14 April 2025, Monday
KSFE Galaxy Chits Banner 2

മാരീചന്റെ രാവണോപദേശം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍-25
August 9, 2024 4:30 am

ധികാരികൾ അവരറിയാതെ അഹങ്കാരത്തിന് അധീനപ്പെടും. അത്തരം അധികാരികൾ അന്ധരും ബധിരരും ആയിത്തീരും, കണ്ടറിവും കേട്ടറിവും ഇല്ലാത്തവരാകും. അകമ്പനൻ എന്ന രാക്ഷസ സൈനികൻ പേടിച്ചരണ്ടു ലങ്കയിലെത്തി വിവരങ്ങൾ പറയുന്നതുവരെ ജനസ്ഥാനം എന്ന തന്റെ ഭരണപ്രദേശത്ത് തന്റെ സഹോദരി ശൂർപണഖ രാമ‑ലക്ഷ്മണന്മാരാൽ വിരൂപയാക്കപ്പെട്ടതും, അതു ചോദ്യംചെയ്യാൻ പോയ ഖര‑ദൂഷണ‑ത്രിശിരസാദി രാക്ഷസ യോദ്ധാക്കൾ പതിനായിരക്കണക്കിന് ഭടന്മാരോടുകൂടി രാമബാണത്താൽ കൊല്ലപ്പെട്ടതും ഒന്നും രാവണൻ അറിഞ്ഞില്ല. നടക്കാൻ പോകുന്നത് മുന്നേക്കൂട്ടി അറിയുന്ന ആളും നടക്കേണ്ടത് നടപ്പിൽവരുത്തുന്ന ആളുമാകണം നല്ല ഭരണാധികാരി. രാവണൻ ഇക്കാര്യത്തിൽ പരാജയപ്പെട്ടു. നടക്കാൻ പോകുന്നത് മുന്നേ അറിയാനുള്ള ചാരചക്ഷുസ് രാവണനുണ്ടായില്ല. ചാരന്മാരിലൂടെ വിദൂരങ്ങളെ കാണുന്നയാളാണ് ചാരചക്ഷുസ്. ഇക്കാലത്ത് ഐബി റിപ്പോർട്ടുകൾ പരിഗണിച്ച് ഭരിക്കുന്ന രീതി പോലൊന്നാണ് പണ്ടുകാലത്ത് ചാരന്മാർ നൽകുന്ന അറിവു പരിഗണിച്ച് വരുംവരായ്കകളെ മുന്നേക്കൂട്ടി കണ്ട് നാടുഭരിക്കൽ. ഈ ഭരണനൈപുണി രാവണനുണ്ടായിരുന്നെങ്കിൽ രാമ‑ലക്ഷ്മണന്മാർ വിതച്ചേക്കാവുന്ന അപകടങ്ങളെ മുന്നേക്കൂട്ടി തന്നെ രാവണൻ അറിഞ്ഞ് വേണ്ടത് ചെയ്യുമായിരുന്നു.

