22 December 2024, Sunday
KSFE Galaxy Chits Banner 2

യതിവേഷമണിഞ്ഞ കാമമാണ് കപടയതിത്വം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം- 27
August 12, 2023 4:10 am

ന്ത്യയെ സന്യാസത്തിന്റെ നാട് എന്നു വിശേഷിപ്പിക്കാറുണ്ട്. ബുദ്ധനും ശങ്കരനും മുതൽ വിവേകാനന്ദനും നാരായണഗുരുവും ഉൾപ്പെടെയുള്ള യതിവര്യരും ഔവ്വയാർ, ആണ്ടാൾ, കാരയ്ക്കലമ്മ തുടങ്ങിയ താപസ മഹതീരത്നങ്ങളും സന്യാസത്തിന്റെ നാടെന്നു വിശേഷിപ്പിക്കാൻ വേണ്ടുന്ന സമുചിതങ്ങളായ ജീവിതസാക്ഷ്യങ്ങളാണ്. നല്ല നാണയങ്ങൾ ഉണ്ടാവുകയും അവയ്ക്ക് വിലമതിപ്പ് സിദ്ധിക്കുകയും ചെയ്യുമ്പോഴാണല്ലോ കള്ളനാണയങ്ങൾ മാളോരെ പറ്റിക്കാനായി ഉണ്ടാക്കപ്പെടുക. ഭാരതത്തിൽ സന്യാസം അതിന്റെ സമുന്നത ഗുണങ്ങളോടെ ബുദ്ധനിലൂടെയും മറ്റും ആവിഷ്കൃതമായി. അങ്ങനെയത് ഏതു മഹാരാജനും എഴുന്നേറ്റു നിന്ന് വണങ്ങുന്ന മഹിത ജീവിതശൈലിയായി ഗുരുഗണനീയത നേടി. അതുകൊണ്ടുതന്നെ ഇന്ത്യയിൽ അംഗീകാരവും ആദരവും നേടണം എന്ന് ആഗ്രഹിക്കുന്ന കുടിലബുദ്ധികളൊക്കെ സന്യാസ വേഷം കെട്ടുന്നത് പതിവാക്കുകയും യഥാർത്ഥ യതിചരിതങ്ങളോടൊപ്പം ചതിയുടെ കപട യതിചരിതങ്ങളും ഇവിടെ ഉണ്ടാവുകയും ചെയ്തു. കപട യതി ചരിതത്തിനും രാമായണത്തോളം പഴക്കമുണ്ടെന്ന് തെളിയിക്കുന്നു സീതയെ അപഹരിക്കാന്‍ യതിവേഷം കെട്ടിയ രാവണൻ.


ഇതുകൂടി വായിക്കൂ:  സീതാരാമന്മാരുടേത് മാതൃകാ ദാമ്പത്യമാണോ..?


രാവണന്റെ കപടയതിത്വത്തെ ‘പുല്ലുമൂടിയ പൊട്ടക്കിണറിനോടാണ് ‘വാല്മീകി ഉപമിച്ചിരിക്കുന്നത്(ആരണ്യകാണ്ഡം; സർഗം 46; ശ്ലോകം 10). പച്ചപ്പുല്ല് മൂടപ്പെട്ട ഉറച്ച ഭൂമിയെന്നു ധരിച്ച് ആരെങ്കിലും കാലുവച്ചാൽ, വാരിക്കുഴിയിലേക്ക് ആനയെന്നപോലെ പൊട്ടക്കിണറിലേക്ക് നിപതിക്കും. ഇതുപോലെയാണ് കപടയതികളെ ആശ്രയിച്ചാൽ ഏതു കുലാംഗനയായ സീതയ്ക്കും സംഭവിക്കാവുന്ന അപകടം എന്നാണ് കാവ്യധ്വനി. ഈരേഴു ലോകവും കീഴടക്കി ഭരിക്കണമെന്ന അധികാര കാമമാണ് രാവണന്റെ സ്വഭാവം. അതിനയാൾ ചതിചെയ്യാൻ കാവിയണിഞ്ഞ് യതിയാവും. അധികാര കാമന്മാരായ രാവണസന്തതികൾ ത്യാഗത്തിന്റെ കാവിയണിഞ്ഞു ചതിചെയ്യുന്ന യതിമാരായാൽ ഭാരതം എന്തായിത്തീരും എന്നാണ് അയോധ്യ ഉൾപ്പെട്ട ഉത്തർപ്രദേശ് സംസ്ഥാനം മുതൽ ഗുജറാത്തും മണിപ്പൂരും ഹരിയാനയും വരെ തെളിയിക്കുന്നത്. അധികാര കാമികളായ രാവണന്മാർ കാവിയണിഞ്ഞാൽ സീതമാരുടെ മാനം കയ്യടക്കി അപമാനിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല. അധികാര രാമായണത്തിന്റെ ആധുനികേന്ത്യ തെളിയിക്കുന്നതും ഇതാണല്ലോ.


