13 May 2024, Monday

ഗുജറാത്ത് കേഡര്‍ പ്രഭാവം മങ്ങി

 കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രാതിനിധ്യം കുറഞ്ഞു 
 നിലവില്‍ ആകെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രം
Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2024 9:15 pm

മോഡി ഭരണത്തിന്റെ ആദ്യനാളുകളില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അടക്കിവാണിരുന്ന ഗുജറാത്ത് കേഡര്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. ഏതാണ്ട് മൂന്നു വര്‍ഷം മുമ്പുവരെ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നത് ഗുജറാത്തില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരു സെക്രട്ടറിയും രണ്ട് അഡീഷണല്‍ സെക്രട്ടറിമാരും മാത്രമാണ് കേന്ദ്ര സെക്രട്ടേറിയറ്റില്‍ അവശേഷിക്കുന്നത്.

പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടക്കമുള്ള വകുപ്പിന്റെ ചുമതല ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥരാണ് നിയന്ത്രിച്ചിരുന്നത്. കൂടാതെ പ്രധാനമന്ത്രിയുടെ ഓഫിസ്, ആഭ്യന്തരം, ധനകാര്യം തുടങ്ങിയ വകുപ്പുകളിലും ഗുജറാത്ത് ഉദ്യോഗസ്ഥരുടെ സ്വാധീനം പ്രകടമായിരുന്നു. ന്യൂനപക്ഷ വകുപ്പിന്റെ ചുമതല വഹിക്കുന്ന ശ്രീനിവാസ് കട്കിത്താലി മാത്രമാണ് സെക്രട്ടറി പദവിയിലുള്ളത്. നഗര വികസന വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറി ഡി താരയും, പ്രതിരോധ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായ ടി നടരാജനും നിലവിലുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയിലും സ്വന്തം സംസ്ഥാനത്ത് നിന്നുള്ള ഉദ്യേഗസ്ഥരുടെ അപ്രമാദിത്തം കുറഞ്ഞു. 1972 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പി കെ മിശ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി അലങ്കരിക്കുന്നതൊഴിച്ചാല്‍ ഗുജറാത്തില്‍ നിന്ന് മറ്റൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമില്ല. ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന പി എം ഹാര്‍ദിക് ഷാ മോഡിയുടെ പ്രൈവറ്റ് സെക്രട്ടറിയായും എസ് ആര്‍ ബവസാര്‍ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ സെക്രട്ടറിയായും സേവനത്തിലുണ്ട്. ഇവരെ ഐഎഎസ് നല്‍കി മോഡി കേന്ദ്ര സര്‍വീസിലേക്ക് കൊണ്ടുവരികയായിരുന്നു.

കേന്ദ്ര സെക്രട്ടേറിയറ്റില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് സേവനം നടത്തുന്നതെന്നും സുപ്രധാന തസ്തികകളില്‍ ഇപ്പോള്‍ ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിരളമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീണ്ടും അധികാരത്തില്‍ എത്താനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമം നടപ്പില്ല എന്ന് മുന്നില്‍ക്കണ്ടാണ് ഗുജറാത്ത് ആധിപത്യം പതിയെ കുറയ്ക്കാനുള്ള നീക്കമെന്നും മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

Eng­lish Summary:The num­ber of Gujarat-cadre IAS & IPS offi­cers is decreas­ing in the Cen­tral Secretariat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.