സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ആവേശം നിറച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരം. വേദിയിലെത്തിയ ടീമുകള്‍ ഒന്നൊഴിയാതെ അഭിനയകലയുടെ മര്‍മം തൊട്ടപ്പോള്‍ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ തടിച്ചുകൂടിയ കാണികളില്‍ ആവേശം അണപ്പൊട്ടി. മാനായും മയിലായും ആനയായും കുട്ടികള്‍ വേഷപ്പകര്‍ച്ചയിലൂടെ ആസ്വാദകരെ അമ്പരിപ്പിച്ച നിമിഷങ്ങള്‍ക്കാണ് സദസ് സാക്ഷ്യം വഹിച്ചത്. ആകെ 15 ടീമുകള്‍ മാറ്റുരച്ച നാടക മത്സരം നിലവാരംകൊണ്ടും ഏറെ മുന്നില്‍ നിന്നു. വയനാട് ജില്ലയിലെ മാനന്തവാടി ജി വി എച്ച് എസ് എസിലെ കുട്ടികളുടെ രാവണന്‍ എന്ന നാടകത്തോടെയാണ് ഇന്നലെ വേദി ഉണര്‍ന്നത്. രാവണ ചരിതം രാമനെ സൈഡാക്കി കുട്ടികള്‍ അഭിനയിച്ച് തകര്‍ത്തതോടെ ഇനി വരാനുള്ളത് ഗംഭീര പ്രകടനങ്ങളാണെന്ന ധ്വനി കാണികളില്‍ നിന്നുയര്‍ന്നു. അതേ സമയം മത്സരത്തിന് മുമ്പ് ചില ആശങ്കകളും ഉയര്‍ന്നു. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ രാവണന്‍ നാടക സംഘത്തിന് കൃത്യമായി വേദിയിലെത്താന്‍ സാധിക്കുമോ എന്നതായിരുന്നു സംശയം. ഒടുവില്‍ അവസാന മുന്നറിയിപ്പ് പുറപ്പെടുവിക്കും മുമ്പ് ഓടിക്കിതച്ച് എത്തിയാണ് ടീം വയനാട് നാടകം അവതരിപ്പിച്ചത്. സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി രാവണന്റെ ജീവിതവുമായി ചേര്‍ത്ത് വായിക്കപ്പെട്ട രാവണന്‍ ആസ്വാദകരുടെ മനം കവര്‍ന്നാണ് വേദി വിട്ടത്.
തൊട്ടുപിന്നാലെ കോഴിക്കോട് നിന്ന് അപ്പീലുമായി എത്തിയ ഫൈറ്റര്‍ എന്ന നാടകവും കൈയ്യടികളേറ്റുവാങ്ങി. ഗുസ്തി ഫെഡറേഷന്റെ ചതിയില്‍പ്പെട്ട് ഒളിമ്പിക്‌സ് വേദിയില്‍ നിന്ന് കണ്ണീരുമായി മടങ്ങിയ വിനേഷ് ഫോഗട്ടിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫൈറ്റര്‍ നാടകം കോഴിക്കോട് ബി ഇ എം ജി എച്ച് എസ് എസിലെ കുട്ടികള്‍ അവതരിപ്പിച്ചത്. ചതിച്ച് വീഴ്ത്തിയവരുടെ മുന്നിലൂടെ വിജയിച്ചുകയറിയ ഫൈറ്ററിലെ നായികയുടെ പ്രകടനമാണ് നാടകത്തെ വേറിട്ട് നിര്‍ത്തിയത്. ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ വി എച്ച് എസ് എസിലെ കുട്ടികള്‍ അവതരിപ്പിച്ച ‘കാനി’ സമ്മാനിച്ചത് വേറിട്ട നാടകാനുഭവം. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന തെയ്യമായ കാനി വേദിയിലെത്തി സംസാരിച്ചതും സ്ത്രീകള്‍ക്ക് വേണ്ടി തന്നെ.
കൈകാര്യം ചെയ്ത വിഷയം കുറച്ചുകൂടി ഗൗരവമുള്ളതാണെന്ന് മാത്രം. രാജ്യത്തെ മനഃസാക്ഷിയെ ഞെട്ടിച്ച ബില്‍ക്കീസ് ബാനു കേസിലൂടെ തുടങ്ങിയ കാനി മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വന്നാണ് അവസാനിച്ചത്. പിന്നാലെ ആസ്വാദകരെ കൈയ്യിലെടുത്തത് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ‘ഏറ്റം’ നാടകമാണ്. കാട്ടിലായായലും നാട്ടിലായാലും മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന കയ്യേറ്റം കുട്ടികള്‍ ഹൃദ്യമായി തന്നെ വേദിയിലെത്തിച്ചു. മാരി എന്ന കാട്ടുകൊമ്പനിലൂടെ മനുഷ്യത്വം മരിക്കുന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഏറ്റത്തിലൂടെ കുട്ടികള്‍ പകര്‍ന്നാടിയത്. പാലക്കാടിന്റെ കയവും എറണാകുളം ജില്ലയിലെ കുട്ടികള്‍ അവതരിപ്പിച്ച കോവലവും ആലപ്പുഴയില്‍ നിന്നെത്തിയ സര്‍ക്കസുമെല്ലാം നാടക പ്രേമികളുടെ മനസ് കവര്‍ന്നാണ് വേദി വിട്ടത്. ടാഗോര്‍ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സദസ് കൈയ്യടികളോടെയാണ് ഓരോ ടീമിന്റെ പ്രകടനവും ഏറ്റുവാങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.