
പതിനേഴുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമിത്തിനിരയാക്കിയ പ്രതിക്ക് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി 49 വര്‍ഷം കഠിന തടവും 501000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് പയ്യനാടം പള്ളിക്കുന്ന് പുളിക്കല്‍ ഇബ്രാഹിം (50) നെയാണ് ജഡ്ജ് എ എം അഷ്റഫ് ശിക്ഷിച്ചത്. 2019 ഏപ്രില്‍ മാസം മുതലുള്ള പല ദിവസങ്ങളില്‍ കുട്ടിയെ മണ്ണാര്‍ക്കാടും പെരിന്തല്‍മണ്ണയിലുമുള്ള ടൂറിസ്റ്റ് ഹോമുകളില്‍ കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒതുക്കുങ്ങല്‍ പുത്തൂരില്‍ വെച്ച് കാറില്‍ കയറ്റി പീഡിപ്പിച്ചതായും പരാതിയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയെ പിന്തുടര്‍ന്ന് പണം നല്‍കി വശീകരിച്ചാണ് പീഡനം. പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷം കഠിന തടവ് ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ്, പോക്സോ ആക്ടിലെ അഞ്ച് (എല്‍) പ്രകാരം 20 വര്‍ഷം കഠിന തടവ് രണ്ട് ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവ്, ഒമ്പത് (എല്‍) പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ് അര ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ്, 11(4) വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ്, കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഏഴ് വര്‍ഷം കഠിന തടവ് ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ്, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്ന് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ്, തടഞ്ഞുവെച്ചതിന് ഒരു വര്‍ഷം കഠിന തടവ് 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 10 ദിവസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതന് നല്‍കാനും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശവും നല്‍കി. കോട്ടക്കല്‍ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന റിയാസ് ചാക്കീരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ ഒ പ്രദീപ്, എം സുജിത് എന്നിവര്‍ തുടരന്വേഷണം നടത്തി. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകളും ഹാജരാക്കി. അസി. സബ് ഇന്‍സ്പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.