
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെ സർക്കാർ തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ച കൈവരിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചളവറ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ച് കൊല്ലം കൊണ്ട് സംസ്ഥാനം ശരാശരി 70, 000 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. സർക്കാർ ഈ അഞ്ച് വർഷം പൂർത്തീകരിക്കുന്നതിന് മുമ്പേ ലൈഫ് പദ്ധതിയിൽ അഞ്ചേകാൽ ലക്ഷം വീടുകൾ യാഥാർത്ഥ്യമാക്കും. പത്ത് വർഷത്തിനിടെ വിവിധ നയങ്ങളുടെ തുടർച്ചയിലൂടെ കേരളത്തിൻ്റെ വികസനത്തിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ഇനിയും മുന്നേറാൻ 2031 ൽ കേരളം എങ്ങനെ ആയിരിക്കണമെന്ന ലക്ഷ്യം നിർണ്ണായകമാണ്. അതിൽ പൊതു ജനങ്ങളുടെ ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും സർക്കാർ വലിയ പ്രധാന്യം നൽകുന്നുണ്ട്. വികസന ചരിത്രത്തിൽ നാഴികക്കല്ലായ പദ്ധതികൾ ജനങ്ങളെ അണിനിരത്തി നേടിയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് വികസന സദസ് സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതലത്തിൽ വികസന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ ചളവറയെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പി മമ്മിക്കുട്ടി എംഎൽഎ പ്രഖ്യാപിച്ചു. പാലക്കാപ്പറമ്പ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ചന്ദ്രബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ നസീമ, സി അബ്ദുൾ ഖാദർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ജാബിർ, എൻ മനോജ്, എ പ്രഭാവതി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി കെ അനിൽകുമാർ, യു പി രാധിക, പി സുനന്ദ,തദ്ദേശസ്വയംഭരണവകുപ്പ്ജോ. ഡയറക്ടർ കെ ഗോപിനാഥൻ സെക്രട്ടറി കെ എ കാഞ്ചന, മറ്റ് ജനപ്രതിനിധികൾ പങ്കെടുത്തു.
ചളവറ ഇനി അതിദരിദ്രരില്ലാത്ത ഗ്രാമ പഞ്ചായത്ത്. അതിദാരിദ്ര്യ പട്ടികയിൽ ഉണ്ടായിരുന്ന 70 കുടുംബങ്ങളെയും മോചിപ്പിച്ചാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ഇതിനായി 70 ഗുണഭോക്താക്കൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കി. വീടില്ലാത്ത നാല് കുടുംബങ്ങൾക്കാണ് ഗ്രാമപഞ്ചായത്ത് സുരക്ഷിത ഭവനം ഒരുക്കി കൊടുത്തത്. ആറ് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവൃത്തിയും പൂർത്തീകരിച്ചു. അവകാശരേഖകളില്ലാതെ ഗ്രാമപഞ്ചായത്തിൽ ഒരാളും അവശേഷിക്കരുത് എന്ന ലക്ഷ്യത്തോടെ അവർക്കാവശ്യമായ റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ എല്ലാ രേഖകളും നൽകി. മൂന്ന് പേർക്ക് തൊഴിൽ കാർഡും പഞ്ചായത്ത് നൽകി. അതിദാരിദ്ര്യമില്ലാത്ത നാടായി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.