സെക്രട്ടേറിയറ്റിൽ മത്സരപരീക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും ഇ ഓഫിസ് സംവിധാനം കാര്യക്ഷമമാക്കാൻ ഐ ടി പ്രൊഫഷണലുകളെ നിയമിക്കണമെന്നും ശുപാർശ. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി വി എസ് സെന്തിൽ അധ്യക്ഷനായി നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. സെക്രട്ടേറിയറ്റിൽ നടപ്പാക്കേണ്ട ശാസ്ത്രീയ ഭരണപരിഷ്കാരങ്ങൾ സംബന്ധിച്ച് പഠിക്കുകയായിരുന്നു സമിതിയുടെ ചുമതല. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
കൃഷി, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, ഗതാഗതം വകുപ്പുകളിലെ നിയമനം, ഉദ്യോഗക്കയറ്റം, പെൻഷൻ, സീനിയോറിറ്റി, അച്ചടക്കനടപടി തുടങ്ങിയ സേവനസംബന്ധമായ കാര്യങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്കു മാറ്റണം. ഈ വകുപ്പുകളിലെ സർവീസ് കാര്യങ്ങൾ സംബന്ധിച്ച ഫയലുകളുടെ എണ്ണം കണ്ടെത്തി ജോലിഭാരം നിർണയിച്ച് അസിസ്റ്റന്റും സെക്ഷൻ ഓഫീസറും ഉൾപ്പെടെ സെക്ഷൻ, അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി എന്നിവരെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്ക് മാറ്റണം. തുടർന്നുള്ള മൂന്ന് മാസത്തിനകം മറ്റുള്ള വകുപ്പുകളിലും ഇത്തരത്തിൽ ജോലിഭാരം കണ്ടെത്തി തസ്തികകൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്ക് മാറ്റണം.
പൊതുഭരണവകുപ്പിനെ ഭരണവിഭാഗമെന്നും വിശേഷാൽ സേവനവിഭാഗമെന്നും പുനർവിഭജിക്കണം. ചീഫ്‌സെക്രട്ടറിയുടെ ഓഫിസിൽ മന്ത്രിസഭായോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി കാബിനറ്റ് സെക്രട്ടേറിയറ്റ് രൂപീകരിക്കണം. റൂൾസ് ഓഫ് ബിസിനസ്, സെക്രട്ടേറിയറ്റ് ഇൻസ്ട്രക്ഷൻസ്, സെക്രട്ടേറിയറ്റ് ഓഫിസ് മാന്വൽ എന്നിവ കാലോചിതമായി പരിഷ്കരിക്കണം. ഫയൽ നീക്കം ഗ്രാഫിക്കൽ രീതിയിൽ പൊതുജനങ്ങൾക്ക് കാണാനായാൽ സോഷ്യൽ ഓഡിറ്റിങ്ങും സുതാര്യതയും ഉറപ്പാക്കും.
സെക്രട്ടേറിയറ്റിൽ ശാസ്ത്രീയ രീതിയിൽ മാലിന്യനിർമാർജ്ജന സംവിധാനം നടപ്പാക്കണം. ദീർഘകാലാടിസ്ഥാനത്തിൽ നിലവിലെ കെട്ടിടം ഉപയോഗിക്കാവുന്ന തരത്തിൽ സമഗ്രമായ റീമോഡലിങ് നടത്തി സംരക്ഷിക്കാനാകുമോയെന്ന് പരിശോധിക്കണം. സെക്രട്ടേറിയറ്റ് കാര്യമായി വികസിക്കേണ്ട അവസ്ഥ സമീപഭാവിയിലുണ്ടാകുമെന്ന് കരുതാനാവില്ല. ഇ ഓഫിസ് സംവിധാനം പൂർണമായി നടപ്പാക്കുമ്പോൾ കമ്പ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളുടെ എണ്ണം പുന:ക്രമീകരിക്കേണ്ടി വരും. അതിനനുസരിച്ച് സെക്ഷനുകളുടെ ലേഔട്ട് തയ്യാറാക്കി സംവിധാനമൊരുക്കിയാൽ സ്ഥലപരിമിതി മൂലമുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം.
പാർക്കിങ് സൗകര്യം വർധിപ്പിക്കാൻ കോമ്പൗണ്ടിന്റെ പിറകുവശത്തെ ഷെഡുകൾ പൊളിച്ചുമാറ്റി ഭൂമിക്കടിയിലും മുകളിലുമായി മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തണം. സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനും ക്രമീകരണം വേണം. പഴയ ക്വാർട്ടേഴ്സുകൾ നിലനിൽക്കുന്നിടത്തോ നഗരപരിധിയിൽ അനുയോജ്യമായ സ്ഥലത്തോ സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി ഹോസ്റ്റലും ക്വാർട്ടേഴ്സ് സൗകര്യവുമൊരുക്കാമെന്നും റിപ്പോർട്ടിലുണ്ട്.
English summary;Recommend competitive examination for promotion in Secretariat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.