3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 7, 2024
October 6, 2024
October 4, 2024
September 7, 2024
August 12, 2024
July 18, 2024
July 4, 2024
May 24, 2024
March 6, 2024

തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നു

ഓൺലൈൻ സേവനത്തിന് അപേക്ഷിച്ചവരെ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ നടപടി
സ്വന്തം ലേഖിക 
തിരുവനന്തപുരം
August 12, 2024 8:37 pm

തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ അടക്കം സമഗ്ര ഭേദഗതിയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമയബന്ധിതസേവനം ഉറപ്പാക്കാനും അഴിമതി തടയാനും സംവിധാനമുണ്ടാകും. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് തത്സമയം പരാതി അറിയിക്കാന്‍ കോള്‍ സെന്ററും വാട്‌സ് ആപ്പ് നമ്പരും ഏര്‍പ്പെടുത്തും. കിട്ടുന്ന പരാതികളില്‍ ഉടനടി തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വസ്തുനികുതി ഏപ്രിലിൽ അടച്ചാൽ റിബേറ്റ് നൽകാനുള്ള തീരുമാനം, ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളുടെ പരിഷ്കരണങ്ങൾ എന്നിവ ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ട്. ഇതിന് പുറമേ വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോൾഡേഴ്സും നിർദേശിച്ച നൂറുകണക്കിന് പരിഷ്കരണ നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിർദേശങ്ങളാണ് സർക്കാരിന്റെ മുന്നിലുള്ളത്. ആദ്യഘട്ടത്തിൽ നിശ്ചയിച്ച പരിഷ്കരണങ്ങള്‍ക്ക് ആവശ്യമായ ഉത്തരവുകൾക്കുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിയമഭേദഗതി ഉൾപ്പെടെയുള്ള നടപടികൾ സമീപ ദിവസങ്ങളിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതുക്കിയ സേവനാവകാശ നിയമം വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രായോഗികവും ജനോപകാരപ്രദവുമായ നിരവധി നിർദേശങ്ങൾ ഇതിലുണ്ട്. സാധുതയുള്ള ലൈസൻസ് സ്പോട്ടിൽ പുതുക്കുന്നതിന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ പലപ്പോഴും ഇത് നടന്നിരുന്നില്ലെന്നും പുതുക്കിയ വിജ്ഞാപനത്തിൽ അന്നേ ദിവസം തന്നെ ലൈസൻസ് പുതുക്കി നൽകണമെന്ന വ്യവസ്ഥ പുതുതായി കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും. ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ അപേക്ഷയും സമർപ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പൊതുജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നിലവിലുള്ള 66 ഇന്റേണൽ വിജിലൻസ് ഓഫിസർമാർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനൽകും. കോർപറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജിയണൽ പെർഫോമൻസ് ഓഡിറ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും, മുൻസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും ഇന്റേണൽ വിജിലൻസ് ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിർവഹിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കാനാവാത്ത പരാതികൾ, സ്ഥിരം അദാലത്ത് സമിതികൾക്ക് കൈമാറി തുടർനടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കെട്ടിട നിർമ്മാണ ചട്ടങ്ങളില്‍ ജനോപകാര പരിഷ്കാരങ്ങള്‍

കെട്ടിട നിർമ്മാണ ചട്ടങ്ങളില്‍ ജനോപകാര പരിഷ്കാരങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിലുള്ള ചട്ടം പ്രകാരം ഒരു പ്ലോട്ടിന്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ അനുവദിച്ച പെർമിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. അതിനാൽ പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിന് ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിൽ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി അഞ്ച് വർഷമാണ്. അടുത്ത അഞ്ച് വർഷത്തേക്ക് കൂടി പെർമിറ്റ് നീട്ടുന്നതിന് വ്യവസ്ഥയുണ്ട്. പിന്നീടും പെർമിറ്റ് കാലാവധി നീട്ടേണ്ടി വരികയാണെങ്കിൽ സങ്കീർണമായ നടപടികൾ ആവശ്യമായി വരും. അതിനാൽ പ്രവൃത്തിയുടെ ആവശ്യമനുസരിച്ച് പരമാവധി അഞ്ച് വർഷത്തേക്ക് കൂടി ( ആകെ 15 വർഷം) ലളിതമായ നടപടികളിലൂടെ പെർമിറ്റ് കാലാവധി നീട്ടുന്നതിനുള്ള സൗകര്യം ഒരുക്കും.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതു സൗകര്യങ്ങൾ ഇതു വഴി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചെറു പ്ലോട്ടുകളുടെ ഉടമകൾക്ക് പെർമിറ്റ് നിഷേധിക്കപ്പെടുന്നു. ഇത് ഒഴിവാക്കുന്നതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്യും.
നിലവിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രിബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് സഹായകരമായ നിലയിൽ ജില്ലാ തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലറ്റ് അതോറിട്ടി സംവിധാനം ഏർപ്പെടുത്തുന്ന കാര്യം നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Reform­ing the func­tions of the Local Self-Gov­ern­ment Department
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.