25 November 2024, Monday
KSFE Galaxy Chits Banner 2

വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തി

ടി ടി ജിസ് മോന്‍ 
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
January 12, 2023 4:45 am

ന്ത്യയിലെങ്ങും ദേശീയ യുവജനദിനമായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ആചരിക്കുന്നു. എല്ലാ രാജ്യങ്ങളോടും വർഷത്തിലൊരു ദിവസം ദേശീയ യുവജനദിനമായി ആചരിക്കാന്‍ 1984ൽ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജ്വലിക്കുന്ന ചിന്തകളും ശക്തമായ നിശ്ചയദാർഢ്യവും സമന്വയിപ്പിച്ച ജീവിതത്തിനുടമയായ വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി തെരഞ്ഞെടുത്തത്. ഇന്ത്യയുടെ യുവത്വത്തിന് പുതിയ ദിശാബോധം നൽകി പ്രസംഗങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഉയിർത്തെഴുന്നേല്പിന് പ്രേരണയായി മാറാൻ വിവേകാനന്ദന് കഴിഞ്ഞു. ഇന്ത്യയുടെ മാത്രമല്ല, ആഗോളതലത്തിൽതന്നെ യുവജനതയുടെ ശ്രദ്ധ നേടാൻ അദ്ദേഹത്തിന്റെ ചിക്കാഗോയിലെ ഒറ്റ പ്രസംഗത്തിനായി. ‘എന്റെ വിശ്വാസം യുവജനങ്ങളിലാണ്‘എന്ന് വിവേകാനന്ദൻ ലോകത്തോട് വിളിച്ചുപറഞ്ഞു. ദേശീയതയെക്കുറിച്ചുള്ള സംവാദം സജീവമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സ്വാമി വിവേകാനന്ദനെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും പഠിക്കേണ്ടത് അനിവാര്യതയാണ്.
കൊൽക്കത്തയിലെ സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ് ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരിയുടെയും പത്തു മക്കളിൽ ആറാമനായി 1863 ജനുവരി 12നാണ് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ധാരാളം വായിച്ചു. ശാസ്ത്രം, തർക്കശാസ്ത്രം, സംഗീതം, തത്വചിന്ത എന്നിവയിൽ തൽപരനായിരുന്നു അദ്ദേഹം. ജാതിവിവേചനത്തിനെതിരെ ശബ്ദിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ബ്രഹ്മസമാജമടക്കമുള്ള പ്രസ്ഥാനങ്ങളായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസനുമായുള്ള അടുപ്പം വിവേകാനന്ദന്റെ ജീവിതത്തിൽ വഴിത്തിരിവായി. എല്ലാ മതങ്ങളും ഒരേ വൃക്ഷത്തിന്റെ ശാഖകളാണെന്ന് ശ്രീരാമകൃഷ്ണപരമഹംസൻ വിശ്വസിച്ചു. നരേന്ദ്ര ദത്ത എന്ന വ്യക്തിയിൽനിന്ന് സ്വാമി വിവേകാന്ദനിലേക്കുള്ള പരിണാമം ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായതോടുകൂടിയാണ്.


ഇതുകൂടി വായിക്കൂ: കുഞ്ഞന്‍പിള്ളസാറും ഭാര്‍ഗവിഅമ്മയും


ആധുനിക കാലഘട്ടത്തിൽ വിവേകാനന്ദ ദർശനങ്ങൾ യുവാക്കൾക്ക് പുതിയ ദിശാബോധം നൽകി. ദേശീയതയും രാജ്യസ്നേഹവും വലിയ ചർച്ചയാകുന്ന ഈ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ് വിവേകാനന്ദന്റെ ജീവിതപാഠങ്ങൾ. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർത്ത് മതം, ആഹാരം, വസ്ത്രം, അഭിപ്രായം തുടങ്ങി എല്ലാത്തിനും കൂച്ചുവിലങ്ങിടുന്ന കാലത്ത് വിവേകാനന്ദ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. തൊഴിലില്ലായ്മ, ജാതി വിവേചനം, ദാരിദ്ര്യം, പട്ടിണി, മതപരമായ അസഹിഷ്ണുത, വർഗീയത എന്നിവയ്ക്കെതിരായുള്ള യുവതലമുറയുടെ രോഷം പ്രകടമാണ്. ധനികരെ കൂടുതൽ ധനികരും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരും ആക്കുന്നതാണ് നവഉദാരവൽക്കരണ നയങ്ങൾ. അതോടൊപ്പം വർഗീയതയും വളർന്നിരിക്കുന്നു. ഭക്ഷണ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും വലിയ ഭീഷണികളെ നേരിടുന്നു. മതനിരപേക്ഷതയും ശാസ്ത്രബോധവും ജനാധിപത്യമൂല്യങ്ങളും പ്രചരിപ്പിച്ചവർ അതുകൊണ്ട് തന്നെ വേട്ടയാടപ്പെടുന്നു. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് അവർ നിരന്തരമായ ശ്രമം നടത്തുന്നത്. അത്തരം വെല്ലുവിളികളുടെ ഒടുവിലത്തേതെന്ന് എടുത്ത് പറയാവുന്നത് ഷാരൂഖാൻ‑ദീപിക പദുകോൺ താരജോഡിയിൽ പുറത്തിറങ്ങാനിരിക്കുന്ന പഠാൻ സിനിമയ്ക്കെതിരായ വിവാദമാണ്. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, ഡോ. എം എം കൽബുർഗി എന്നിവരെ ക്രൂരമായി കൊല ചെയ്തു. അമീർഖാനും, ഷാരൂഖാനും, എം ടി വാസുദേവൻനായരും, കമലും, രജനീകാന്തും, പെരുമാൾ മുരുകനും, എം എം ബഷീറുമെല്ലാം ഭീഷണികൾക്ക് നടുവിലാണ്.


