ഗുണ്ടാത്തലവന്മാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ ചേരുന്ന പുതിയ പ്രതിഭാസം കര്‍ണാടക ബിജെപിയില്‍ തുടരുന്നു. ചേരുന്നവരെയെല്ലാം പാര്‍ട്ടിയിലും തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലും പദവികള്‍ നല്‍കിയാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഉപ്പി മഞ്ജുനാഥ് എന്ന കുപ്രസിദ്ധ കുറ്റവാളിയെയാണ് ഇന്നലെ ബിജെപി നേതൃത്വം ആനേക്കല്‍ മുനിസിപ്പാലിറ്റി ഭരണസമിതിയിലെ നോമിനേറ്റഡ് അംഗമായി നിയമിച്ചത്.
ഒരു മാസത്തിനിടെ ഇത് അഞ്ചാമത്തെ ഗുണ്ടാനേതാവാണ് ബിജെപിയുടെ ഭരണസ്വാധീനത്താല്‍ ഭരണസമിതികളില്‍ നോമിനേറ്റഡ് അംഗമായെത്തുന്നത്. ആനേക്കലിലെ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ തലവന്‍കൂടിയാണ് ഉപ്പി മഞ്ജുനാഥ്. ആനേക്കലിലെ ബിജെപി പരിപാടികളില്‍ സാധാരണ അണികളേക്കാള്‍ ഗുണ്ടകളും ക്രിമിനലുകളും നിറയുകയാണ്.
കഴിഞ്ഞ ദിവസം ബിജെപി എംപിമാരായ തേജസ്വി സൂര്യ, പി സി മോഹന്‍, ബിജെപി നേതാവ് എന്‍ ആര്‍ രമേശ് എന്നിവര്‍ക്കൊപ്പം രാംനഗറില്‍ നടന്ന രക്തദാന പരിപാടിയില്‍ ഒളിവില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട വേദിപങ്കിട്ടത് വലിയ വാര്‍ത്തയായിരുന്നു. സൈലന്റ് സുനി എന്ന സുനില്‍കുമാര്‍ ആണ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ വി സോമ്മണ്ണയുടെ വസതിയില്‍ ഗുണ്ടാനേതാവായ വില്‍സണ്‍ ഗാര്‍ഡന്‍ നാഗ എന്ന നാഗരാജു സന്ദര്‍ശനം നടത്തിത് വന്‍ വിവാദമായിരുന്നു.
ബംഗളുരു നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടയാണ് വില്‍സണ്‍ ഗാര്‍ഡന്‍ നാഗ. നഗരത്തിലെ തന്നെ മന്ത്രിയുടെ വസതിയിലാണ് നാഗയെ കണ്ടതും അതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതും. നാഗയെ തനിക്കറിയില്ലെന്ന് മന്ത്രി വി സോമ്മണ്ണ പ്രതികരിച്ചെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതിനുപിറകെയാണ് പിറകെയാണ് സൈലന്റ് സുനി ബിജെപി എംപിമാര്‍ക്കൊപ്പം രക്തദാനപരിപാടിയുടെ ഉദ്ഘാടന വേദിയിലെത്തിയത്.
അതിനിടെ ബിജെപിയിലെ ഇത്തരം സംഭവവികാസങ്ങള്‍ തുറന്നുകാട്ടാന്‍ www.leakeBJP.com എന്ന വെബ്സൈറ്റ് തുറന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ ആക്രമണം തുടങ്ങി. അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍കണ്ടാണ് ഈ നീക്കം. ബിജെപിയില്‍ പുതിയതായി ചേര്‍ന്ന ക്രിമിനലുകളുടെയും സാമൂഹിക വിരുദ്ധരുടെയും ചിത്രങ്ങള്‍ സഹിതം പശ്ചാത്തലം വിവരിക്കുന്നതാണ് വെബ് സൈറ്റിന്റെ ഹോംപേജ്. റൗഡികള്‍ അനുദിനം ബിജെപിയില്‍ ചേരുന്നതിന്റെ വിവരങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ബംഗളുരുവിലെ ഗുണ്ടകളെയും സംസ്ഥാനത്തെ പ്രാദേശിക ഗുണ്ടാസംഘങ്ങളെയും തങ്ങളുടെ സേവകരാക്കി എങ്ങനെ രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കാം എന്നതിന്റെ തെളിവാണ് കര്‍ണാടകയിലെ ബിജെപി നടപടികളെന്ന് വെബ് സൈറ്റ് തെളിയിക്കുന്നു. വ്യാപകമായി ഗുണ്ടകള്‍ ബിജെപിയില്‍ ചേക്കേറുന്നതിനൊപ്പം കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇതര പാര്‍ട്ടികളുടെ ജനപ്രതിനിധികളെയും പ്രവര്‍ത്തകരെയും ഇവര്‍ ആക്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Sammury: Karnataka Congress released a list of BJP’s criminals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.