23 December 2024, Monday
KSFE Galaxy Chits Banner 2

കൺസെന്റ് എടുക്കുന്നതിലെ ശരിയും തെറ്റും

റീന ഫിലിപ്പ്
March 28, 2022 2:27 pm

ലൈംഗിക ബന്ധത്തിൽ സ്ത്രീകളോട് con­sent അഥവാ സമ്മതം ചോദിക്കുക, അത് എങ്ങിനെ ചോദിക്കണം ‚അത് ചോദിക്കുന്നതിലെ ശരിയും ശരികേടും ‚ഇതൊക്കെ കുറെ നാളുകൾ ആയി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സിനിമാ നടൻ വിനായകൻ കുറച്ച് ദിവസങ്ങൾ മുൻപ് മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരിക്കുന്ന സന്ദർഭത്തിൽ ഇതേ കുറിച്ച് ചില കാര്യങ്ങൾ വിശദമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ഒരു പുരുഷന് ഒരു സ്ത്രീയോട് ശാരീരികമായി താല്പര്യം തോന്നിയാൽ അത് അവരോട് നേരിട്ട് ചോദിക്കാം എന്നും അതിനു സ്ത്രീ സമ്മതമാണ് അല്ലെങ്കിൽ ഇല്ല എന്ന് ഉത്തരം പറയുകയാണ് വേണ്ടത് എന്നുമുള്ള വാദം ഒറ്റ നോട്ടത്തിൽ സ്വീകാര്യമായി തോന്നാം. സ്ത്രീപക്ഷ വാദികൾ പോലും ഇത്തരം ഒരു വാദത്തിലെ അപകടം കാണാതെ ഇതിനെ ന്യായീകരിക്കുന്നത് കാണുന്നുണ്ട്. ഇതിലെ ശരികേട് മനസ്സിലാക്കണം എങ്കിൽ ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയും അവളുടെ ശരീരവും ഏതൊക്കെ രീതിയിൽ ഒബ്ജക്റ്റീഫൈ ചെയ്യപ്പെടുന്നു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

തനിക്ക് താല്പര്യം തോന്നുമ്പോൾ അത് അനുസരിച്ച് പ്രതികരിക്കേണ്ടവൾ (അത് അനുകൂലമായാലും പ്രതികൂലമായാലും) ആണ് സ്ത്രീ , അവൾ അതിനു സദാസമയവും തയ്യാറെടുത്ത് നടക്കേണ്ടവളാണ് എന്ന ചിന്ത തന്നെ വരുന്നത് സ്ത്രീ ശരീരം പുരുഷനെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക ഉപകരണം മാത്രമാണ് എന്ന പാട്രിയാർക്കൽ ബോധത്തിൽ നിന്നാണ്. സാമൂഹികമായി ലഭിച്ച പുരുഷൻ എന്ന പ്രിവിലേജീൽ നിന്ന് കൊണ്ട് അതെ ശ്രേണിയിൽ ചരിത്രപരമായ കാരണങ്ങൾ കൊണ്ട് പ്രിവിലേജ് കുറഞ്ഞ സ്ത്രീ എന്ന ഐഡൻ്റിറ്റിയോട് അവൾ തങ്ങളുടെ ഇഷ്ടങ്ങൾക്ക് പരുവപ്പെടെണ്ടവൾ ആണ് എന്ന ബോധത്തിൽ നിന്ന് തന്നെയാണ് ഇത്തരം ചോദ്യങ്ങളും ന്യായീകരണങ്ങളും വരുന്നത്.കുറച്ച് നാളുകൾ മുൻപ് ഒരു ലിഫ്റ്റ് നല്കിയതിൻ്റെ പേരിൽ ആ സ്ത്രീയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചോട്ടെ എന്ന് ഒരാൾ ചോദിച്ചത് പോലും കൺസൻ്റ് ചോദിച്ചതാണ് എന്ന് വാദിച്ച് ന്യായീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പുരോഗമനമല്ല മറിച്ച് സ്ത്രീ സ്വത്വത്തിന് നേരെയുള്ള ആക്രമണമാണ് .

