കാട്ടാളൻമാർ കടന്നാക്രമിക്കുന്ന ദുരന്തകാലമാണിത്. രാമനെ സൃഷ്ടിച്ച, ‘ഇരുട്ട് മായണം’ എന്ന അർത്ഥത്തിൽ രാമായണം സൃഷ്ടിച്ച വാത്മീകിയുടെ ഹൃദയവ്യഥ ഇന്ന് ഭാരതമെങ്ങും പടരുന്നു. രാമൻ സംഘപരിവാര ഫാസിസ്റ്റുകൾക്ക് രാഷ്ട്രീയായുധമായിട്ട് ദശാബ്ദങ്ങളായി. രാമനവർക്ക് ദൈവിക ബിംബമല്ല. അയോധ്യയെയും രാമജന്മഭൂമിയെയും മുൻനിർത്തിയുള്ള വർഗീയ ധ്രുവീകരണത്തിന്റെയും ഫാസിസ്റ്റ്‌വല്‍ക്കരണത്തിന്റെയും മൂർത്തിയും ആയുധവുമാണ്. ത്രേതായുഗത്തിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന രാമനെ ഹിന്ദുത്വവൽക്കരണത്തിന്റെ ഭാരതീയ നിർമ്മിതിക്കായ് ദുരുപയോഗപ്പെടുത്തുകയാണ്.

സംഘപരിവാര ഫാസിസ്റ്റുകൾ, സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ ‘രാമജന്മ ഭൂമി‘യെന്ന് അവർ അവകാശപ്പെടുന്ന അയോധ്യയെ ഹീനമായ വർഗീയ രാഷ്ട്രീയായുധമായി മുന്നോട്ടുവച്ചവരാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയും ബ്രിട്ടീഷുകാരുടെ ഷൂ നക്കി മാപ്പുതേടുകയും വിഭജന രാഷ്ട്രീയത്തിന് ജയ് വിളിക്കുകയും ചെയ്ത സംഘപരിവാര ഫാസിസ്റ്റുകൾ ബാബറി മസ്ജിദിനുള്ളിൽ കയറി ഇരുട്ടിന്റെ മറവിൽ രാമന്റെ പ്രതിമകൾ സ്ഥാപിച്ച ഘട്ടത്തിൽ മതനിരപേക്ഷ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽനെഹ്രു പറഞ്ഞ വാക്കുകൾ വർത്തമാനകാലത്ത് വർധിതവീര്യമുള്ളതാണ്. നെഹ്രു പറഞ്ഞു; “അത് എന്നന്നേക്കുമായി അടച്ചുപൂട്ടണം. എന്നിട്ട് അതിന്റെ താക്കോൽ രാമൻ മുങ്ങിത്താണു എന്ന് കരുതുന്ന സരയൂനദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയണം. ഇനിയൊരിക്കലും അത് തുറക്കാൻ പാടില്ല. അതിന്റെ പേരിൽ ഒരുതുള്ളി ചോരയും ഇന്ത്യൻ മണ്ണിൽ ചിന്താൻ പാടില്ല.”


ഇതുകൂടി വായിക്കൂ: അയോധ്യാവിധി പോലെ, ജമ്മു കശ്മീർ വിധി


നെഹ്രുവിന്റെ ആ ചരിത്രബോധം പിൽക്കാല കോൺഗ്രസുകാർ മനഃപൂർവം വിസ്മരിച്ചു. നെഹ്രു പൂട്ടിയിട്ട ബാബറി മസ്ജിദിന്റെ താഴുകൾ ആരാണ് തുറന്നു കൊടുത്തത്? അദ്ദേഹത്തിന്റെ പൗത്രൻ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഹിന്ദുത്വ പ്രീണനത്തിനായി ശിലാന്യാസം നടത്തുവാൻ തുറന്നുകൊടുത്തത്. അന്ന് പാർലമെന്റിൽ (ലോക്‌സഭയിൽ) രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി മൂന്ന് പതിറ്റാണ്ടിനിടയില്‍ ഭരണ നിർവഹണ ശക്തിയായി വളർന്നത് കോൺഗ്രസ് ഒരുക്കിക്കൊടുത്ത വളക്കൂറുള്ള മണ്ണിൽ നിന്നാണ്.

