സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി വീണ്ടും ഇൻറർവ്യൂ നടത്താനുള്ള സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം വീണ്ടും നടത്താൻ സർക്കാർ തീരുമാനിച്ചത്. പുതിയ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്താനായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. പ്രിൻസിപ്പൽ നിയമനത്തിലെ പരാതികൾ പരിശോധിക്കാൻ സർക്കാർ നേരത്തെ അപ്പീൽ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.
സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് വിവരാവകാശ രേഖ പുറത്ത് വന്നത്.
43 പേരുടെ പട്ടിക ഡിപ്പാർട്ടുമെൻറൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. യുജിസി റഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല. പിന്നീട് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്.
43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു. ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്നും വ്യക്തമാക്കിയിരുന്നു.
English Summary: Recruitment of Government College Principal, second interview stayed by highcourt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.