മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗിനുള്ള സമയം നീട്ടിയതിന്റെ ആശ്വാസത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍. ഈ മാസം 25 വരെയാണ് നീട്ടിയത്. നേരത്തെ, സെപ്റ്റംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ എട്ടിന് അവസാനിക്കുന്ന തരത്തിലായിരുന്നു സമയപരിധി. എന്നാല്‍ സംസ്ഥാനത്ത് 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂര്‍ത്തിയായിരുന്നുള്ളു. സുപ്രീംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ളവരുടെ കാര്‍ഡുകളുടെ ഇ-കെവൈസി അപ്ഡേഷന് തുടങ്ങിയത്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാസര്‍കോട് ജില്ലയില്‍ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ ബയോ മെട്രിക് മസ്റ്ററിംഗിനായി സർക്കാർ നേരത്തെ അനുവദിച്ച സമയപരിധി ഒക്ടോബര്‍ എട്ടിന് കഴിഞ്ഞപ്പോൾ ജില്ലയിൽ പൂർത്തിയായത് 74 ശതമാനം മാത്രം. അന്ത്യോദയ അന്നയോജന (എഎവൈ — മഞ്ഞ) വിഭാഗത്തിൽ ജില്ലയിലാകെ 1,22,784 കാർഡുകൾ ഉള്ളതിൽ 96,589 കാർഡുകളുടെ മസ്റ്ററിംഗാണ് പൂർത്തിയായത്. മുൻഗണന (പിങ്ക്) വിഭാഗത്തിൽ 4,97,428 കാർഡുകളുള്ളതിൽ 3,64,958 കാർഡുകളുടെ മസ്റ്ററിംഗ് പൂർത്തിയായി.
സ്ഥലത്തില്ലാത്ത അംഗങ്ങളാണ് മസ്റ്ററിംഗ് നടത്താൻ കൂടുതലായി ബാക്കിയുള്ളത്. 10 വയസിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ ആധാർ കാർഡുകൾ നിശ്ചിത സമയപരിധിയിൽ പുതുക്കാതിരുന്നത് മസ്റ്ററിംഗിന് തടസമായി. ഇവർ ഇനി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിൽ ചെന്ന് ആധാർ കാർഡ് പുതുക്കിയതിനുശേഷം വീണ്ടും മസ്റ്ററിംഗിനായി അവസരം കിട്ടാൻ കാത്തുനില്‍ക്കേണ്ടിവരും. കൈ കൊണ്ട് കഠിനമായ ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ വിരലടയാളത്തിൽ വ്യത്യാസമുണ്ടാകുന്നതും മസ്റ്ററിങിന് തടസ്സമായി. മരിച്ച അംഗങ്ങൾ മസ്റ്ററിംഗിനുള്ള സമയപരിധിക്കു ശേഷം സ്വാഭാവികമായി റേഷൻ കാർഡുകളിൽനിന്ന് ഒഴിവാകും. കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂൾ വിട്ടിറങ്ങിയ കുട്ടികളെയും കൊണ്ട് മസ്റ്ററിംഗിനെത്തിയവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. കുട്ടികളുടെ ആധാർ കാർഡ് പുതുക്കാതിരുന്നവർ വീണ്ടും അക്ഷയ കേന്ദ്രങ്ങളിലേക്കു പോയി ആധാർ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനാകാത്തതിനാൽ മിക്കവരും നിരാശയോടെ മടങ്ങി. മസ്റ്ററിംഗ് നടത്താനാകാത്തവരുടെ റേഷൻ വിഹിതം അടുത്തമാസം മുതൽ ഇല്ലാതാകുമെന്നാണ് സർക്കാരിന്റെ അറിയിപ്പ്. സമയ പരിധി നീട്ടിയതോടെ ആശ്വാസത്തിലാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.