സംസ്ഥാനത്തെ രണ്ടാമത്തെ കടുവാസങ്കേതമായ പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ ആകാശത്ത് പാറിക്കളിക്കുന്നത് 290ലധികം പക്ഷികള്‍. ഇതില്‍ മുപ്പതോളം പക്ഷികളെ സങ്കേതത്തില്‍ ഇതുവരെ കാണാത്തവ. പാലക്കാടും തൃശൂരിലുമായി വ്യാപിച്ചുകിടക്കുന്ന സങ്കേതത്തില്‍ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയും (എന്‍എച്ച്എസ്) മറ്റ് സര്‍ക്കാരിതര സംഘടനകളും വനംവകുപ്പിന്റെ സഹായത്തോടെ നാലുദിവസം നടത്തിയ വാര്‍ഷിക ജന്തുജാലസര്‍വേയില്‍ കണ്ടെത്തിയത് അഞ്ഞൂറിലധികം ജീവികളെ. ഇവയില്‍ പലതും ഇവിടെ ഇതുവരെ കാണാത്തതും ഐയുസിഎന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവയുമാണ്.
തോട്ടങ്ങളും ഉപഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ആവാസ വ്യവസ്ഥകളിലുമായി നടത്തിയ സര്‍വേയില്‍ വരണ്ട കാലാവസ്ഥ ആയിട്ട് പോലും ഇത്രയധികം ജീവി വര്‍ഗത്തെ കാണാനായത് ഏറെ പ്രധാന്യമുള്ളതായി ഗവേഷകര്‍ പറയുന്നു. സര്‍വേയില്‍ 200ലധികം പക്ഷികളുടെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. സങ്കേതം മുഴുവന്‍ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ നിരവധി കൂട്ടങ്ങളെ കാണാനായി. കറുത്ത കൊക്ക്, വരയുള്ള കൊക്ക്, മലമുകളില്‍ കണ്ടുവരുന്ന കഴുകന്‍ പരുന്ത്, ചെറിയ മീന്‍പരുന്ത്, വെള്ളക്കണ്ണുള്ള പരുന്ത്, നീല ചെവിയന്‍ പൊന്മാന്‍, ചെങ്കണ്ണന്‍ കുട്ടുറുവന്‍, ചെമ്പുവാലന്‍ പാറ്റ പിടിയന്‍, എന്നിവ പറമ്പിക്കുളത്ത് സജീവമായി കാണപ്പെട്ട പ്രധാന പക്ഷികള്‍.
പുതിയ 11 ഇനങ്ങള്‍ ഉള്‍പ്പെടെ 209 തരം ചിത്രശലഭങ്ങളെയും തിരിച്ചറിഞ്ഞു. നാട്ടുമയൂരി, കരിയില ശലഭം, പുള്ളി നവാബ്, ഇരുളന്‍വേലി നീലി, നീല ചെമ്പന്‍ വെള്ളവരയന്‍, മലബാര്‍ മിന്നല്‍ എന്നിവയാണ് ചിത്ര ശലഭങ്ങളില്‍ ശ്രദ്ധേയമായവ. കൂടാതെ പശ്ചിമഘട്ടത്തില്‍ പ്രാദേശികമായി കണ്ടുവരുന്ന മലബാര്‍ റോസ്, മലബാര്‍ രാവണന്‍, പുള്ളിവാലന്‍, സഹ്യാദ്രി ഗ്രാസ് യെല്ലോ, വനദേവത എന്നിവയും ഏറെയുണ്ട്. ഇതോടെ പറമ്പിക്കുളത്ത് രേഖപ്പെടുത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 285 ആയി. ഉയര്‍ന്നു. പുഴുക്കടുവ, നീലച്ചിന്നന്‍, പത്തിപുല്‍ ചിന്നന്‍, ചെങ്കറുപ്പന്‍ അരുവിയന്‍, വയനാടന്‍ മുളവാലന്‍ എന്നിങ്ങനെ 30 തുമ്പികളെയും രേഖപ്പെടുത്തി. പുതിയ കണ്ടെത്തലോടെ തുമ്പിവര്‍ഗം സങ്കേതത്തില്‍ 54 എണ്ണമായി.
12 ഇനം ഉരഗങ്ങളെയും ആറുതരം ഉദയജീവികളെയും കടുവ, പുള്ളിപ്പുലി, തേന്‍ കരടി, കാട്ടുപോത്ത്, പുള്ളിമാന്‍, വെരുക്, ചെങ്കീരി തുടങ്ങി വൈവിധ്യങ്ങളായ ജീവിവര്‍ഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇത്. സര്‍വേ പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജിത്ത് ആര്‍ ഫ്ലാഗ് ഓഫ് ചെയ്തു. റേഞ്ച് ഓഫിസര്‍മാരായ വിനോദ് പി വി, ബാബു എം എം, ബയോളജിസ്റ്റ് വിഷ്ണു വിജയന്‍, ടിഎന്‍എച്ച്എസ് റിസര്‍ച്ച് അസോസിയേറ്റ് കലേഷ് സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
English Summary: Rare organisms in Parambikulam sky and earth
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.