എന്തായാലും ശൂർപണഖയ്ക്കും ഖര‑ദൂഷണാദി സഹോദരർക്കും രാമ‑ലക്ഷ്മണന്മാർ വരുത്തിയ കെടുതിയും നാശവും അറിഞ്ഞ രാവണൻ, പ്രതികാര നടപടിയായി സീത എന്ന രാമന്റെ പ്രാണപ്രിയയെ അപഹരിക്കാൻ തീരുമാനിക്കുന്നു. അതിനായി മായാജാലവിദ്യയിൽ നിഷ്ണാതനായ മാരീചന്റെ സഹായം തേടുന്നു. തദവസരത്തിലാണ് താൻ വിശ്വാമിത്രയാഗം മുടക്കാൻ ശ്രമിച്ചതും രാമബാണത്താൽ വേട്ടയാടപ്പെട്ട് കടലിൽപ്പതിച്ചതുമായ മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ മാരീചൻ രാവണനെ ഉപദേശിക്കുന്നത്. ഉപദേശം ആരംഭിക്കുന്നതു തന്നെ ഏതു കാലത്തെ ഭരണാധികാരിയും നന്നായി കേട്ടു സ്വാംശീകരിക്കേണ്ട ഒരു വാക്യത്തോടു കൂടിയാണ്; ”സുലഭാഃ പുരുഷാ രാജൻ സതതം പ്രിയവാദിനഃ അപ്രിയസ്യ ച പഥ്യസ്യ വക്താ ശ്രോതാ ച ദുർലഭഃ” (രാജാവേ, പ്രിയം പറയുന്ന ആളുകൾ വളരെയേറെയുണ്ടാവും. പക്ഷേ പഥ്യവും ‑ആരോഗ്യദായകമായത്- അപ്രിയവും ആയ കാര്യങ്ങൾ പറയുന്നവർ ചുരുക്കമേ ഉണ്ടാകൂ- അരണ്യകാണ്ഡം; സർഗം 37; ശ്ലോകം രണ്ട്). അധികാരിയുടെ മുഖത്തുനോക്കി പ്രിയം മാത്രം പറയുന്നവരെ എക്കാലത്തും ധാരാളം കാണാം. ഇത്തരം മുഖസ്തുതിപാഠകരെ കേട്ട് അപ്രിയസത്യങ്ങൾ കേൾക്കാൻ കഴിയാത്ത അസഹിഷ്ണുത ഭരണാധികാരികളെ ബാധിക്കാൻ തുടങ്ങുന്നു. പിന്നെപ്പിന്നെ അപ്രിയം പറയുന്നവർ തന്റെ ശത്രുക്കളാണെന്നും അത്തരക്കാർ ഇല്ലാതാക്കപ്പെടണമെന്നുമുള്ള മനോനിലയിലേക്ക് അവരെത്തുന്നു. ഇതോടെ അയാളുടെ ഭരണം വേരറ്റ മഹാവൃക്ഷം പോലെ നിലംപൊത്തുന്നു. മാരീചൻ രാവണനു നൽകിയ ഉപദേശത്തിന്റെ സ്വഭാവ സാരവും ധ്വനികളും ഇത്രയുമാണ്.

നല്ല ഭരണാധികാരികൾ അപ്രിയങ്ങള്‍ക്ക് കൂടി ചെവികൊടുത്ത് ഉൾക്കൊള്ളണം. വലിയ വീഴ്ചകൾ ഒഴിവാകാനത് സഹായകമാകും. ഇക്കാര്യം ഇക്കാലത്തും ഇന്ത്യയിലും ബംഗ്ലാദേശിലും ഒക്കെ പ്രസക്തമാണല്ലോ. ശുർപണഖയെ കേട്ട് രാമനെതിരെ തിരിയുന്നത് രാക്ഷസകുലത്തിന്റെ തന്നെ നാശത്തിന് ഇടവരുത്തും എന്ന അപ്രിയ സത്യം രാവണനോടു പറയുന്നതിന്റെ മുന്നോടിയായാണ് മാരീചോപദേശം സംഭവിക്കുന്നത്. ഈ ഉപദേശത്തിൽ മാരീചൻ എന്ന രാക്ഷസനാണ് അല്ലാതെ ബ്രാഹ്മണരോ ക്ഷത്രിയരോ അല്ല രാമനെ ധർമ്മവിഗ്രഹം (രാമോ വിഗ്രഹവാൻ ധർമ്മഃ) എന്നു വിശേഷിപ്പിക്കുന്നത്. പിണറായി വിജയൻ നല്ല മുഖ്യമന്ത്രിയാണെന്ന് കെ എം ഷാജി പറഞ്ഞാലത്തെ പ്രസക്തി, രാമനെ ധർമ്മവിഗ്രഹം എന്നു വിശേഷിപ്പിച്ച മാരീചവാക്യത്തിനുണ്ട് എന്നു ചുരുക്കം.

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.