ഇതുകൂടി വായിക്കൂ:  സീതാവബോധത്തിൽ പുതഞ്ഞുകിടക്കുന്ന അഹല്യ


ധർമ്മമാണ് ജീവിതത്തെ മഹത്വപ്പെടുത്തുന്ന മർമ്മതത്വം എന്നതാണ് ഭാരതീയതയുടെ പാരമ്പര്യ പാഠം. ധർമ്മം എന്താണ് എന്നതിന് ‘മുനയോ വിഭിന്നഃ’ എന്ന് ആമുഖം പറഞ്ഞുകൊണ്ട് വ്യത്യസ്ത മുനികൾ വ്യത്യസ്തമായ നിലയിൽ നിന്നു ധർമ്മത്തെപ്പറ്റിയുള്ള നിലപാടുകൾ പറഞ്ഞിട്ടുണ്ടെന്ന് ഭാരത പാരമ്പര്യം പറഞ്ഞിട്ടുണ്ട്. ഏകശിലാത്മകമായ മതസംഘടനാ രൂപമൊന്നും ധർമ്മത്തെപ്പറ്റി പറയാനാകില്ലെന്നു ചുരുക്കം. പക്ഷേ ധർമ്മത്തിന്റെ പ്രാണൻ എന്നത് കാമമല്ല ത്യാഗമാണെന്നതിൽ അഭിപ്രായാന്തരം കണ്ടെത്താൻ ഭാരതീയ പാരമ്പര്യ പാഠങ്ങൾ തലങ്ങും വിലങ്ങും പരിശോധിച്ചാലും സാധ്യമല്ല.


ഇതുകൂടി വായിക്കൂ:  കൈകേയിയുടെ കാതിലോതി മന്ഥര മാറ്റിമറിച്ച രാമായണം


ത്യാഗം പ്രാണനായ ധർമ്മമാണ് ഭാരതീയ ജീവിതാദർശം എന്നതിനാലാണ് യതിയുടെ ഭിക്ഷാപാത്രത്തിന്, രാജാവിന്റെ ചെങ്കോലിനെക്കാൾ പ്രഭാവവും പ്രണാമവും ഇന്ത്യയിൽ ലഭിച്ചത്. ഏതുകൊട്ടാരത്തിലെ രാജാവ് ആദരിക്കപ്പെടുന്നതിനെക്കാളും കൊട്ടാരം വിട്ടിറങ്ങിയ, കാടുകേറിയ, ത്യാഗത്തിന്റെ യതിമാർഗം തേടിയ രാജകുമാരന്മാർ ഇന്ത്യയിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധനും രാമനും കൊട്ടാരം വിട്ടു കാടുപൂകിയ രാജകുമാരന്മാരാണെന്നതിനാലാണ് സർവത്ര സമാദരണീയരായത്. ത്യാഗമില്ലാത്തവരും കാമമുള്ളവരും സീതമാരെ കയ്യകലത്തിൽ കിട്ടാൻ കാവിയണിയുന്നതാണ് കപടയതിത്വം. രാവണന്റെ ആ കപടയതിത്വത്തിന് ഇന്നും ഇന്ത്യയിൽ മാതൃകകളുണ്ട്. അവർ കാവിയണിഞ്ഞ്, സീതമാരുടെ ചേലത്തുമ്പിൽ കേറിപ്പിടിച്ച് അവരെ കത്തിച്ചുകളയുന്നു. ഭാരതത്തിന്റെ മോചനം യതിചര്യ ഇല്ലാതാകുമ്പോഴല്ല; മറിച്ച്, കാവിയണിഞ്ഞ രാവണകാമനകളുടെ കപടയതിത്വങ്ങൾ പിടികൂടി പിഴുതെറിയപ്പെടുമ്പോഴാണ് യാഥാർത്ഥ്യമാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.