നിപയുമായി ബന്ധപ്പെട്ട് പുതുതായി പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാകുകയും പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്തതോടെ കോഴിക്കോട് ജില്ല ആശ്വാസത്തിലേക്ക്.
ആശങ്ക ഒഴിഞ്ഞ സാഹചര്യത്തിൽ സെപ്റ്റംബർ 13ന് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച ചിലയിടങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതുതായി പരിശോധിച്ച 71 സാമ്പിളുകളാണ് നെഗറ്റീവായത്. പോസിറ്റീവായി ചികിത്സയിലുള്ള നാലുപേരിൽ യുവാക്കളുടെ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുകയാണ്. ചികിത്സയിലുള്ള കുട്ടിക്ക് ഓക്സിജൻ നൽകുന്നുണ്ട്.
ഇതുവരെ 218 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കി. ഇന്നലെ കണ്ടെത്തിയ 37 പേരടക്കം 1270 പേരാണ് ആകെ സമ്പർക്ക പട്ടികയിൽ ഉള്ളത്. 136 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈറിസ്ക് പട്ടികയിൽ ഏറ്റവും കൂടുതൽ സംശയിച്ച സാമ്പിളുകൾ പോലും നെഗറ്റീവായി.
സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്തുന്നതിന് പൊലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വളരെയധികം സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ നടത്തുന്ന നിരീക്ഷണം കൂടാതെ മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരന്തരമായി നിരീക്ഷണം നടത്താൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അസ്വാഭാവിക കാര്യങ്ങൾ ഉൾപ്പെടെ ഉണ്ടോ എന്ന് പരിശോധിക്കും. 47,605 വീടുകളിൽ സന്ദർശനം പൂർത്തീകരിച്ചിട്ടുണ്ട്.
ജില്ലയിൽ സ്കൂളുകൾ അടച്ച സാഹചര്യത്തിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ വളരെ ഫലപ്രദമായാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അവലോകന യോഗത്തിൽ ഓൺലൈനായി വനംമന്ത്രി എ കെ ശശീന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുത്തു.
English Summary: Relief in Nipah; Relaxation in Containment Zone
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.