ആൺകോയ്മ സ്ത്രീ ശരീരത്തിൽ പല രീതിയിൽ അധികാരം പ്രയോഗിക്കുമ്പോൾ ഈ കൺസൻ്റ് ചോദിക്കലും അത്തരത്തിൽ ഒന്നാണ് അത് കൊണ്ട് തന്നെ ലൈംഗികതയുടെ കാര്യത്തിൽ പുരുഷൻ്റെ അല്ല സ്ത്രീയുടെ തോന്നൽ ആണ് പ്രധാനം. യാതൊരു വിധ മാനിപ്പുലേഷനോ സമ്മർദ്ദമോ വിദ്യാഭ്യാസപരമോ തൊഴിൽപരമോ മറ്റേതെങ്കിലുമോ ആയ hier­ar­chy ക്ക് കീഴിൽ അല്ലാതെയോ ‚ശാരീരികമായും മാനസികമായും അങ്ങേയറ്റം സൗകര്യപ്രദം ആയിരിക്കുന്ന അവസ്ഥയിൽ, അവൾക്ക് നിഷേധിക്കാനോ സ്വീകരിക്കാനോ കഴിയുന്ന ഒരു സാഹചര്യത്തിൽ മാത്രമാണ് കൺസൻ്റ് വാലിഡ് ആകുന്നത്.അല്ലാത്തത് എല്ലാം തന്നെ സ്ത്രീയുടെ സ്വകാര്യ ഇടത്തിൽ ഇടിച്ചു കയറി നടത്തുന്ന വയലേഷൻ ആണ്. ഒരാളെ പരിചയമുണ്ട്,സൗഹൃദമുണ്ട് എന്നതോ അതിനി തൻ്റെ പാർട്ട്ണർ ആണ് എന്നതോ പോലും നേരെ പോയി സമ്മതം ചോദിക്കുന്നതിനുള്ള മാനദണ്ഡം അല്ല. അവളുടെ മനസ്സും മാനസികാവസ്ഥയും തന്നെയാണ് ഇതിൽ പ്രധാനം.

Con­sent ചോദിക്കാൻ ഫോർമാറ്റ് വല്ലതും ഉണ്ടോ എന്ന് പരിഹാസരൂപേണയുള്ള ചോദ്യങ്ങൾ പല സ്ഥലത്തും ഉയർന്നു കണ്ടു. പുരുഷൻ്റെ ആവശ്യം നിർവഹിക്കാൻ വഴി കണ്ട് പിടിച്ചു കൊടുക്കേണ്ട ബാധ്യത ഒരു സ്ത്രീയ്ക്കും ഇല്ല. ‘എസ് ’ അല്ലെങ്കിൽ ‘നോ’ എന്ന ബോർഡ് കഴുത്തിൽ തൂക്കി നടക്കൽ അല്ല സ്ത്രീയുടെ ജോലി. അതൊക്കെ മനസ്സിലാകാൻ ആണധികാരം സ്ത്രീക്ക് മുകളിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിയാനുള്ള ബോധവും ഇത് സ്ത്രീക്ക് പുരുഷന് ഒപ്പം എല്ലാ മേഖലയിലും ജനാധിപത്യവും തുല്യതയും ലഭിക്കുന്ന ഒരു പരിഷ്കൃത സമൂഹമല്ല എന്ന തിരിച്ചറിവും മതി.

ഇനി വിനായകൻ പറഞ്ഞ വിഷയങ്ങളിലേക്ക് വരാം. മീ ടൂ വിനെ കുറിച്ചുള്ള ചർച്ചയിൽ തനിക്ക് പത്ത് സ്ത്രീകൾക്ക് ഒപ്പം ബന്ധം ഉണ്ടായിട്ടുണ്ട് ‚ചോദിച്ചാലേ കിട്ടൂ ‚ഇനിയും ചോദിക്കും എന്ന് പറയുന്നു,എന്നിട്ട് മുന്നിൽ ഇരിക്കുന്ന മാധ്യമ പ്രവർത്തകയെ ചൂണ്ടി തോന്നിയാൽ ചോദിക്കും എന്ന് ഉദാഹരിക്കുന്നു.

ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്ന പ്രതികരണങ്ങൾ പ്രശ്‌നവൽകരിക്കുന്നത് പത്ത് സ്ത്രീകളുമായി ബന്ധപ്പെട്ടു എന്ന വാചകത്തെയാണ്. സത്യത്തിൽ അതിൻ്റെ ആവശ്യമില്ല. മീ ടൂ ചർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ സ്വാഭാവിക പ്രതികരണം മാത്രമാണ് അത്. വിനായകന് എത്ര സ്ത്രീകളുമായി ബന്ധമുണ്ട് എന്നത് ‚അത് ബലപ്രയോഗം വഴിയോ കൺസൻ്റ് മാനിപ്പുലേറ്റ് ചെയ്ത സൃഷ്ടിക്കാത്തിടത്തോളമോ സമൂഹത്തെ ബാധിക്കുന്നതല്ല. അത് അദ്ദേഹത്തിൻ്റെ സ്വകാര്യത മാത്രമാണ്.

