ന്യൂഡല്‍ഹി
October 4, 2023 9:43 pm
ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മിഷൻ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്). സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മത സ്വാതന്ത്ര്യം വന്‍ ഭീഷണി നേരിടുന്നതായി യുഎസ്‌സിഐആര്‍എഫ് അഭിപ്രായപ്പെട്ടു. ഇന്ത്യ‑യുഎസ് നയതന്ത്ര ബന്ധത്തില്‍ മത സ്വാതന്ത്ര്യത്തിന്റെ പുരോഗതി എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 20ന് നടന്ന ഹിയറിങ്ങിലാണ് യുഎസ് കമ്മിഷന്റെ വിലയിരുത്തല്‍.
മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യൻ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ഹിയറിങ്ങുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നൂഹ് കലാപം, മണിപ്പൂരിലെ ക്രിസ്ത്യൻ, ജൂത വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ആക്രമണം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. മതന്യൂനപക്ഷ ആക്രമണം കുറയ്ക്കുന്നതിനും മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും ഇന്ത്യയുമായി ചേര്‍ന്ന് യുഎസിന് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും ഹിയറിങ്ങില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മത സ്വാതന്ത്ര്യം വലിയ തോതില്‍ കുറഞ്ഞതായി യുഎസ്‌സിഐആര്‍എഫ് ചെയര്‍മാൻ എബ്രഹാം കൂപ്പര്‍ പറഞ്ഞു. മുസ്ലിം, സിഖ്, ക്രിസ്ത്യൻ, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ ഇന്ത്യയില്‍ ആക്രമണം വര്‍ധിക്കുന്നു. ന്യൂനപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാൻ അധികൃതര്‍ ശ്രമിക്കുന്നതായും ഇത് യുഎസ് വിദേശ നയത്തില്‍ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങള്‍ മറന്നുകൂടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് യുഎസ് കോണ്‍ഗ്രസ് ആരംഭിച്ച സ്വതന്ത്ര കമ്മിഷനാണ് യുഎസ്‌സിഐആര്‍എഫ്. മത പീഡനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകളും നയനിര്‍ദേശങ്ങളും നല്‍കി മത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മുമ്പും യുഎസ്‌സിഐആര്‍എഫ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജൂണില്‍ ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
English Summary: Religious freedom rights in India under threat: U.S. commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.