
ചെറുകിട സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്ന ബാങ്ക് ഉപഭോക്താക്കൾക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നൽകുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. മോണിറ്ററി പോളിസി കമ്മിറ്റിയുടെ 59-ാമത് യോഗത്തിന് ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ആദ്യമായി തട്ടിപ്പിനിരയാകുന്നവർക്ക്, നഷ്ടപ്പെട്ട തുകയുടെ 70 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ വരെ റിസർവ് ബാങ്ക് നേരിട്ട് നൽകും. ഈ തുക ലഭിക്കുന്നതിനായി ഉപഭോക്താവിനോട് അധിക ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നതാണ് പ്രത്യേകത. ബാക്കിയുള്ള 30 ശതമാനം നഷ്ടം ഉപഭോക്താവും (15%) ബന്ധപ്പെട്ട ബാങ്കും (15%) തുല്യമായി പങ്കിടണം. അബദ്ധവശാൽ ഒടിപി പങ്കുവെച്ച് തട്ടിപ്പിനിരയായവർക്കും ജീവിതത്തിൽ ഒരിക്കൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇതിനായി 85,000 കോടി രൂപയുടെ ‘ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവെയർനസ് ഫണ്ട്’ ആണ് ഉപയോഗിക്കുന്നത്.
ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനൊപ്പം സാമ്പത്തിക ഉൽപ്പന്നങ്ങളുടെ തെറ്റായ വിൽപന നിയന്ത്രിക്കാനും വായ്പ തിരിച്ചുപിടിക്കാൻ എത്തുന്ന റിക്കവറി ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനും ആർബിഐ തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ അധിക പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആർബിഐ ആലോചിക്കുന്നു. ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾ മുൻ വർഷങ്ങളേക്കാൾ വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ നടപടികൾ. 2022–23 കാലയളവിൽ 13,494 ആയിരുന്ന ബാങ്ക് തട്ടിപ്പ് കേസുകൾ 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 23,879 ആയി ഉയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.