11 December 2025, Thursday

Related news

November 2, 2025
October 24, 2025
October 3, 2025
September 30, 2025
September 30, 2025
September 28, 2025
September 27, 2025
September 27, 2025
September 27, 2025
September 27, 2025

ലഡാക്കില്‍ അടിച്ചമര്‍ത്തല്‍; സോനം വാങ്ചുകിനെതിരെ സിബിഐ അന്വേഷണം

Janayugom Webdesk
ശ്രീനഗര്‍
September 25, 2025 7:53 pm

ജമ്മു കശ്മീര്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയ ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം ആരംഭിച്ചു. വാങ്ചുക് സ്ഥാപിച്ച ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക് (എച്ച്ഐഎഎല്‍) വിദേശ സംഭാവന നിയമത്തിന് വിരുദ്ധമായി പണം സ്വീകരിച്ചെന്ന ആരോപണവും ഫെബ്രുവരി ആറിന് വാന്‍ചുക് നടത്തിയ പാകിസ്ഥാന്‍ സന്ദര്‍ശനവുമാണ് സിബിഐ അന്വേഷിക്കുന്നത്.
സംസ്ഥാന പദവി ആവശ്യപ്പെട്ട് വാങ്ചുക് നടത്തിയ സമരങ്ങളാണ് ലഡാക്കില്‍ കഴിഞ്ഞദിവസമുണ്ടായ രക്തരൂക്ഷിത പ്രക്ഷോഭത്തിന് കാരണമായതെന്ന് കേന്ദ്രം വിലയിരുത്തിയിരുന്നു. പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വാങ്ചുകിന്റെ പ്രകോപന പ്രസംഗങ്ങളാണ് യുവാക്കളെ തെരുവിലേക്ക് ഇറക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല.

നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെക്കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ സോനം തെറ്റിദ്ധരിപ്പിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. 17 പേർക്ക് പരിക്കേറ്റു. സംസ്ഥാന പദവി ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് ബുധനാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത ഉത്തരവിട്ടു. സിആർപിഎഫ് വാഹനത്തിന് തീയിട്ടവരെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സിആർപിഎഫ് വാഹനത്തിന് പുറമേ പ്രതിഷേധക്കാർ ലേയിലെ ബിജെപി ഓഫീസിനും തീയിട്ടിരുന്നു.

മേഖലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരും. പ്രതിഷേധം, റാലി എന്നിവക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേര്‍ക്കെതിരെ കേസെടുത്തു. കോൺഗ്രസ് കൗൺസിലർ ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.