25 December 2024, Wednesday
KSFE Galaxy Chits Banner 2

പരം കവീനാമാധാരം

ഭാഗം രണ്ട്‌
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 2
July 18, 2023 4:10 am

കുളിച്ചു കുറിയിട്ടു നിത്യവും അമ്പലത്തിൽ പോകുന്ന ഭക്തർക്കു മാത്രമല്ല, ഭാഷാസ്നേഹികളായ മുഴുവൻ മനുഷ്യർക്കും വായിക്കാവുന്ന ഒരു മഹിത സാഹിത്യ ഗ്രന്ഥമാണ് രാമായണം. രാമായണം സാഹിത്യ ഗ്രന്ഥമാണെന്നു പറഞ്ഞിട്ടുളളത് വാല്മീകി രാമായണത്തിലാണ് (ബാലകാണ്ഡം; സർഗം 4; ശ്ലോകം 9). പാരായണത്തിനു സുഖകരമായതും ഗാനമധുരവുമായ രാമായണകാവ്യത്തിൽ ശൃംഗാരം, കരുണം, ഹാസ്യം, രൗദ്രം, ഭയം, വീരം തുടങ്ങിയ നവരസ ജീവിത വികാരങ്ങളും ഉണ്ടെന്നു പ്രഖ്യാപനം ചെയ്യുന്നുണ്ട്. ഈ രാമായണകാവ്യം ‘പരം കവീനാമാധാരം-ഭാവികാലത്ത് ഈ രാമായണ കാവ്യം കവികൾക്ക് ആധാരമാകും’ എന്നും ബാലകാണ്ഡത്തിലെ നാലാംസർഗത്തിൽ 27-ാം ശ്ലോകത്തിൽ പറഞ്ഞിട്ടുണ്ട്. വാല്മീകി മഹർഷി സാഹിത്യ ഗ്രന്ഥമായി അഥവാ കാവ്യമായി കണ്ട രാമായണത്തെ മതഗ്രന്ഥമാക്കി അമ്പലത്തിൽ തളച്ചിടുവാൻ ആർക്കും അധികാരമോ അവകാശമോ അർഹതയോ ഇല്ല. വിക്ടർഹ്യൂഗോവിന്റെയും ദസ്തയേവസ്കിയുടേയും കൃതികളിൽ പള്ളിയും പട്ടക്കാരും ബിഷപ്പും ബൈബിളും ഒക്കെ കടന്നുവരുന്നുണ്ടെന്നു കരുതി നമ്മളാരും മേല്പറഞ്ഞ വിശ്വസാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങളെ പളളിസാഹിത്യമോ മതഗ്രന്ഥമോ ആയി കാണാറില്ലല്ലോ. ഇതുപോലെ മഹർഷിമാരും യാഗ- യജ്ഞങ്ങളും വേദങ്ങളും ഒക്കെ പ്രതിപാദിതമായിട്ടുണ്ടെന്നു കരുതി രാമായണത്തെ അമ്പലങ്ങളിലെ നാമജപ പുസ്തകമായോ മതഗ്രന്ഥമായോ കാണേണ്ടതില്ല‑കാണുന്നത് വാല്മീകി നിന്ദനമാകും. അതിനാൽ എല്ലാ രാമായണങ്ങളെയും പൂർവികങ്ങളായ മഹിത സാഹിത്യ ഗ്രന്ഥങ്ങളായി സാദരം പരിഗണിക്കുന്നു. ഈ നിലയിൽ രാമായണങ്ങളെ പരിഗണിച്ചു പാരായണം ചെയ്തപ്പോഴാണ് ‘പരം കവീനാമാധാരം’ എന്ന വാല്മീകിയുടെ രാമായണത്തെ സംബന്ധിച്ച പ്രസ്താവന അത്യന്തം പരിചിന്തനാർഹമാണെന്നു ബോധ്യമായത്.

 