“രാമ, രഘുരാമ നാം ഇനിയും നടക്കാം

രാവിന്നുമുമ്പേ കനൽക്കാട് താണ്ടാം

നോവിന്റെ ശൂലമുനമുകളിൽ കരേറാം” — (വി മധുസൂദനൻ നായർ)

രാമനെ വീണ്ടും കനൽക്കാട് കയറ്റുകയാണ് നരേന്ദ്രമോഡിയും കൂട്ടരും. നോവിന്റെ ശൂലമുനകളിൽ മര്യാദാരാമനെ കയറ്റുകയും ചെയ്യുന്നു.

”രാമന്ന് ജയമെന്ന് പാട്ടുപാടിച്ചു

ഉന്മാദ വിദ്യയിൽ ബിരുദം കൊടുത്തു-’’

കവി എഴുതിയതു പോലെ സംഘപരിവാര ഫാസിസ്റ്റുകൾ രാമന് ജയമെന്ന പാട്ടു പഠിപ്പിച്ച് പാടിക്കുകയും പകയുടെ ഉന്മാദവിദ്യയിൽ വർഗീയവാദികൾക്ക് ബിരുദം സമ്മാനിക്കുകയുമാണ് ചെയ്യുന്നത്. രാമനെ വോട്ട് രാഷ്ട്രീയത്തിന്റെ അടയാളമാക്കുമ്പോൾ സഹന സ്ത്രീരത്നമായ സീതയെ ഇവർ മറന്നു പോകുന്നത് എന്തുകൊണ്ട്? വി മധുസൂദനൻ നായർ കവിതയിലൂടെ ചോദിച്ചു:

‘കഥയിലൊരുനാൾ നിന്റെ യൗവനശ്രീയായ്

കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ?’

രാമൻ കാട്ടിലേക്കയച്ച, ഒടുവിൽ ഭൂമിപിളർന്നിറങ്ങിയ സീതയെ ആർഎസ്എസുകാർക്ക് ആവശ്യമില്ല. ‘വയറിന്റെ കാന്തലും, കാതിന്റെ നോവും ദിവ്യതയും മറക്കാം’ എന്നതാണ് സംഘപരിവാര മുദ്ര.

1992 ഡിസംബർ ആറ്, മതേതര ഇന്ത്യയുടെ കറുത്ത ദിനമായിരുന്നു. 464 വർഷക്കാലത്തെ പഴമയും പാരമ്പര്യവും ഉണ്ടായിരുന്ന ബാബറി മസ്ജിദ് അഞ്ചര മണിക്കൂറുകൾകൊണ്ട് തകർത്ത് തരിപ്പണമാക്കി. താഴികക്കുടങ്ങൾ മൺതരികളാക്കി. ഇന്ത്യൻ മതനിരപേക്ഷതയുടെ പതാകകൾക്കുമേൽ വർഗീയതയുടെ കരിനിഴൽ വീണ നിമിഷങ്ങളായിരുന്നു അത്.


ഇതുകൂടി വായിക്കൂ: അയോഗ്യതാ നിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍


