കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപയോക്താക്കളുടെ ചെലവഴിക്കല്‍ ഉയര്‍ന്നതും ഡിജിറ്റല്‍ പേയ‌്മെന്റുകളുടെ പ്രചാരം വര്‍ധിച്ചതുമാണ് കാരണം. ഇതോടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ കുടിശിക വരുത്തുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. 2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് കുടിശിക 28.42 ശതമാനം വര്‍ധനയോടെ 6,742 കോടി രൂപയായി. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം 2023 ഡിസംബര്‍ വരെയുള്ള കുടിശിക 5,250 കോടി രൂപയായിരുന്നു. അതായത് 1,500 കോടിരൂപയോളം വര്‍ധിച്ചു. 2023 ഡിസംബറില്‍ മൊത്തം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 2.53 ലക്ഷം കോടി രൂപയായിരുന്നു. ഇതിന്റെ 2.06 ശതമാനമായിരുന്നു കിട്ടാക്കടം. 2020 ഡിസംബർ മുതൽ ക്രെഡിറ്റ് കാർഡ് നിഷ്ക്രിയ ആസ്തികള്‍ (എൻപിഎ) അഞ്ചിരട്ടിയിലധികം വർധിച്ചു, 2024ല്‍ 2.92 ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി നല്‍കിയത്. ഇതില്‍ 2.3 ശതമാനം കിട്ടാക്കടമായി മാറി. അതായത് 5,214 കോടി രൂപ തിരിച്ചടച്ചിട്ടില്ല.
2024 മാർച്ച് അവസാന വർഷത്തിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ ആകെ 18.31 ലക്ഷം കോടി രൂപയായി, 2021 മാർച്ചിൽ ഇത് 6.30 ലക്ഷം കോടി രൂപയായിരുന്നു. 2025 ജനുവരിയിൽ മാത്രം ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 1.84 ലക്ഷം കോടി രൂപയായി, 2021 ജനുവരിയിൽ ഇത് 64,737 കോടി രൂപയായിരുന്നു. ബാങ്കുകള്‍ വിതരണം ചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന ഉണ്ടായി. 2024 ജനുവരിയിലെ ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം 9.95 കോടി കാര്‍ഡുകളാണ് നല്‍കിയത്. 2025 ജനുവരിയില്‍ ഇത് 10.88 കോടിയായി ഉയര്‍ന്നു. 2021 ജനുവരിയിലാകട്ടെ ഇത് 6.10 കോടി മാത്രമായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും, സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വിഭാഗങ്ങളില്‍ നിഷ്‌ക്രിയ ആസ്തിയില്‍ ഗണ്യമായ വര്‍ധന കാണാം. പലിശരഹിത കാലയളവിനപ്പുറം ഒരു ഉപഭോക്താവ് അവരുടെ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ വൈകിയാൽ, ബാങ്കുകൾ കുടിശികയ്ക്ക് പ്രതിവർഷം 42 ശതമാനം മുതൽ 46 ശതമാനം വരെ പലിശ ഈടാക്കിയേക്കാം. ഇത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.