പക്ഷേ ഒപ്പം ചേർത്ത വാചകങ്ങൾ അങ്ങിനെയല്ല.സ്ത്രീ ശരീരം ഒരു ഉപകരണം മാത്രമാണ് എന്ന പുരുഷ മേധാവിത്തം മൂല്യം തന്നെയാണ് തോന്നിയാൽ ചോദിക്കും എന്ന് തൻ്റെ തൊഴിലിന്റെ ഭാഗമായി മുന്നിൽ ഇരിക്കുന്ന യാതൊരു മുൻപരിചയം ഇല്ലാത്ത സ്ത്രീയെ ചൂണ്ടി പറയുക വഴി വിനായകന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. അത് കൊണ്ട് തന്നെ അത് തീർച്ചയായും വിമർശിക്കപ്പെടെണ്ടതുമാണ്.വിനായകനെ അനുകൂലിക്കുന്നവർ വാദിക്കുന്നത് പോലെ അദ്ദേഹത്തിൻ്റെ ദളിത് ഐഡൻ്റിറ്റിയോ ജീവിതത്തിൽ അനുഭവിച്ച വിവേചനങ്ങളോ മാധ്യമ പ്രവർത്തകരുടെ പ്രകോപനങ്ങളോ ഒന്നും തന്നെ ഇത്തരം പച്ചയായ സ്ത്രീ വിരുദ്ധതക്ക് ന്യായീകരണമല്ല.

വിനായകൻ തൻ്റെ പെരുമാറ്റത്തിൽ മാധ്യമ പ്രവർത്തകയോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുക എന്നത് തന്നെയാണ് ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ ഓരോ വ്യക്തിയും ചെയ്യേണ്ടത് .ഓരോ വ്യക്തിയും നിരന്തരം പരിഷ്കരിക്കപ്പെടുന്ന ഇടമാണ് ഇത് ..പക്ഷെ ആ മാധ്യമപ്രവർത്തകയെ വ്യക്തിപരമായി ബാധിക്കുന്ന ഒരു വിഷയമല്ല മാത്രമല്ല ഇത് എന്ന് കൂടി അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട് .

വിനായകനെ എതിർക്കുന്നവരിൽ സംഘികൾ മുതൽ സദാചാരവാദികൾ വരെയുണ്ട് .അദ്ദേഹത്തിൻ്റെ ദളിത് സ്വത്വം വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. അതിനോടൊക്കെയുള്ള പരിപൂർണ്ണമായ എതിർപ്പ് അതേ പോലെ തന്നെ നിലനിർത്തിക്കൊണ്ട് തന്നെയാണ് അദ്ദേഹം പറഞ്ഞതിനോടും വിയോജിക്കുന്നത് .ദളിത് സ്വത്വം പോലെ തന്നെ പാർശ്വവൽക്കരിക്കപ്പെട്ടതാണ് സ്ത്രീ സ്വത്വവും .പുരുഷ മേധാവിത്ത മൂല്യങ്ങൾ ഭരിക്കുന്ന സമൂഹത്തിൽ ജാതി ‚മത വർഗ വ്യത്യാസങ്ങൾക്കൊക്കെ മുകളിൽ ഓരോ സ്ത്രീയും അതിൻറെ ഇരകളാണ് .അവർ ഓരോരുത്തരും കടന്നു പോകുന്ന അനുഭവങ്ങളുടെ തീവ്രതയിലും അതിനെ നേരിടുന്നതിന് ലഭ്യമായ വിഭവങ്ങളുടെ ലഭ്യതയിലും ചില വ്യത്യാസങ്ങൾ ഉണ്ടാവാം എന്ന് മാത്രം .അത് കൊണ്ട് തന്നെ ദളിത് സ്വത്വം ഉയർത്തിക്കാട്ടി സ്ത്രീ സ്വത്വം നേരിടുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നത് ശരിയായ രാഷ്ട്രീയം അല്ല എന്ന് മാത്രമല്ല നീതികേട്‌ കൂടിയാണ്.

Eng­lish Summary:reena philip about vinayakan issue and metoo
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.