5 December 2025, Friday

Related news

November 17, 2025
November 5, 2025
November 4, 2025
October 31, 2025
October 29, 2025
October 11, 2025
September 29, 2025
September 25, 2025
September 15, 2025
September 6, 2025

മിൽമയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം മേഖലയിൽ 198 ഉം മലബാർ മേഖലയിൽ 47 ഉം ഒഴിവുകളിൽ വിജ്ഞാപനം
Janayugom Webdesk
തിരുവനന്തപുരം
November 4, 2025 8:56 pm

മിൽമയുടെ തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകളിൽ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം മേഖല യൂണിയൻ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. മലബാർ മേഖലയിൽ 23 ഓളം വരുന്ന തസ്തികകളിൽ 47 ഒഴിവുകളിൽ ആണ് വിജ്ഞാപനം. തിരുവനന്തപുരം മിൽമയിൽ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന നിയമന പ്രക്രിയയാണിത്. മിൽമയിൽ മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉല്പാദനക്ഷമത വർധിപ്പിക്കുക, അതുവഴി മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമന നടപടികൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്ഷീരകർഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയിൽ അവിടുത്തെ സ്ഥിര നിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമന സംവരണം കൊണ്ടുവരുന്നതിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. സഹകരണ ചട്ടങ്ങളിൽ ഇതിന് വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവിൽ നടക്കാൻ പോകുന്ന നിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന ഏർപ്പെടുത്താൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗം, ഭിന്നശേഷി വിഭാഗം, എന്നിവർക്ക് ചട്ടപ്രകാരമുള്ള സംവരണം നൽകിയാണ് വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്. 

നിലവിലെ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി നിയമനപ്രക്രിയയ്ക്ക് വേണ്ടിയുള്ള കൃത്യമായ ചട്ടക്കൂട് തയ്യാറാക്കി ഉത്തരവാകുകയും അതുവഴി എട്ടംഗ റിക്രൂട്ട്മെന്റ് കമ്മിറ്റി രൂപീകരിച്ച് നിയമന നടപടികൾ കർശനവും സുതാര്യവുമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഈ സർക്കാരിന്റെ സമയോചിതവും ഫലപ്രദവുമായ ഇടപെടലുകൾ ഏറെ സഹായകരമായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എംഡി ആസിഫ് കെ യൂസഫ്, ടിആർസിഎംപിയു എംഡി ആർ രാരാരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.