22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഝാർഖണ്ഡിൽ റിസോര്‍ട്ട് രാഷ്ട്രീയം; കുതിരക്കച്ചവടത്തിന് ബിജെപി

Janayugom Webdesk
റാഞ്ചി
August 27, 2022 10:56 pm

ഝാർഖണ്ഡിൽ ഓപ്പറേഷന്‍ താമരയിലൂടെ ഭരണം പിടിക്കാന്‍ ബിജെപി നീക്കം ശക്തമാക്കി. മുഖ്യമന്ത്രി ഹേമന്ത് സൊരേനെ അയോഗ്യനാക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് വഴി പ്രചരിപ്പിച്ച് അനിശ്ചിതത്വമുണ്ടാക്കുകയും തീരുമാനമെടുക്കാന്‍ താമസിപ്പിക്കുകയും ചെയ്യുന്നത് കുതിരക്കച്ചവടം നടത്താനുള്ള സാവകാശത്തിനാണെന്നാണ് സൂചന. ഇതോടെ മുഖ്യമന്ത്രി ഹേമന്ത് സൊരേന്റെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷം കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.
റാഞ്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെ ഖുന്തി ജില്ലയിലുള്ള റിസോർട്ടിലേക്കാണ് ഇവർ പോയതെന്നാണ് സൂചന. മുഖ്യമന്ത്രിയും എംഎൽഎമാരും ബാഗുകളുമായി മൂന്ന് ബസുകളിൽ യാത്രതിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആവശ്യമെങ്കിൽ ബംഗാളിലേക്കോ ഛത്തീസ്ഗഡിലേക്കോ എംഎൽഎമാരെ മാറ്റുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരം.
ഖനി ലൈസൻസ് കേസിൽ ഹേമന്തിന്റെ നിയമസഭാഗത്വം റദ്ദാക്കണമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മിഷൻ രണ്ട് ദിവസം മുൻപാണ് ഗവർണർക്ക് നൽകിയത്. അയോഗ്യനാക്കുന്നതിനുള്ള ഉത്തരവിൽ ഗവർണർ രമേഷ് ബെെസ് ഒപ്പിടുമെന്നും തുടര്‍ന്ന് നടപടിയെടുക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന് തിരിച്ചയക്കുമെന്നും ആയിരുന്നു പ്രചരണം. നിയമസഭാഗത്വം റദ്ദാക്കിയാല്‍ കോടതിയെ സമീപിക്കാൻ ജെഎംഎമ്മിലും ആലോചനയുണ്ട്. ഗവർണറുടെ തീരുമാനം വരാനിരിക്കെ മുഖ്യമന്ത്രിയുടെ വസതിയിൽ മന്ത്രിമാരുമായി ചർച്ച നടന്നിരുന്നു. അഡ്വക്കേറ്റ് ജനറലും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
അയോഗ്യനാക്കപ്പെട്ടാല്‍ ഹേമന്ത് സൊരേന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും. മത്സരിക്കാൻ വിലക്കില്ലെങ്കിൽ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ആറ് മാസത്തിനുളളിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നതും പാർട്ടി പരിഗണിക്കുന്നുണ്ട്. നിലവില്‍ എംഎൽഎ ആയ ബാരായിത്തിൽ നിന്ന് തന്നെ വീണ്ടും ജയിച്ചാൽ അഴിമതി ആരോപണം ജനം തളളിയെന്ന് പ്രതിപക്ഷത്തിന് തിരിച്ചടി നല്കാനുമാകും.
സർക്കാർ പിരിച്ച് വിട്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രതിസന്ധി മുതലെടുത്ത് എംഎൽഎമാരെ വിലക്കെടുക്കാനാണ് ബിജെപി നീക്കം. ഇത് വിജയിച്ചാല്‍ ഭരണം മാറിമറിയും. കുറച്ചുനാള്‍ മുമ്പ് ബംഗാളിൽ വച്ച് പണവുമായി കോൺഗ്രസ് എംഎൽഎമാ‍ർ പിടിയിലായത് ഓപ്പറേഷന്‍ താമരയുടെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് എംഎല്‍എമാരെ ഒന്നിച്ച് നിർത്തുന്നതിനാണ് ജെഎംഎം-കോൺഗ്രസ് എംഎൽഎമാരെ മാറ്റിയത്.
81 അംഗ സഭയിൽ 51 എംഎൽഎമാരുടെ പിന്തുണയാണ് ജെഎംഎം-കോൺഗ്രസ് സഖ്യത്തിനുള്ളത്. എൻഡിഎക്ക് 30 എംഎൽഎമാരുണ്ട്. ബിഹാറിൽ എൻഡിഎ സഖ്യസർക്കാരിൽ നിന്ന് ജെഡിയു വിട്ടത് ബിജെപിക്ക് തിരിച്ചടിയിരുന്നു. ഇത് മറികടക്കാൻ ഝാർഖണ്ഡിലെ ഭരണം പിടിക്കാനുള്ള അണിയറ നീക്കമാണ് ബിജെപി നടത്തുന്നത്.
ബിജെപിയുടെ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത നടപടി തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപി കമ്മിഷൻ ആയി മാറിയെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച കുറ്റപ്പെടുത്തി.

ബിജെപിയുമായി സഖ്യമില്ലെന്ന് എന്‍പിപി

ഷില്ലോങ്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മേഘാലയയിൽ നിന്നുള്ള എൻഡിഎ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി. പാര്‍ട്ടി ചെയര്‍മാനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷമാണ് മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം കേന്ദ്രത്തിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യകക്ഷിയായി തുടരുമെന്ന് സാങ്മ വ്യക്തമാക്കി. എൻപിപിയും ബിജെപിയും ആശയപരമായി വിവിധ വിഷയങ്ങളിൽ വിയോജിപ്പുണ്ട്. ഒരു പാർട്ടി എന്ന നിലയിൽ ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വികാരങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. ഒരു സംസ്ഥാനത്തും മറ്റാെരു പാർട്ടിയുമായും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയിട്ടില്ല.
2018ലെ മേഘാലയ തെരഞ്ഞെടുപ്പിൽ എൻപിപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാൽ 21 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായപ്പോൾ എൻപിപി 19 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. ബിജെപിക്ക് രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണെങ്കിലും എന്‍പിപിക്ക് ദേശീയപാര്‍ട്ടി പദവിയുണ്ട്.

Eng­lish Sum­ma­ry: Resort pol­i­tics in Jhark­hand; BJP for horse trading

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.