26 June 2024, Wednesday
KSFE Galaxy Chits

റാണി തോട് ഇനി തെളിനീരുമായി 
കടലാഴങ്ങളിലേയ്ക്ക്

Janayugom Webdesk
ആലപ്പുഴ
April 22, 2022 7:25 pm

ആലപ്പുഴ: നഗരത്തിലെ മാലിന്യവും പേറി ഒഴുക്ക് നിലച്ച റാണി തോട് ഇനി തെളിനീരുമായി കടലാഴങ്ങളിലേക്ക്. ആലപ്പുഴ നഗരസഭയുടെ മഴയെത്തും മുൻപേ ക്യാമ്പയിന്റെ ഭാഗമായി തെളിനീർ ഒഴുകും റാണി തോട് ശുചിത്വക്യാമ്പയിൻ വാടപ്പൊഴിയിൽ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം റാണി തോടിന്റെ കരയിൽ അണിനിരന്ന ബഹുജനങ്ങൾ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ഒപ്പം വാടപ്പൊഴി പാലത്തിനുസമീപം നഗരത്തിലെ നീർച്ചാലുകളുടെ വീണ്ടെടുപ്പിന്റെ ശിലാഫലകം സ്ഥാപിച്ചു.

റാണി തോടിന്റെ ഇരുകരകളിലെയും വീടുകൾ ശുചീകരിക്കുകയും ശുചിത്വ സ്റ്റിക്കർ പതിക്കുകയും ചെയ്തു. വാടപ്പൊഴിയിലും ഇരവുകാടുമായി 500 ൽ അധികം ആളുകളാണ് റാണി തോടിന്റെ കരകളിലായി അണി നിരന്നത്. വൈസ് ചെയർമാന്‍ പിഎസ്എം ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രമേശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, കൗൺസിലർമാരായ ബി നസീർ, ക്ലാരമ്മ പീറ്റർ, എം ആർ പ്രേം, മേരി ലീന, പി രഹിയാനത്ത്, സലീം, എൽജിൻ റീച്ചാർഡ്, നസീർ പുന്നക്കൽ, ഹെൽത്ത് ഓഫീസർ കെപി വർഗ്ഗീസ്, ഹെഡ് ക്ലർക്ക് പ്രിൻസ്, എച്ച് ഐ മാർ, ജെ എച്ച് ഐ മാർ, കാൻ ആലപ്പി പ്രവർത്തകർ ഐആർറ്റിസി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭ ശുചീകരണ തൊഴിലാളികൾ ജീവനക്കാർ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി. നഗരസഭയുടെ സമ്പൂർണ ശുചിത്വ പദവി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിർമല ഭവനം നിർമല നഗരം 2.0 അഴകോടെ ആലപ്പുഴ ക്യാമ്പയിന്റെ ഏറ്റവും വലിയ വെല്ലുവിളി മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട തോടുകളായിരുന്നു. തെളിനീർ ഒഴുകും റാണി തോട് ക്യാമ്പയിൻ ഇതിനൊരു തുടക്കം മാത്രമാണ്. റാണി തോട് കടന്ന് പോകുന്ന 9 വാർഡുകളിലായി 3587 വീടുകൾ ഇതിനോടകം വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി കഴിഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ റാണി തോടിന്റെ കരയിലെ 9 വാർഡും സമ്പൂർണ്ണ ശുചിത്വ ലക്ഷ്യം കൈവരിക്കും. നഗരത്തിലെ മുഴുവൻ തോടുകളിലും ഉടൻ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. കനാൽ കമ്മറ്റികൾ രൂപീകരിക്കുകയും തോടിന്റെ സംരക്ഷണ ചുമതലകൾ വിഭജിച്ച് നൽകുകയും ചെയ്യും. ഒപ്പം സാമാന്തരമായി ഓരോ വീടുകളിലെയും ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.