പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച് വി ഡി സതീശൻ ഇടപെട്ടതിന്റെ തെളിവുകൾ വിജിലൻസിന്. പരാതിക്കാരനായ കാതികൂടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജെയ്സൺ പാനികുളങ്ങരയാണ് വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചതിന്റെ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്‌പി വി അജയകുമാറിന് കൈമാറിയത്.
ജെയ്സൺ പാനികുളങ്ങര, തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്ത പുറത്തു വിട്ട ഓൺലൈൻ മാധ്യമപ്രവർത്തകൻ നയീബ് എന്നിവരാണ് സതീശനെതിരെ ഇന്നലെ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് (2) ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. സതീശന്റെ വിദേശ യാത്രകൾ, പണപ്പിരിവ്, പുനർജനി പദ്ധതിയിലൂടെ ലഭിച്ചതും ചെലവാക്കിയതുമായ പണത്തിന്റെ കണക്ക് തുടങ്ങിയ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്ന് പരാതിക്കാരൻ മൊഴി നൽകി. ബർമിങ്ഹാമിൽ താൻ പ്രസംഗിച്ചിട്ടുണ്ടെന്നും സഹായം ആവശ്യപ്പെട്ടുവെന്നും വി ഡി സതീശൻ പറയുന്ന വീഡിയോയും രേഖകളും തെളിവായി കൈമാറിയിട്ടുണ്ട്. സർക്കാർ അനുമതിയോടെയാണ് വിദേശത്ത് പോയതെന്ന് സതീശൻ പറയുന്നുണ്ടെങ്കിലും സാമ്പത്തിക സഹായം സ്വീകരിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ജയ്സൺ ആവശ്യപ്പെട്ടിട്ടുണ്ട്.
ലഭിക്കുന്ന പണത്തിന്റെ ഓഡിറ്റ് എല്ലാ മാസവും നടത്തുമെന്ന് നേരത്തെ സതീശൻ പറഞ്ഞിരുന്നു. പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ച് ഉത്തരവാദിത്തരഹിതമായാണ് ഇടപെടുന്നതെന്നും പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിട്ടുണ്ട്. വിദേശ പണമുപയോഗിച്ച് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളെ സഹായിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും ഇതിനായി എംഎൽഎ ഫണ്ടടക്കം ദുർവിനിയോഗം നടത്തിയെന്നും നയീബ് വിജിലൻസിനെ അറിയിച്ചിട്ടുണ്ട്. ഇന്ന് പറവൂർ മുൻ എംഎൽഎ പി രാജുവിൽ നിന്ന് വിജിലൻസ് മൊഴിയെടുക്കും.
English Summary:Reincarnation Fraud; Evidence of VD Satheesan’s intervention for vigilance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.