നാനാത്വത്തിൽ ഏകത്വം എന്ന, ഇന്ത്യ മാറോടു ചേർത്തുപിടിച്ച ആശയസംസ്കാര സംഹിതയ്ക്കുമേൽ വിഷഫണങ്ങൾ ആർത്തുല്ലസിക്കാൻ തുടങ്ങിയ കറുത്തനാൾ. അന്നും രാജ്യം ഭരിച്ചിരുന്നത് കോൺഗ്രസാണ്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു പട്ടാളത്തെയും പൊലീസിനെയും നിഷ്ക്രിയമാക്കി മൗനത്തിന്റെ വത്മീകത്തിലും മഹാനിദ്രയിലും കഴിഞ്ഞുകൊണ്ട് മതേതരത്വം തകർത്തെറിയാൻ സംഘ്പരിവാറിന് വെള്ളക്കൊടി വീശി. പിന്നെ ഇന്ത്യ കണ്ടത് വർഗീയ ലഹളകളും ചോരപ്പുഴകളും തെരുവിൽ നിരന്ന കബന്ധങ്ങളും.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നിൽക്കണ്ട് വർഗീയ ധ്രുവീകരണത്തിനായി രാമജന്മഭൂമി ഉയർത്തിപ്പിടിച്ച് രഥയാത്രാ മാമാങ്കത്തിന് തുടക്കം കുറിച്ചത് 1990ൽ ബിജെപി ദേശീയാധ്യക്ഷനായിരുന്ന ലാൽകൃഷ്ണ അ‍ഡ്വാനിയാണ്. അന്ന് വി പി സിങ് സർക്കാർ ബിഹാറിൽ വച്ച് പള്ളി പൊളിക്കാൻ വന്നവരെ തടഞ്ഞു. രഥയാത്രയ്ക്കും ശിലാന്യാസക്കാർക്കും അയോധ്യയുടെ മണ്ണിലെത്താനായില്ല. എന്നാൽ 92ൽ കോൺഗ്രസ് ഭരണത്തിൽ രഥയാത്ര അയോധ്യയിലെത്തുകയും പള്ളി പൊളിക്കുകയും ചെയ്തു. ഗുജറാത്തിൽ സോമനാഥക്ഷേത്ര പുനർനിർമ്മിതിക്ക് ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേൽ മുൻകൈ എടുക്കുകയും നിർമ്മാണ പൂർത്തീകരണം ഉദ്ഘാടനം ചെയ്യാൻ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തയ്യാറാവുകയും ചെയ്തപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയ മതനിരപേക്ഷവാദിയാണ് ജവഹർലാൽ നെഹ്രു. ആഭ്യന്തര മന്ത്രിയും രാഷ്ട്രപതിയും ഒരു മതത്തിന്റെയോ ഒരു വിശ്വാസത്തിന്റെയോ മാത്രം പ്രതിനിധികളല്ലെന്ന് നെഹ്രു ഓർമ്മിപ്പിച്ചു. ആ നെഹ്രുവിൽ നിന്ന് ഇന്നത്തെ കോൺഗ്രസിലേക്കുള്ള ദൂരമെത്രയെന്നത് ആശ്ചര്യകരമാണ്.

ഇന്ത്യയെ ഏകമത മേധാവിത്തത്തിന്റെ മണ്ണാക്കി മാറ്റുവാൻ പരിശ്രമിക്കുന്ന നരേന്ദ്ര മോഡിയുടെ ഭരണകൂടം നീതിപീഠങ്ങളെയും വരുതിയിലാക്കുന്നു. അതിന്റെ തെളിവാണ് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സംഘപരിവാരത്തിന് അനുവദിച്ച് സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയത്. വിരമിച്ച ശേഷം മുഖ്യ ന്യായാധിപന് രാജ്യസഭാംഗത്വം എന്ന പ്രത്യുപകാരവും ലഭിച്ചു. മോഡിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂജാദികർമ്മങ്ങളോടെ ശിലാസ്ഥാപനം നടത്തിയ രാമക്ഷേത്രം ജനുവരി 22ന് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും. 133 കോടി ഇന്ത്യൻ ജനതയും രാമജന്മഭൂമിക്കൊപ്പം എന്ന് പറയുന്ന നരേന്ദ്രമോഡി രഥയാത്രകൾ നയിച്ച എൽ കെ അഡ്വാനിയും മുരളി മനോഹർ ജോഷിയും ഉദ്ഘാടന വേളയിൽ വരേണ്ടതില്ലെന്നും ക്ഷേത്രട്രസ്റ്റ് സെക്രട്ടറിയെക്കൊണ്ട് പറയിപ്പിച്ചു. പിന്നീട് വിവാദമായപ്പോള്‍ അവരെ ക്ഷണിച്ചുവെങ്കിലും മോഡിയെ അധികാരത്തിലെത്തിക്കുവാൻ രാമനെ ആയുധമാക്കിയ അഡ്വാനിക്കും ജോഷിക്കും കാലം കാത്തുവച്ച കാവ്യനീതിയാണിത്.

