16 September 2024, Monday
KSFE Galaxy Chits Banner 2

പ്രലോഭിതയും അപഹൃതയുമാകുന്ന സീത

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍— 27
August 11, 2024 4:30 am

മായാജാല വൈഭവത്താൽ മാരീചന്‍ ഒരു പൊന്മാനായി രാമൻ, സീതാലക്ഷ്മണ സമേതം താമസിക്കുന്ന പഞ്ചവടിയുടെ പരിസരത്തെത്തി. പൂവിറുത്തുകൊണ്ടിരുന്ന സീത പൊന്മാനിൽ ആകൃഷ്ടയായി അതിനെ പിടിച്ചുതരണമെന്ന് വാശിപിടിച്ചു. ലക്ഷ്മണൻ ആ അസാധാരണ പൊന്മാൻ മാരീചന്റെ മായാവിദ്യയാകാം എന്നു പറയുന്നുണ്ട്. ‘രാക്ഷസനാണെങ്കിലും അതിനെ കൊല്ലേണ്ടത് എന്റെ ധർമ്മമാണ്, അതല്ല യഥാർത്ഥ മാനാണെങ്കിൽ സീതയ്ക്കത് നല്ല സമ്മാനമാകും’ എന്ന ന്യായം പറഞ്ഞു സീതയെ ലക്ഷ്മണ പരിരക്ഷയിലേല്പിച്ചു രാമൻ മായാമൃഗ വേട്ടയ്ക്ക് പോയി. ഏറെ ദൂരെ മായാമൃഗത്തോടൊപ്പം അമ്പെയ്യാൻ തക്കം നോക്കി രാമനു സഞ്ചരിക്കേണ്ടി വന്നു. ഒടുവിൽ അമ്പെയ്തു. അമ്പേറ്റതും മൃഗം മാരീചനായി. നല്ല ശബ്ദാനുകരണ കലാകാരൻ കൂടിയായിരുന്ന മാരീചൻ രാമന്റെ ശബ്ദം അനുകരിച്ചു ‘ഹേ ലക്ഷ്മണാ, സീതേ’ എന്നിങ്ങനെ ദീനസ്വരത്തിൽ പ്രലപനം ചെയ്തു മരിച്ചു. 

ദീനവിലാപം കേട്ട് രാമന് ആപത്തുപിണഞ്ഞെന്ന് ധരിച്ച സീത ലക്ഷ്മണനോട് കാട്ടിലേക്കു പോയി നോക്കാൻ പറയുന്നു. രാമന് ആപത്തുണ്ടാക്കാൻ ആർക്കും ആവില്ല എന്നുറപ്പുണ്ടായിരുന്നതിനാൽ ലക്ഷ്മണന്‍ സീതയുടെ ആജ്ഞ അനുസരിക്കാൻ തയ്യാറാവുന്നില്ല. ഇത്തരുണത്തിൽ ‘രാമനില്ലാതായാൽ നിനക്ക് എന്നോടു കൂടെ കഴിയാം എന്നു മോഹമുണ്ടെങ്കിൽ അതു നടക്കില്ല. രാമനില്ലാതെ വന്നാൽ ഞാൻ പ്രാണാഹൂതി ചെയ്യും’ എന്നിങ്ങനെയുളള പരുഷവാക്യങ്ങൾ സീത പറയുന്നു. വൈകാരിക തീവ്രതയാൽ വിവേകം പാടെ നിലതെറ്റിയ ഇത്തരം സീതാവാക്യങ്ങളാൽ ഉള്ളം നൊന്ത്, ലക്ഷ്മണൻ സീതയെ തനിച്ചാക്കി പോകുന്നു. ഈ അവസരത്തിലാണ് സന്യാസി വേഷം പൂണ്ടെത്തുന്ന രാവണൻ ഭിക്ഷ നൽകാനായി അരികെ വന്ന സീതയെ ബലാൽ അപഹരിച്ചുകൊണ്ടു പോകുന്നത്.
രാമായണത്തിലെ ഈ സീതാപഹരണ സന്ദർഭം ഏറ്റവും മർമ്മസ്പൃക്കും ചിന്തോദ്ദീപകവുമാണ്. നമ്മൾ അസാധാരണമായ കാര്യങ്ങളെ പ്രതി പ്രലോഭിതരാകുമ്പോഴാണ് നമ്മളെ അപഹരിക്കാൻ മറ്റുള്ളവർക്ക് കഴിയുന്നത്. പ്രലോഭനത്തിനു കീഴ്പ്പെടാത്തവരെ കീഴടക്കാൻ ഒരു അധികാര ശക്തിക്കും ആവില്ല. സീത മായപ്പൊന്മാനാൽ പ്രലോഭിതയായപ്പോൾ രാവണന് അവളുടെ അരക്കെട്ടിൽ പിടിമുറുക്കി കടത്തിക്കൊണ്ടു പോകാനായി. നമ്മുടെ സ്വാതന്ത്ര്യം അധികാരത്തിന്റെ രാക്ഷസബലങ്ങളാൽ അപഹൃതമായിട്ടുണ്ടെങ്കിൽ അതിനർത്ഥം നമ്മൾ പ്രലോഭനീയങ്ങളായ വൈകാരികതകൾക്ക് കീഴ്പ്പെട്ട് പ്രചോദനീയങ്ങളായ വിവേകങ്ങളെ വിഗണിച്ചിട്ടുണ്ടെന്നാണ്. 

നമ്മുടെ മുന്നിലുളള മായപ്പൊന്മാൻ രാഷ്ട്രീയത്തിന് ‘രാമരാജ്യ രാഷ്ട്രീയം’ എന്നായിരിക്കാം പേരെങ്കിലും അത് രാവണൻ കെട്ടിയ സന്യാസ വേഷം പോലെ നമ്മളെ വഞ്ചിച്ച് അപഹരിക്കാനുള്ളതാണെന്നു നാം തിരിച്ചറിയണം. നമ്മുടെ സ്വാതന്ത്ര്യമാകുന്ന സീതയെ അപഹരിക്കാൻ കാവിവേഷം കെട്ടി വോട്ടുഭിക്ഷയെടുക്കാൻ വന്നണയുന്നവരെ ലക്ഷ്മണരേഖ താണ്ടാത്തവിധം അകലത്തിൽ നിർത്താൻ നമുക്കാവണം. അല്ലാത്തപക്ഷം നമ്മുടെ ജീവിതവും നാടിന്റെ ജീവിതവും രാവണലങ്കയിലെ സീതാജീവിതം പോലെയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.