
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആര്‍ബിഐ) പുതുക്കിയ സ്വര്‍ണപ്പണയ വായ്പ മാര്‍ഗനിര്‍ദേശം ഇടപാടുകാര്‍ക്ക് കൂടുതല്‍ കുരുക്കാകും. ഇതുവരെ അനുവര്‍ത്തിച്ചുവന്നിരുന്ന മാര്‍ഗനിര്‍ദേശം പുതുക്കിയതോടെയാണ് സ്വര്‍ണപ്പണയ വായ്പ രീതി സങ്കീര്‍ണമാകുന്നത്. 2025 മധ്യത്തില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഈടായി സമര്‍പ്പിക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംശയാസ്പദമാണെങ്കില്‍ വായ്പ നീട്ടി നല്‍കേണ്ടതില്ല എന്ന് വായ്പാദാതാക്കളോട് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതാണ് സ്വര്‍ണവായ്പക്കാരെ പ്രതികൂലമായി ബാധിക്കുക. ഉടമസ്ഥതയുടെ തെളിവോ അത്തരം ഉടമസ്ഥതയുടെ രേഖാമൂലമുള്ള സ്ഥിരീകരണമോ ആര്‍ബിഐ നിർബന്ധമാക്കുന്നതാണ് പുതിയ വ്യവസ്ഥ. ഇതോടെ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് ഇത്രയധികം സ്വർണം കൈമാറുന്നതോ രേഖകൾ ഇല്ലാതെ സമ്മാനമായി കൈമാറുന്നതോ ആയ ഈടിന് വായ്പ നീട്ടി നല്‍കേണ്ടതില്ല എന്നാണ് ആര്‍ബിഐ പൊതുമേഖല ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. സുരക്ഷാ ഉറപ്പാക്കാനും തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും പുതിയ ഉത്തരവ് വഴി തുറക്കുമെങ്കിലും ഉടമസ്ഥാവകാശ രേഖ വായ്പക്കാര്‍ ഹാജരാക്കുക എന്ന വ്യവസ്ഥ ഇടപാടുകര്‍ക്ക് പ്രതിബന്ധമാകും.
മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ കർശനമായ വായ്പാ മൂല്യ അനുപാതങ്ങളും ആര്‍ബിഐ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 2.5 ലക്ഷം രൂപ വരെയുള്ള സ്വര്‍ണപണയ വായ്പകൾക്ക് സ്വർണ മൂല്യത്തിന്റെ 85 വായ്പ മാത്രമേ അനുവദിക്കാവു. 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ മൂല്യം 80 ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ വായ്പ എടുക്കുന്നതിന് മുമ്പ് നിലവിലുള്ള സ്വര്‍ണ വായ്പകള്‍ പൂര്‍ണമായും തിരിച്ചടയ്ക്കണമെന്നും ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു. ഇതും വായ്പകാര്‍ക്ക് തിരിച്ചടിയാകും. പുതുക്കിയ നിര്‍ദേശത്തില്‍ വായ്പ എടുക്കുന്നവരുടെ വരുമാനം, തിരിച്ചടവ് ശേഷിയും പരിശോധന വിധേയമാക്കണമെന്നും പറയുന്നു. ഇത്തരം മാര്‍ഗനിര്‍ദേശം രാജ്യത്തെ ഭൂരിപക്ഷം വരുന്ന സ്വര്‍ണപ്പണയ വായ്പ ഇടപാടുകാരെ പൊതുമേഖല ബാങ്കില്‍ നിന്ന് അകറ്റുന്നതിന് ഇടവരുത്തും. പകരം സ്വകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും ആശ്രയിച്ച് സ്വര്‍ണപണയ വായ്പ സംഘടിപ്പിക്കാനുള്ള കുറുക്കുവഴി തുറക്കുകയും ചെയ്യും.
സ്വര്‍ണത്തിന് പ്രത്യേക രേഖ സൂക്ഷിക്കാത്ത ഇന്ത്യക്കാരുടെ വായ്പ വഴിയുള്ള സാമ്പത്തിക ഇടപടാണ് ഇതോടെ നിലയ്ക്കുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പരമ്പര്യമായി കൈമാറി വന്നതും സമ്മാനമായി ലഭിക്കുന്നതും, സ്ത്രീധനമായി കിട്ടുന്നതുമായ സ്വര്‍ണത്തിന് ഉടമസ്ഥാവകാശ രേഖ ഹാജരാക്കണമെന്ന വ്യവസ്ഥ ആര്‍ബിഐ പിന്‍വലിക്കാത്ത പക്ഷം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വായ്പാ ദാതാക്കളും ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിലേക്ക് മാറുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.