ഇതുകൂടി വായിക്കൂ: വിവേകാനന്ദനും ഇന്നത്തെ ഇന്ത്യയും


ദളിത് ജനസമൂഹം അനുഭവിക്കുന്ന പീഡനങ്ങളും വ്യാപകമാകുന്നു. തൊഴിലില്ലായ്മ, സങ്കുചിതവാദം, ഹിംസ, മതഭ്രാന്ത് എന്നിവയെ ശക്തമായി എതിർത്ത വിവേകാനന്ദന്റെ ജീവിതം യുവത്വത്തിന് അനുകരണീയമാണ്.
കേരളത്തിലെ ജാതീയതയെ ചെറുക്കുന്നതിൽ വിവേകാനന്ദന്റെ ഇടപെടലുകൾ നൽകിയത് ബൃഹദ് സംഭാവനയാണ്. ഹിമാലയം മുതൽ കന്യാകുമാരി വരെ നടത്തിയ യാത്രയുടെ സന്ദർഭത്തിൽ കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ കേരളത്തിലെ ജാതി സങ്കീർണത കണ്ട് വിഷണ്ണനായി. ജാതിയില്ലാത്ത നാട്ടിൽ നിന്നായിരുന്നില്ല വിവേകാനന്ദൻ വന്നത്. എന്നാൽ തന്റെ നാട്ടിലെ ജാതിവ്യവസ്ഥയെ കേരളത്തിലേതുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്ന് അദ്ദേഹം മനസിലാക്കി. ഇത്രയേറെ ഹിംസാത്മകവും സുശക്തമായ ഘടനയുള്ളതുമല്ല മറ്റ് ദേശങ്ങളിലെ ജാതിവ്യവസ്ഥയെന്ന് വിവേകാനന്ദൻ തിരിച്ചറിഞ്ഞു. ഇതിന്റെയെല്ലാം ബഹിർസ്ഫുരണമായിരുന്നു ‘കേരളം ഒരു ഭ്രാന്താലയം’ എന്ന വിഖ്യാതമായ വിമർശനം.


ഇതുകൂടി വായിക്കൂ: കേരള യാത്രയും വിവേകാനന്ദന് നേരിട്ട ജാതീയ അവഗണനയും


ഇന്ത്യൻ ദേശീയത ആധുനികകാലത്ത് രൂപപ്പെട്ട സങ്കല്പമാണ്. അതിനു കാരണമായത് ബ്രിട്ടീഷുകാർക്കെതിരെ നടന്ന സമരമാണ്. സർവമതത്തിൽ പെട്ടവരും ഒരുമിച്ച് നടത്തിയ മഹാസമരമാണത്. ഇന്ത്യൻ ദേശീയത എന്നത് നാനാത്വത്തിൽ ഏകത്വമാണ്. അനേകം ജാതി, മത, ഭാഷ, സാംസ്കാരിക മൂല്യങ്ങളുടെ വൈവിധ്യവുമാണത്. ഇന്ത്യൻ ദേശീയതയുടെ കുത്തകാവകാശം ഏറ്റെടുത്തുകൊണ്ട് ചില വർഗീയവാദികൾ രാജ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്യുകയാണ്. ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയതയും തീവ്രവാദവും രാജ്യത്തിന് ഭീഷണിയാകുന്നു. അത് വികസനത്തിന് എതിരാണ്, വളർച്ചയ്ക്ക് എതിരാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനത വസിക്കുന്ന രാജ്യം ഇന്ത്യയാണ്. ഈ യുവജനതയുടെ സമൂഹത്തിലെ ഇടപെടലുകൾക്കനുസരിച്ചായിരിക്കും ഭാവി ഇന്ത്യയുടെ വളർച്ചയും തളർച്ചയും. നാമൊന്ന് എന്ന കാഴ്ചപ്പാട് ഉയർത്താൻ കഴിയണം. ഈ വർഷത്തെ ദേശീയ യുവജന ദിനാഘോഷം വെറും ആഘോഷങ്ങൾക്കപ്പുറത്ത് സാമൂഹിക പ്രതിബദ്ധത വളർത്താനും ശരിയായ ദിശയിൽ യുവത്വത്തെ ഏകോപിപ്പിക്കാനുമാകണം. ഇത്തരമൊരു കാഴ്ചപ്പാടിലാണ് എഐവൈഎഫ് സ്വാമി വിവേകാനന്ദ സ്മൃതി എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.