മിക്കവാറും എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളെയും ജനുവരി 22ന് അയോധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ തൽക്ഷണം ക്ഷണം നിരസിച്ചു. തൃണമൂൽ കോൺഗ്രസും ഡിഎംകെയും ജനതാദൾ യുണൈറ്റഡും നിരസിച്ചു. പക്ഷെ കോൺഗ്രസിന് മിണ്ടാട്ടമില്ല. മതം, വിശ്വാസം എന്നെല്ലാം പറഞ്ഞ് ന്യായീകരണ തൊഴിലാളികളാവുകയാണ് കോൺഗ്രസുകാർ. സോണിയാ ഗാന്ധിയോ പ്രതിനിധിയോ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. കേരളത്തിൽ കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കിൽ ബിജെപിയിൽ പോകുമെന്ന് ഭീഷണിമുഴക്കിയ കെ സുധാകരനും പാതി ബിജെപിയും പാതി കോൺഗ്രസുമായ ശശി തരൂരും ന്യായീകരണതൊഴിലാളികളിൽപ്പെടും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടുന്നു. ഇവരുടെയെല്ലാം മനം സംഘ്പരിവാറിനും മോഡിക്കുമൊപ്പമാണെന്ന് വ്യക്തം.


ഇതുകൂടി വായിക്കൂ: തന്ത്രവേദിയായ അയോധ്യ


രാമക്ഷേത്ര നിർമ്മാണത്തിനായി വലിയതുക താൻ സംഭാവന അയച്ചുവെന്ന് അഭിമാനപൂർവം പറഞ്ഞ കോൺഗ്രസ് ദേശീയ നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ്സിങ്, മോഡിയുടെ ക്ഷണത്തെ സഹർഷം സ്വാഗതം ചെയ്തു. രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളിക്കല്ലുകൾ എത്തിച്ച മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥും മോഡിയുടെ ക്ഷണത്തിൽ ആഹ്ലാദവാന്മാരാണ്. ഈ മൃദുഹിന്ദുത്വ നയത്തിന് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ജനങ്ങൾ നൽകിയ പ്രഹരത്തിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുന്നതേയില്ല. രാഷ്ട്രീയത്തെ മതത്തിൽ ലയിപ്പിക്കുവാനുള്ള സംഘപരിവാര ഫാസിസ്റ്റ് അജണ്ടയിൽ മുങ്ങിത്താഴുകയാണ് കോൺഗ്രസ്.

എൻ ഇ ബാലറാം ദശാബ്ദങ്ങൾക്കുമുമ്പ് ഈ വിധം എഴുതി: “പ്രതിവിപ്ലവത്തിന്റെ മോഹനമുദ്രാവാക്യത്തിൽപ്പെട്ട് മയങ്ങിക്കിടക്കുന്ന ജനങ്ങൾ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അവരെയെല്ലാം ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ആശയപരവും രാഷ്ട്രീയവും സാമ്പത്തികവുമായ സമരങ്ങൾക്ക് ഇന്ന് വമ്പിച്ച പ്രാധാന്യമുണ്ട്. പുത്തൻ ഫാസിസത്തിന്റെ അടിത്തറ അങ്ങനെ മാത്രമേ തകർക്കാൻ കഴിയുകയുള്ളു. മഹത്തായ ഈ സമരം പടിപടിയായി മാത്രമേ നടത്താൻ സാധിക്കുകയുള്ളു. ഈ സമരത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കാൻ സാധിക്കുകയില്ല. കാരണം നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി കിടക്കുന്നത് ഈ സമരത്തിന്റെ വിജയത്തിലാണ്.” വർത്തമാനകാലത്ത് ഈ വാക്കുകൾ കൂടുതൽകൂടുതല്‍ പ്രസക്തമാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.