ഇതുകൂടി വായിക്കൂ; രാമായണമാസം മാതൃഭാഷാ മഹോത്സവമാ‌ക്കാം 


പ്രമേയപരമായും ഭാഷാപരമായും ഒക്കെ രാമായണങ്ങൾക്ക് ഭാരതീയ സാഹിത്യത്തിൽ ചെലുത്താനായ സ്വാധീനം എത്രയെന്നു നിർണയിക്കൽ എളുപ്പമല്ല. ആധുനിക മലയാള സാഹിത്യത്തിൽ തന്നെ കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ മുതൽ പുതുക്കാട് കൃഷ്ണകുമാറിന്റെ ‘രാമഹൃദയം’ വരെയുളള നിരവധി ഖണ്ഡകാവ്യങ്ങൾക്കു രാമായണം എന്ന സീതാരാമന്മാരുടെ ജീവിതയാത്രാ ഗ്രന്ഥം ആധാരമായിട്ടുണ്ട്. സംസ്കൃതത്തിൽ കാളിദാസനും ഭവഭൂതിയും ഉൾപ്പെടെയുളള വിശ്വമഹാകവി പ്രതിഭകൾ തന്നെ രാമായണത്തെ ഉപജീവിച്ച് ഏറെ എഴുതിയിട്ടുളളവരാണ്. തമിഴിലെ കമ്പരാമായണം, ബംഗാളിയിലെ കൃതിവാസ രാമായണം, ഹിന്ദിയിലെ തുളസീദാസ രാമായണം, മലയാളത്തിലെ അധ്യാത്മരാമായണം, മറാത്തിയിലെ ഏകനാഥരാമായണം എന്നിങ്ങനെ നാട്ടുകാരുടെ നാട്ടുഭാഷകളിൽ എഴുതപ്പെട്ട അതതു രാമായണങ്ങളുടെ സ്വാധീനത്തിന് അതതു ഭാഷാസാഹിത്യങ്ങൾ ഏറെ വിധേയമായിട്ടുണ്ട്. ചുരുക്കത്തിൽ ഭാരതദേശത്തെ ഭാഷാസാഹിത്യങ്ങളിൽ നിന്ന് സീതാരാമന്മാരുടെ ജീവിത ചരിതവും അതിന്റെ സ്വാധീനങ്ങളും എടുത്തുമാറ്റിയാൽ ഭൂമിയിൽ നിന്നു ഹിമാലയ പർവതം എടുത്തു മാറ്റിയാലുണ്ടാവുന്നത്ര ശൂന്യത തീർച്ചയായും നമ്മുടെ സാഹിത്യ ലോകത്തുണ്ടാവും. അതിനാൽ,ഭാരതീയ സാഹിത്യ ലോകത്തെ ഹിമവൽ പ്രഭവമായ മഹിത സാഹിത്യ ഗ്രന്ഥമാണ് എന്ന സഹൃദയ യുക്തികൊണ്ട് വേണം, രാമായണത്തെ അമ്പലവാസി ഗ്രന്ഥമാക്കി ചുരുക്കുന്ന വർഗീയ യുക്തിയെ ചെറുക്കാൻ. ഈ ചെറുത്തുനില്പിനുളള വജ്രായുധമാണ് ‘പരം കവീനാമാധാരം’ എന്ന രാമായണത്തെ സംബന്ധിച്ച ആദികവിയുടെ പെരുമ പ്രസ്താവന.
യശഃശരീരനായ യൂസഫലി കേച്ചേരി എന്ന കവി, തുഞ്ചത്തെഴുത്തച്ഛൻ അധ്യാത്മ രാമായണത്തിലൂടെ ചെയ്തതെന്തെന്നു വ്യക്തമാക്കികൊണ്ടെഴുതിയത് ഉദ്ധരിച്ച് രാമായണത്തിന്റെ സാഹിതീയ പെരുമയെപ്പറ്റിയുളള ഈ കുറിപ്പ് ഉപസംഹരിക്കാം; യൂസഫലി എഴുതി; ”മരിക്കുവോരുടെ മനസിലിറ്റിക്കാൻ\ മരണമില്ലാത്ത മൊഴികൾ തീർത്തൊരാ\കവിയെപ്പറ്റിയെൻ വിദേശിയാം മിത്രം\അവികലാനന്ദ പുളകിതാംഗനായ്-\പ്പറഞ്ഞുധന്യമീ മലയാളം, തുഞ്ചൻ-\പറമ്പിലെ മൃത്യുഞ്ജയ പരിമളം!”
ശിലാക്ഷേത്രങ്ങളെക്കൊണ്ടല്ല നൂറുകണക്കിനു സാഹിത്യകാരന്മാരുടെ അക്ഷര ക്ഷേത്രങ്ങളിലാണ് രാമനും സീതയും രാമായണവും നിലനിന്ന്, ജനങ്ങളെയും ഭാഷയെയും സ്വാധീനിച്ചത്. അക്ഷര ക്ഷേത്രങ്ങളിലെ രാമനെ ആദരിക്കുന്നവർ എഴുത്തച്ഛനും എഴുത്തമ്മയും ആവും. ശിലാക്ഷേത്രങ്ങളിലെ രാമനെ മാത്രം ആചരിക്കുന്നവർ പുരോഹിത ചൂഷണങ്ങളുടെ കെണിയിൽ വീഴുന്ന ഇരകളും ആകും. നമ്മൾ ആരാകണമെന്ന് നമ്മൾ തീരുമാനിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.