26 February 2026, Thursday

Related news

February 26, 2026
January 22, 2026
December 2, 2025
October 10, 2025
August 12, 2025
August 5, 2025
July 5, 2025
June 14, 2025
June 13, 2025

വിമാന യാത്രക്കാർക്ക് ആശ്വാസം; 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ പിഴയില്ല

ഡിജിസിഎയുടെ പുതിയ നിയമങ്ങൾ മാർച്ച് 26 മുതൽ
Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2026 8:06 pm

വിമാന യാത്രക്കാർക്ക് ആശ്വാസകരമായ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ അധിക നിരക്കില്ലാതെ ടിക്കറ്റ് റദ്ദാക്കാനോ തീയതി മാറ്റാനോ യാത്രക്കാർക്ക് സാധിക്കും. കൂടാതെ, ടിക്കറ്റിലെ പേരുവിവരങ്ങളിൽ തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്തുന്നതിന് വിമാനക്കമ്പനികൾ ഈടാക്കുന്ന പിഴയും ഒഴിവാക്കി. മാർച്ച് 26 മുതൽ ഈ പുതിയ നിയമങ്ങൾ നിലവിൽ വരുമെന്ന് ഡിജിസിഎ പുറത്തിറക്കിയ പുതുക്കിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരിൽ നിന്ന് പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരം കർശന നടപടികളിലേക്ക് നീങ്ങിയത്. വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യങ്ങൾ പ്രധാനമായും ലഭ്യമാകുക. പേരുവിവരങ്ങളിൽ വന്ന തെറ്റുകൾ 24 മണിക്കൂറിനുള്ളിൽ വിമാനക്കമ്പനിയെ അറിയിച്ചാൽ ഒരു രൂപ പോലും അധികം നൽകാതെ അത് തിരുത്തി നൽകണം.

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം 48 മണിക്കൂർ വരെ ലഭിക്കുന്ന ‘ലുക്ക്-ഇൻ ഓപ്ഷൻ’ പ്രകാരം ക്യാൻസലേഷൻ ചാർജുകൾ ഒഴിവാക്കാം. എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മുതൽ 7 ദിവസത്തിനുള്ളിൽ യാത്ര ചെയ്യേണ്ട ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിനുള്ളിൽ യാത്ര ചെയ്യേണ്ട അന്താരാഷ്ട്ര വിമാനങ്ങൾക്കും ഈ സൗകര്യം ലഭിക്കില്ല. 48 മണിക്കൂർ കഴിഞ്ഞാൽ സാധാരണ നിലയിലുള്ള ക്യാൻസലേഷൻ ഫീസ് നൽകേണ്ടി വരും. യാത്രാ ഏജന്റുമാർ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ ബുക്ക് ചെയ്ത ടിക്കറ്റുകൾ റീഫണ്ട് ചെയ്യേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കായിരിക്കും. റീഫണ്ട് നടപടികൾ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഡിജിസിഎ നിർദ്ദേശിച്ചു. കൂടാതെ, യാത്രക്കാർക്കോ ഒരേ പി എൻ ആര്‍ നമ്പറിൽ ഉൾപ്പെട്ട കുടുംബാംഗങ്ങൾക്കോ പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളോ ആശുപത്രിവാസമോ കാരണം യാത്ര റദ്ദാക്കേണ്ടി വന്നാൽ തുക തിരികെ നൽകുകയോ അല്ലെങ്കിൽ അടുത്ത യാത്രയ്ക്കായി ‘ക്രെഡിറ്റ് ഷെൽ’ രൂപത്തിൽ സൂക്ഷിക്കുകയോ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar