പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ വിവാദ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷയത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് നടപടി. ഗാസിയാബാദിലും ബുലന്ദ്ഷഹറിലും നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങി. ഇരു പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. സംഭവത്തില്‍ എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദസ്ന ക്ഷേത്രത്തിനു മുമ്പില്‍ തടിച്ചുകൂടിയ ജനക്കൂട്ടം നരസിംഹാനന്ദയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാരി കൂടിയായ നരസിംഹാനന്ദയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നരസിംഹാനന്ദയ്ക്കെതിരെ തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ ഹൈദരാബാദ് നമ്പള്ളി, ഫലക്‌നുമ, ഹുസൈനിഅലം, മടന്നപേട്ട്, ടപ്പഛബുത്ര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലാണ് വിവാദസന്യാസിക്കെതിരെ കേസ്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സിഹാനി ഗേറ്റ് പൊലീസും കേസെടുത്തിരുന്നു. ഓള്‍ ഇന്ത്യ സൂഫി സജ്ജാദനഷിന്‍ കൗണ്‍സിലിന്റെ (എഐഎസ്എസ്‍സി) പരാതിയിന്മേല്‍ രാജസ്ഥാനിലെ അജ്മീര്‍ പൊലീസും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നരസിംഹാനന്ദയുടെ പരാമര്‍ശത്തിനെതിരെ ഹൈദരാബാദിലെ വിവിധയിടങ്ങളിലും പ്രതിഷേധം അരങ്ങേറി.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ പ്രതിഷേധത്തില്‍ 21 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 10ഓളം പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 1,200 പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ മാസം 29ന് ദസ്ന ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു വിദ്വേഷ പരാമര്‍ശം. ദസറ ദിവസങ്ങളില്‍ കോലം കത്തിക്കുകയാണെങ്കിൽ മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് നരസിംഹാനന്ദ് ആഹ്വാനം ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ നേരത്തെയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. 2022ൽ ഹരിദ്വാറിൽ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.